‘അമ്മമ്മയ്ക്ക് യേശുദാസിനെ മാത്രമേ അറിയുള്ളു എന്ന് തോന്നുന്നു. ഇപ്പോള്‍ അഡ്നാന് സ്വാമിയാണ് ക്രേസ്.’
നന്ദനം സിനിമയില്‍ പൃഥ്വിരാജിന്റെ കഥാപാത്രം കവിയൂര്‍ പൊന്നമ്മയോട് ചോദിക്കുന്ന ചോദ്യമാണിത് . അതിന് അവരുടെ കഥാപാത്രം കൊടുത്ത മറുപടി ശ്രദ്ധയമാണ് .
‘ഏത് അയ്യത്തറ സ്വാമി വന്നിട്ടും കാര്യമില്ല . ഇത് സാക്ഷാല്‍ മണ്ണിലിറങ്ങിയ ഗന്ധര്‍വനാ….’
യേശുദാസ് എന്ന സംഗീത ലോകത്തെ മഹാമേരുവിനെ സംബന്ധിച്ച് ഇത് ഏതോ ഒരു ചിത്രത്തിലെ ഡയലോഗ് മാത്രം. എന്നാല്‍ ഈ ഡയലോഗില്‍ മലയാളിയുടെ വികാരം പ്രതിഫലിക്കുന്നുണ്ട്, യേശുദാസ് എന്താണെന്ന് ഈ ഡയലോഗില്‍ ഒളിഞ്ഞിരിക്കുന്നു. തീര്‍ന്നില്ല, ചിത്രത്തിലുടനീളം ഗുരുവായൂരപ്പന്റെയും യേശുദാസിന്റെ ഫോട്ടോയില്‍ ഒരു പ്രഭാവലയമുള്ളതായി കാണാം. പ്രഭാവലയം വേറെ ആരുടെയെങ്കിലും ഫോട്ടോയിലായിരുന്നെങ്കില് കൂവല്‍ കൊണ്ടൊരു ഗാനാര്ച്ചനയയായിരിക്കും മലയാളി പ്രേക്ഷകരുടെ പ്രതികരണം.
മനുഷ്യനെ ദൈവമായി പ്രതിഷ്ഠിക്കുന്നു എന്നതായിരിക്കും ആരോപിക്കപ്പെടുന്ന കുറ്റം. എന്നാല്‍ നന്ദനത്തിലെ യേശുദാസിന്റെ ഫോട്ടോ കണ്ടിട്ട് ഇന്നേവരെ ആരും കൂവിയിട്ടില്ല. കാരണം പ്രേക്ഷകര്‍ക്ക് അറിയാം ഇയാള്‍ ദൈവത്തിനും മനുഷ്യനുമിടയില്‍ നില്ക്കുന്ന സംഗീതത്തിന്റെ ഇടനിലക്കാരനാണെന്ന്. അതെ, ദൈവത്തിനും മനുഷ്യനുമിടയിലെ ‘ശബ്ദരേഖ’.
ആ ശബ്ദരേഖ ഇന്ന് ശതാഭിഷിക്തനായി. പക്ഷേ 84 വയസ്സിന്റെ പഴക്കമൊന്നും ആ ശബ്ദത്തിന് അവകാശപ്പെടാന്‍ കഴിയുന്നതല്ല. വര്‍ഷങ്ങളെ വെറും അക്കങ്ങളായി കാണുന്നതാവും നന്ന്. കാരണം അക്കങ്ങള്‍ കൊണ്ട് അളന്നാല്‍ അരലക്ഷത്തിലും അധികം ഗാനങ്ങളാണ് ‘ശബ്ദപഞ്ചരത്തില്’ നിന്ന് പിറവിയെടുത്തത്.
സംഗീതത്തിന്റെ ചക്രവര്‍ത്തി എന്നല്ല സംഗീത ഉപാസകന് എന്ന രീതിയിലാണ് ദാസേട്ടനെ എപ്പോഴും വിശേഷിപ്പിക്കാറ്. ആലാപനം എന്നത് തൊഴിലിനപ്പുറമുള്ള വിശുദ്ധി നിറഞ്ഞ ഒന്നാണ് എന്ന് അദ്ദേഹം ഇപ്പോഴും വിശ്വസിക്കുന്നു. ശബ്ദത്തിന് ഒരു പോറല്‍ പോലും പറ്റാതെ സൂക്ഷിക്കുന്നതിലെ അദ്ദേഹത്തിന്റെ നിഷ്ഠയുടെ വിജയം കൂടിയാണ് യേശുദാസ് എന്ന പ്രതിഭ.
