സംഗീതജ്ഞന് രമേഷ് നാരായണുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടന് ആസിഫ് അലി. സംഭവത്തില്‍ പ്രതികരിക്കേണ്ട എന്നാണ് കരുതിയതെന്നും രമേഷ് നാരായണിനെതിരെ നടക്കുന്ന ഹേറ്റ് ക്യാമ്പയ്ന് കണ്ടതുകൊണ്ടാണ് ഇപ്പോള്‍ രംഗത്ത് വന്നതെന്നും നടന് വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളില്‍നിന്ന് ലഭിക്കുന്ന പിന്തുണയില്‍ സന്തോഷമുണ്ടെന്നും ആസിഫ് പറഞ്ഞു. വിവാദസംഭവത്തിന് പിന്നാലെ ആദ്യമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.
തുടര്‍ സംസാരം വേണ്ടെന്നു വെച്ചതാണ്. എന്നാല്‍ രമേശ് നാരായണ്‍ സാറിനെതിരെ നടക്കുന്ന ഹേറ്റ് ക്യാമ്പയ്ന് കണ്ടതുകൊണ്ടാണ് സംസാരിക്കേണ്ടി വന്നത്. തനിക്ക് വിഷമമോ പരിഭവമോ ഇല്ല. അദ്ദേഹത്തിന്റെ പേര് തെറ്റി വിളിച്ചു, ആദ്യം വിളിക്കാനും മറന്നു. സ്വാഭാവിക പിരിമുറുക്കം അദ്ദേഹത്തിന് സംഭവിച്ചിരിക്കാം. എനിക്ക് അതില്‍ വേറെ ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടായിട്ടില്ല. മതപരമായി വരെ ചര്‍ച്ചകള്‍ ഉയര്‍ന്നു. ഇന്ന് രാവിലെ അദ്ദേഹവുമായി ഞാന്‍ ഫോണില്‍ സംസാരിച്ചു. മോനെ പ്ലീസ് കോള്‍ ബാക്ക് എന്നൊരു മെസ്സേജ് രമേഷ് സാര്‍ അയച്ചു. ശബ്ദം ഇടറുന്നതായി തോന്നി. അതെനിക്ക് ഒരുപാട് വിഷമം ഉണ്ടാക്കി. അത്രയും സീനിയര്‍ ആയിട്ടുള്ള അദ്ദേഹത്തെ കൊണ്ട് മാപ്പ് പറയിപ്പിക്കുന്ന അവസ്ഥവരെ കൊണ്ടെത്തിച്ചു. അദ്ദേഹത്തെ പോലെ ഒരാള്‍ ക്ഷമ പറയേണ്ടതില്ല. സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ച പിന്തുണയില്‍ അതിയായ സന്തോഷം ഉണ്ട്. പക്ഷേ അദ്ദേഹത്തിന് എതിരെ ഹേറ്റ് ക്യാമ്പയ്ന് നടക്കുന്നതിനോട് ഒട്ടും യോജിപ്പില്ല. അദ്ദേഹം മനഃപൂര്‍വം അങ്ങനെ ചെയ്തതല്ല. അങ്ങനെ ചെയ്യുന്ന ആളുമല്ല. ഒരു കലാകാരനും അങ്ങനെ ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എതിരെ നില്ക്കുന്നവന്റെ മനസൊന്ന് അറിയാന്‍ ശ്രമിച്ചാല്‍ തീരുന്ന പ്രശ്നമല്ലേ ഉള്ളൂ. അദ്ദേഹത്തിന് ആ മൊമന്റില്‍ ഉണ്ടായ എന്തോ ഒരു ടെന്‍ഷന്‍ ആയിരിക്കണം അങ്ങനെയൊക്കെ സംഭവിക്കാന്‍ കാരണം. അത്രയും സീനിയര്‍ ആയിട്ടുള്ള ഒരാള്‍ ഞാന്‍ കാരണം വിഷമിക്കാന്‍ പാടില്ല. അദ്ദേഹം എന്നെ അപമാനിച്ചതായി എനിക്ക് ഫീല്‍ ചെയ്തിട്ടുമില്ല. അതുകൊണ്ട് ഈ വിവാദം ഇവിടെ അവസാനിപ്പിക്കേണ്ടതാണ്.
Recent Comments