അജിത്ത് നായകനായി എത്തിയ പുതിയ ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ ബോക്സോഫീസില്‍ മികച്ച മുന്നേറ്റമാണ് തുടരുന്നത്. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം തമിഴ് പുതുവത്സരവുമായി ബന്ധപ്പെട്ട എക്സ്റ്റന്‍ഡഡ് വീക്കെന്റ് ആശ്രയിച്ച് വലിയ കളക്ഷനാണ് നേടിയിരിക്കുന്നത്.
ബോക്സോഫീസ് ട്രാക്കര്‍മാരായ സാക്ക്നില്ക് ഡോട്ട് കോമിന്റെ കണക്കുകള്‍ പ്രകാരം, അജിത്തിന്റെ മുമ്പത്തെ ചിത്രം ‘വിഡാമുയര്‍ച്ചി’യുടെ 136 കോടിയിലേറെ ലൈഫ് ടൈം കളക്ഷന്‍ ‘ഗുഡ് ബാഡ് അഗ്ലി’ നാല് ദിവസത്തിനുള്ളില്‍ പിന്നിട്ടുവെന്നാണ് റിപ്പോര്‍ട്ട്.
‘ഡ്രാഗണ്‍’ എന്ന ചിത്രത്തിന്റെ 152 കോടിയുടെ റെക്കോര്‍ഡും ഈ ആക്ഷന്‍ സിനിമ മറികടക്കാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അഞ്ചാം ദിവസത്തെ ആഗോള കളക്ഷന്‍ പുറത്തുവന്നാല്‍ ഇത് സ്ഥിരീകരിക്കപ്പെടും.
ദേശീയമായും ഗുഡ് ബാഡ് അഗ്ലിക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. തമിഴ് പുതുവത്സരം, വിഷു എന്നിവയുമായി ബന്ധപ്പെട്ട അവധിദിനങ്ങളിലെ തിങ്കളാഴ്ച മാത്രം ചിത്രത്തിന് 15 കോടി രൂപയുടെ നെറ്റ് കളക്ഷന്‍ ഇന്ത്യയില്‍ നിന്നാണ് ലഭിച്ചത്. ഇതോടെ ഇന്ത്യന്‍ ബോക്സോഫീസ് കളക്ഷന്‍ 101.3 കോടി രൂപയായി.
സുനില്‍, ഷൈന്‍ ടോം ചാക്കോ, പ്രസന്ന, ജാക്കി ഷെറോഫ്, തൃഷ, സിമ്രാന് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. മൈത്രി മൂവിമേക്കേഴ്സും ടി-സീരിസുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജിവി പ്രകാശ് കുമാര്‍ സംഗീതം നല്‍കിയിരിക്കുന്ന ചിത്രം ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയ്നറായി മുന്നേറുകയാണ്.
Recent Comments