കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസിലെ രേഖകള്‍ ക്രൈം ബ്രാഞ്ചിന് കൈമാറാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നിര്‍ദേശം നല്കി ഹൈക്കോടതി. ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ക്കാണ് രേഖകള്‍ കൈമാറേണ്ടത്. രണ്ട് മാസത്തിനുള്ളില്‍ രേഖകളിന്മേലുള്ള പരിശോധന ക്രൈം ബ്രാഞ്ച് പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശം നല്കി. ഹൈക്കോടതി നിര്‍ദേശം ഇഡി ക്ക് തിരിച്ചടിയാണെന്നും സിപിഎമ്മിനു അനുകൂലമാണെന്നും വ്യഖ്യാനിക്കപ്പെടുന്നു
കരുവന്നൂരിലെ കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തുന്ന ഇഡി രേഖകള്‍ അടക്കം കസ്റ്റഡിയിലെടുത്തിരുന്നു. കരുവന്നൂരിലെ തട്ടിപ്പ് സംബന്ധിച്ച കേസുകളിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇഡി കസ്റ്റഡിയിലെടുത്ത രേഖകള്‍ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടെങ്കിലും നല്കാന് ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല. കേസ് അട്ടിമറിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രേഖകള്‍ നല്കാന് ഇഡി വിസമ്മതിച്ചത്. ഇതിലാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്
കേസില്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസുള്‍പ്പെടെ പ്രമുഖ സിപിഎം നേതാക്കളെ പ്രതികളാക്കാനുള്ള നീക്കത്തിലാണ് ഇഡി. അനധികൃത വായ്പകളില്‍ നിന്ന് സിപിഎം വിഹിതം കൈപ്പറ്റിയെന്നും ആ പണം കൊണ്ടാണ് പാര്‍ട്ടി ഓഫീസ് പണിയാന്‍ ജില്ലാ സെക്രട്ടറിയുടെ പേരില്‍ സ്ഥലം വാങ്ങിയതെന്നും ഇഡി സ്ഥിരീകരിക്കുന്നുണ്ട് .സെന്റിന് പത്തുലക്ഷം വച്ച് വാങ്ങിയ മൂന്നു സെന്റ് ഇഡി കണ്ടുകെട്ടുകയും ചെയ്തു. സിപിഎമ്മിന്റെ വിവിധ ലോക്കല്‍ കമ്മിറ്റികളുടെ വെളിപ്പെടുത്താത്ത എട്ട് അക്കൗണ്ടുകളില്‍ നിന്നായി ഏതാണ്ട് മുപ്പത് കോടി രൂപ ഇഡി കണ്ടുകെട്ടിയിരുന്നു.
സിപിഎം ജില്ലാ കമ്മിറ്റിയുടെ അനുവാദത്തോടെയാണ് സെക്രട്ടറിയും ഭരണസമിതിയും അന്നത്തെ ബാങ്ക് മാനേജരും ചേര്‍ന്ന് ബിനാമിയായും അനധികൃതമായും വായ്പകള്‍ അനുവദിച്ചതെന്നാണ് സുപ്രധാന കണ്ടെത്തല്‍. ഈടായി നല്കിയ വസ്തുവിന്റെ വിലയേക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് ബാങ്ക് അംഗങ്ങള്‍ അല്ലാത്തവര്‍ക്ക് പോലും ബിനാമി വായ്പകള്‍ നല്കി.ഒരേ സ്ഥലംതന്നെ ഒന്നിലേറെ അംഗങ്ങള്‍ ഈടുവച്ചും തട്ടിപ്പ് നടത്തിയെന്നും ഇഡി വ്യക്തമാക്കിയിരുന്നു.
Recent Comments