ജോക്കര്‍ എന്ന ഹോളിവുഡ് ചിത്രം ഇറങ്ങിയപ്പോള്‍ അതിലെ നായകകഥാപാത്രം അവതരിപ്പിക്കാന്‍ മലയാളത്തിലെ ഏത് നടനെ കൊണ്ട് സാധിക്കുമെന്നൊരു ചോദ്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. മലയാള സിനിമയുടെ ചരിത്രമറിയുന്നവര്‍ എല്ലാം ഒരേസ്വരത്തില്‍ പറഞ്ഞു ‘ഭരത് ഗോപി’. കഥാപാത്രത്തിന്റെ പൂര്‍ണതയിലേക്ക് ഇറങ്ങി ചെന്ന് അഴിഞ്ഞാടാന്‍ കഴിയുന്ന മലയാളത്തിന്റെ മഹാനടന്. നടന്മാരില് മഹാനായ നടന്… ഭരത് ഗോപിയെന്നും കൊടിയേറ്റം ഗോപിയെന്നും മലയാളി വിളിച്ച ഇതിഹാസം അരങ്ങൊഴിഞ്ഞിട്ട് ഇന്ന് 16 വര്‍ഷങ്ങള്‍…
എഴുപതുകളുടെ അവസാനത്തിലും എണ്‍പതുകളുടെ ആദ്യവും മലയാള ചലച്ചിത്ര വേദിയുടെ മാറ്റത്തിന്റെ മുഖമായിരുന്നു വി. ഗോപിനാഥന് നായര്‍ എന്ന ഗോപി. നാടകവേദിയില്‍ നിന്നും ചലച്ചിത്രരംഗത്ത് ഗോപിയെ കൊണ്ട് വന്നത് അടൂര്‍ ഗോപാലകൃഷ്ണനായിരുന്നു. ചിത്രം സ്വയംവരം. അടൂരിന്റെ ‘കൊടിയേറ്റം’ എന്ന ചിത്രത്തില്‍ ലോറി ഡ്രൈവറുടെ സഹായിയായ ശങ്കരന്‍കുട്ടിയായി മാറി. അതോടെ കൊടിയേറ്റം ഗോപിയെന്ന് ലോകം സ്നേഹത്തോടെ ഗോപിയെ വിളിച്ചു തുടങ്ങി. കൊടിയേറ്റത്തിലെ അഭിനയത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമാ നടനുള്ള ‘ഭരത്’ അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു. ‘ഭരത്’ പട്ടം നേടുന്ന അവസാന നടന് കൂടിയാണ് ഗോപി. (ഭരത്, ഉര്‍വ്വശി പട്ടങ്ങള്‍ 1977 ല്‍ നിര്‍ത്തലാക്കി).
ഗോപിയുടെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു കെ.ജി. ജോര്‍ജിന്റെ ‘യവനിക’യിലെ തബലിസ്റ്റ് അയ്യപ്പന്. ഇടഞ്ഞുകൊട്ടുന്ന തബല പോലെ പിടിവിട്ട് തെറിച്ചുനില്ക്കുന്ന ഒരു താളം അയ്യപ്പനില്‍ ഗോപി കണ്ടെത്തുന്നു. തബലയുടെ പെരുക്കത്തില്‍ തന്റെ ഇടഞ്ഞശരീരത്തെ പ്രോകോപനപരമായി ഗോപി വിടര്ത്തിയെടുക്കുന്നതും ചില സീനുകളില്‍ കാണാന്‍ കഴിയും. അതിന് മെലിഞ്ഞ ശരീരവും ജുബ്ബയും തലമുടിയുമെല്ലാം ഗോപി എന്ന നടന് പ്രയോജനപ്പെടുത്തുന്നുണ്ട്.
ആ കാലഘട്ടത്തില്‍ ഒരു നടനു ആവശ്യമായ, സമൂഹം കരുതിയിരുന്ന യാതൊരു ശാരീരീരിക യോഗ്യതയും ഗോപിക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ ഗോപിയുടെ കരിയര്‍ കുറച്ചങ്ങോട്ടു പോയപ്പോള്‍ അദ്ദേഹത്തിനും സംവിധായകര്‍ക്കും ശരീരം ഒരു ചിന്താവിഷയമല്ലാതയായി തീര്‍ന്നു. വളരെ കുറച്ചു സിനിമകളിലേ ഗോപി വിഗ്ഗുപോലും ഉപയോഗിച്ചിട്ടുള്ളൂ.
ഗോപിയെ ഏറ്റവും ആകര്‍ഷിച്ചിട്ടുള്ള നടന് പി.ജെ. ആന്റണിയായിരുന്നു. ആന്റണിയുടെ ഓരോ ചലനത്തില്‍പോലും നമുക്ക് കഥാപാത്രങ്ങളെ കാണാന്‍ കഴിയും എന്ന് ഗോപി അഭിപ്രായപ്പെട്ടിട്ടുണ്ട്. ആ പ്രത്യേകത തന്നെയാണ് ഗോപിയുടെ അഭിനയത്തിലും കാണാന്‍ കഴിയുന്നത്. ഭരത് ഗോപിയുടെ അഭിനയകല കഥാപാത്രത്തെ അടിത്തട്ടില്‍ ചെന്നു കണ്ടെത്തുന്നതിനുള്ള വ്യഗ്രതയോടൊപ്പം അതിനു തടസമാകാനിടയുള്ള ഘടകങ്ങളെ പുറത്തുനിര്‍ത്തുന്ന ജാഗ്രതയും ഉള്‍ക്കൊള്ളുന്നു എന്നാണ് സത്യജിത്ത് റേ നിരീക്ഷിച്ചത്.
1986ല്‍ പക്ഷാഘാതം വന്ന് തളര്‍ന്ന അദ്ദേഹം ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം 1992ല്‍ പാഥേയത്തിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് മടങ്ങിവന്നത്. ആരോഗ്യ സ്ഥിതി അനുവദിക്കാത്തതിനാല്‍ പിന്നീട് ഗോപി വളരെ കുറച്ചു ചിത്രങ്ങളില്‍ മാത്രമെ അഭിനയിച്ചുള്ളൂ.
1978, 82, 83, 85 വര്‍ഷങ്ങളില്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡുകളും ഗോപിയെ തേടിയെത്തി. 1985-ല്‍ ടോക്കിയോയില്‍ നടന്ന ഏഷ്യാ പസഫിക് മേളയില്‍ നല്ല നടനുള്ള പ്രത്യേക പുരസ്കാരവും നേടി. 1991-ലെ പത്മശ്രീ പുരസ്കാരമടക്കം മറ്റ് പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര ബഹുമതികളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഞാറ്റടി, ഉത്സവപ്പിറ്റേന്ന്, യമനം, എന്റെ ഹൃദയത്തിന്റെ ഉടമ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം അഭിനയം അനുഭവം, നാടകനിയോഗം എന്നിങ്ങനെ രണ്ടു പുസ്തകങ്ങളും രചിച്ചു. 2008 ജനുവരി 24-ന് ദേ ഇങ്ങോട്ട് നോക്കിയേ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗോപി ജനുവരി 29-ാം തീയതി അന്തരിച്ചു.
Recent Comments