പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താൻ ആർട്ടിസ്റ്റുകൾക്കെതിരെ ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനിമ എംപ്ലോയീസ് (എഫ്ഡബ്ല്യുഐസിഇ) അനിശ്ചിതകാല വിലക്ക് പ്രഖ്യാപിച്ചു. പാകിസ്താനി നടൻ ഫവദ് ഖാൻ പ്രധാന കഥാപാത്രമായി അഭിനയിച്ചിരിക്കുന്ന അബിർ ഗുലാൽ എന്ന ബോളിവുഡ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഫെഡറേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.
“കശ്മീരിലെ പഹൽഗാമിൽ നിരപരാധികളായ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഹീനവും ഭീരുത്വപരവുമായ ആക്രമണത്തിൽ ഫെഡറേഷൻ ശക്തമായി അപലപിക്കുന്നു. ലഷ്കർ ഇ തൊയ്ബയുടെ പ്രതിനിധിയായ ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ നടത്തിയ ഈ നിന്ദ്യകൃത്യം മതസമൂഹത്തെ ലക്ഷ്യമിട്ടുള്ളതായിരുന്നു. 2019-ലെ പുൽവാമ ആക്രമണത്തിൻ്റെ ഭീകരതയെ ഇത് ഓർമ്മപ്പെടുത്തുന്നു,” എന്നുമാണ് പ്രസ്താവന.
ദേശീയ താൽപര്യത്തിനും ഐക്യദാർഢ്യത്തിനുമുള്ള അചഞ്ചലമായ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ച എഫ്ഡബ്ല്യുഐസിഇ, 2019 ഫെബ്രുവരി 18-ന് പ്രഖ്യാപിച്ചിരുന്ന നിർദ്ദേശം വീണ്ടും ആവർത്തിച്ചു. അത് പ്രകാരം, ഇന്ത്യൻ ചലച്ചിത്ര-വിനോദ വ്യവസായത്തിൽ പ്രവർത്തിക്കുന്നവർ പാകിസ്താനിൽ നിന്നുള്ള ആർട്ടിസ്റ്റുകളുമായി സഹകരിക്കരുതെന്നും ആവർത്തിച്ചു.
സംഘടനയിലെയോ അനുബന്ധ സംഘടനകളിൽ ചേരുന്ന അഭിനേതാക്കൾ, സംവിധായകർ, നിർമാതാക്കൾ, സാങ്കേതിക വിദഗ്ദർ തുടങ്ങിയവർ ഈ നിർദ്ദേശം ലംഘിച്ചാൽ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. ആർതി എസ് ബാഗ്ഡി സംവിധാനം ചെയ്യുന്ന ‘അബിർ ഗുലാലിൽ’ ഫവദ് ഖാനും വാണി കപൂറും പ്രധാന വേഷങ്ങളിലെത്തുന്നു.
പഹൽഗാം ആക്രമണത്തിന് പിന്നാലെ വാണി കപൂർ സിനിമയുടെ പ്രമോഷനിൽ പങ്കെടുത്തതിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നു. തുടർന്ന്, സിനിമ സംബന്ധിച്ച പോസ്റ്റുകൾ നടി നീക്കിയെന്നാണ് റിപ്പോർട്ടുകൾ. മെയ് അഞ്ചാം തീയതിയാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാല് ഇപ്പോൾ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്.
ഏ ദിൽ ഹെ മുശ്കിൽ, കപൂർ ആന്റ് സൺസ് തുടങ്ങിയ സിനിമകളിലൂടെ ഇന്ത്യയിൽ ജനശ്രദ്ധ നേടിയ നടനാണ് ഫവദ് ഖാൻ. 2016-ലെ ഉറി ആക്രമണത്തിനു ശേഷം പാക് താരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. കുറേ വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം ബോളിവുഡിലേക്ക് മടങ്ങിയത്. പഹൽഗാം ആക്രമണത്തെ ഫവദ് ഖാൻ അപലപിച്ചിട്ടുണ്ടെങ്കിലും പുതിയ ഭീകരാക്രമണം വീണ്ടും താരത്തെയും സിനിമയെയും വിവാദത്തിലാക്കി.
Recent Comments