ഈ വര്‍ഷത്തെ ഇന്ത്യന്‍ പനോരമ സെലക്ഷന് കമ്മിറ്റിയിലെ അംഗങ്ങളില്‍ ഒരാളായിരുന്നു നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷിബു ജി. സുശീലന്. 354 ചിത്രങ്ങളായിരുന്നു ഇത്തവണ ഇന്ത്യന്‍ പനോരമയില്‍ മത്സരിക്കാനെത്തിയത്. അതില്‍നിന്ന് മികച്ച ചിത്രങ്ങളെ കണ്ടെത്തിയ ദൗത്യത്തെക്കുറിച്ചും പനോരമയിലെ തന്റെ ആദ്യ അനുഭവങ്ങളെക്കുറിച്ചും തുറന്നു പറയുകയാണ് ഷിബു ജി. സുശീലന്.
‘ഞാനടക്കം 12 പേരായിരുന്നു ജൂറി അംഗങ്ങള്‍. വിവിധ ഭാഷാ സിനിമകളിലെ പ്രഗത്ഭന്മാരായിരുന്നു അവരെല്ലാം. പ്രശസ്ത സംവിധായകനും എഡിറ്ററുമായ വിനോദ് ഗണത്രയായിരുന്നു ജൂറി ചെയര്മാന്. ഫീച്ചര്‍ഫിലിം വിഭാഗത്തില്‍ ഇത്തവണ 354 ചിത്രങ്ങളാണ് സെലക്ഷന് കമ്മിറ്റിക്ക് മുന്നിലെത്തിയത്. മലയാളത്തില്‍നിന്നും ഹിന്ദിയില്‍നിന്നും 60 വീതം ചിത്രങ്ങളുണ്ടായിരുന്നു. ജൂറി നാല് വിഭാഗങ്ങളായി തിരിഞ്ഞാണ് സിനിമ കണ്ടത്. 12 പന്ത്രണ്ട് ജൂറി അംഗങ്ങളില്‍നിന്ന് ഏഴ് വോെട്ടങ്കിലും ലഭിക്കുന്ന സിനിമകളാണ് ഇന്ത്യന്‍ പനോരമയിലേയ്ക്ക് സെലക്ട് ചെയ്യപ്പെടുന്നത്.’
‘മലയാള സിനിമയില്‍നിന്നും ശക്തമായ മത്സരങ്ങള്‍ ഉണ്ടായിരുന്നു. ഭീഷ്മപര്‍വ്വവും ഓട്ടോറിക്ഷക്കാരന്റെ ഭാര്യയും അറിയിപ്പും അടിത്തട്ടും സൗദി വെള്ളക്കയും അവസാന റൗണ്ട് വരെ മത്സര രംഗത്തുണ്ടായിരുന്ന ചിത്രങ്ങളായിരുന്നു. മറ്റു സിനിമകളുടെ സ്വാധീനം ചൂണ്ടിക്കാട്ടിയാണ് ഭീഷ്ണപര്വ്വം പിന്തള്ളപ്പെട്ടത്. ജൂറി വോട്ടുകളുടെ കുറവാണ് ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ പുറത്തുപോകാന്‍ ഇടയായത്. ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ മലയാളചിത്രം സൗദി വെള്ളക്കയാണ്. ഇരുള ഭാഷയില്‍നിന്നാണ് മത്സരിച്ചതെങ്കിലും മലയാളിയായ പ്രിയനന്ദന് സംവിധാനം ചെയ്ത ധബാരി ക്യുരുവിയും കൂടുതല്‍ വോട്ട് നേടിയ ചിത്രമാണ്. തൊട്ടുപിറകിലായിരുന്നു മഹേഷ് നാരായണന് സംവിധാനം ചെയ്ത അറിയിപ്പിന്റെ സ്ഥാനം.’
‘ഇന്ത്യയിലെ വിവിധ ഭാഷാചിത്രങ്ങളെ പരിചയപ്പെടാന്‍ കഴിഞ്ഞതാണ് ജൂറി അംഗമെന്ന നിലയില്‍ എന്നെ ഏറെ സന്തോഷിപ്പിച്ചത്. അവിടുത്തെ കലാകാരന്മാരുടെ മികച്ച പ്രകടനങ്ങള്‍ അടുത്തറിയാനും അവസരമുണ്ടായി. ഏത് ഭാഷാചിത്രവുമാകട്ടെ അവിടെയെല്ലാം പൊതുവായി ചര്‍ച്ച ചെയ്യപ്പെട്ട ചില വിഷയങ്ങളുണ്ടായിരുന്നു. അതിലൊന്ന് ലൈംഗിക അരാജകത്വമാണ്. മറ്റൊന്ന് കുടുംബ പ്രശ്നങ്ങളും. ഇന്നത്തെ സമൂഹം ഏറ്റവുമധികം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഇതൊക്കെതന്നെയണെന്ന് അത് അടിവരയിട്ട് പറയുന്നു.’ ഷിബു ജി. സുശീലന് പറഞ്ഞു.
Recent Comments