മോഹന്‍ലാല്‍-ലിജോജോസ് പെല്ലിശ്ശേരി ചിത്രത്തെക്കുറിച്ച് അവിടെയും ഇവിടെയും തൊടാതെയുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വന്നുകൊണ്ടിരുന്നത്. എന്നാല്‍ തൊട്ടുമുമ്പ് മോഹന്‍ലാല്‍തന്നെ ഇതിനെ സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയിലെ പ്രതിഭാധനനായ സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമായിരിക്കും തന്റെ അടുത്ത പ്രൊജക്ടെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ലിജോ പെല്ലിശ്ശേരിക്കൊപ്പം നില്ക്കുന്ന ഫോട്ടോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
മുന്‍മന്ത്രിയും ലാലിന്റെ ആത്മമിത്രവുമായ ഷിബു ബേബിജോണാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ജോണ്‍ & മേരി ക്രിയേറ്റീവ് എന്നാണ് നിര്‍മ്മാണകമ്പനിയുടെ പേര്. ഷിബുവിന്റെ മാതാപിതാക്കളുടെ പേരില്‍ ആരംഭിച്ചതാണ് ഈ കമ്പനി. മാസങ്ങള്‍ക്കുമുമ്പ് മോഹന്‍ലാല്‍ തന്നെയാണ് കമ്പനിയുടെ ലോഗോ ലോഞ്ച് ചെയ്തത്. ഈ ബാനറിലെ ആദ്യചിത്രത്തിലെ നായകന് മോഹന്‍ലാല്‍ ആയിരിക്കുമെന്നും അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്നുപക്ഷേ വിവേകായിരുന്നു (അതിരന്റെ സംവിധായകന്) ആ ചിത്രം സംവിധാനം ചെയ്യാനിരുന്നത്. കഥയുടെ കാര്യത്തില്‍ കൃത്യത വരാത്തതുകൊണ്ട് ആ പ്രോജക്ട് മാറ്റിവയ്ക്കപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ലിജോ പെല്ലിശ്ശേരിയുടെ പ്രൊജക്ടിനൊപ്പം മുന്നോട്ട് പോകാന്‍ തീരുമാനിക്കുന്നത്. ജോണ്‍ & മേരി ക്രിയേറ്റീവ്സിനൊപ്പം കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും കെ.സി. ബാബുവിന്റെ മാക്സ് ലാബും നിര്‍മ്മാണ പങ്കാളികളാണ്.
ജനുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. രാജസ്ഥാനാണ് പ്രധാന ലൊക്കേഷന്‍. സാങ്കേതിക പ്രവര്‍ത്തകരെയും താരങ്ങളെയും വൈകാതെ പ്രഖ്യാപിക്കും.
നായകന്, സിറ്റി ഓഫ് ഗോഡ്, ആമേന്‍, ഡബിള്‍ ബാരല്‍, അങ്കമാലി ഡയറീസ്, ഈമയൗ, ജല്ലിക്കട്ട്, ചുരുളി, നന്‍പകല്‍ നേരത്ത് മയക്കം എന്നീ ചിത്രങ്ങള്‍ക്കുശേഷം ലിജോ പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണിത്. ജല്ലിക്കട്ടിലൂടെയാണ് ലിജോ രാജ്യാന്തരപ്രശസ്തിയിലേയ്ക്കുയര്ന്നത്. ലിജോയുടെ ചുരുളിയും ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഏറ്റവുമൊടുവില്‍ മമ്മൂട്ടിക്കൊപ്പം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. മമ്മൂട്ടിക്കുശേഷം ഒരു ലാല്‍ചിത്രം സംവിധാനം ചെയ്യാനുള്ള അപൂര്വ്വഭാഗ്യംകൂടിയാണ് ലിജോയ്ക്ക് കൈവന്നിരിക്കുന്നത്.
Recent Comments