ഗായകനും നടനുമായിരുന്ന പിതാവ് അഗസ്റ്റിന് ജോസഫ് തന്നെയായിരുന്നു യേശുദാസിന്റെ ആദ്യ ഗുരു. ദാരിദ്ര്യവും കഷ്ടപ്പാടുകളും വേട്ടയാടിയ ചെറുപ്പത്തിലും സംഗീതത്തെ യേശുദാസ് കൈവിട്ടില്ല. തൃപ്പൂണിത്തുറ ആര്‍എല്‍വി സംഗീത കോളജില്‍ നിന്നായിരുന്നു ശാസ്ത്രീയ സംഗീതം അഭ്യസിച്ചത്. ആകാശവാണി തിരുവനന്തപുരം നിലയം ലളിത സംഗീതത്തിന്റെ ഓഡിഷന് ദാസും പ്രതീക്ഷയോടെ അപേക്ഷ അയച്ചു. ഏതാനും ദിവസം കഴിഞ്ഞ് ആകാശവാണിയില്‍നിന്ന് അറിയിപ്പെത്തി. ‘താങ്കളുടെ ശബ്ദം പാട്ടിനു കൊള്ളില്ല!’
1961 നവംബര്‍ 14നാണ് ‘കാല്പാടുകള്’ എന്ന സിനിമയ്ക്കായി 21 വയസ്സുകാരനായ യേശുദാസിന്റെ സ്വരം ചെന്നൈയിലെ ഭരണി സ്റ്റുഡിയോയില്‍ ആദ്യമായി റിക്കോര്‍ഡ് ചെയ്തത്. അങ്ങനെ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീര്‍ത്തനം പാടി യേശുദാസ് ചലച്ചിത്ര സംഗീതലോകത്ത് ഹരിശ്രീ കുറിച്ചു.
കാലം മുന്നോട്ട് നീങ്ങുമ്പോള്‍ റോസി എന്ന ചിത്രത്തില്‍ ഉദയഭാനു പാടേണ്ടിയിരുന്ന പാട്ട് അവിചാരിതമായി ദാസിനെ തേടി എത്തി. മലയാള സിനിമാചരിത്രത്തിലെ ആദ്യ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് എന്നു വിശേഷിപ്പിക്കാവുന്ന പ്രണയഗാനമായി റോസിയിലെ ‘അല്ലിയാമ്പല്‍ കടവ്’ മാറി. നല്ല ഗായകന് എന്നതില്‍നിന്ന് ക്ലാസിക് ഗായകന് എന്ന തലത്തിലേക്ക് ദാസിന് ഉയര്‍ച്ച നല്കാന് തലേ വര്‍ഷമിറങ്ങിയ ‘താമസമെന്തേ വരുവാന്‍…’ ഉപകരിച്ചിരുന്നു. ‘അല്ലിയാമ്പല്‍ കടവ്’ കൂടി എത്തിയതോടെ യേശുദാസ് മറ്റാരും കടന്നുചെന്നിട്ടില്ലാത്തത്ര ഔന്നത്യമുള്ള പാട്ടുകാരനായി. ഉന്നതമായ റേഞ്ചും ശബ്ദസൗന്ദര്യവും സമന്വയിക്കുന്ന ഒരു ഗായകനെ മലയാളം ആദ്യമായി കേള്‍ക്കുകയായിരുന്നു.
മലയാള ഗായകര്‍ക്കിടയിലെ ആദ്യസൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്കു ദാസ് ആദ്യ ചുവടു വച്ചത് 1965ലാണ്. ഇന്നോളം ആ പദവിയില്‍ മറ്റൊരാള്‍ എത്തിയിട്ടില്ല, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ എത്താന്‍ അദ്ദേഹം അനുവദിച്ചിട്ടില്ല. അത്രമാത്രം കഠിനാധ്വാനം ചെയ്താണ് ആ പദവി യേശുദാസ് നിലനിര്‍ത്തിപ്പോന്നത്. രണ്ടാമനോ മൂന്നാമനോ ഇല്ലാത്ത വിധം ഒന്നാം സ്ഥാനം അദ്ദേഹം അലങ്കരിച്ചു. ഇന്ത്യന്‍ സംഗീതമെന്നല്ല, ലോക സംഗീതത്തില്‍ പോലും ഇത്ര ദീര്‍ഘനാളായി ഒന്നാം സ്ഥാനത്ത് നിലനില്‍ക്കുന്ന മറ്റൊരു ഗായകനില്ല.
1973ല്‍ അഴകുള്ള സെലീന എന്ന ചിത്രത്തിന് വേണ്ടി വയലാറിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നുകൊണ്ട് സംഗീത സംവിധായകന്റെ കുപ്പായവും യേശുദാസ് അണിഞ്ഞു. 12 ഓളം ചിത്രങ്ങള്‍ക്ക് വേണ്ടി അന്‍പതിനടുത്ത് ചലച്ചിത്രഗാനങ്ങളും ഒരുപിടി ഭക്തിഗാനങ്ങള്‍ക്കും ലളിതഗാനങ്ങള്‍ക്കും അദ്ദേഹം ഈണം പകര്‍ന്നിട്ടുണ്ട്. ചെയ്ത ഭൂരിഭാഗവും ഹിറ്റുകള്‍ ആയിരുന്നിട്ടും ഈണങ്ങള്‍ ഒരുക്കാന്‍ ഇരിക്കുമ്പോള്‍ മറ്റുള്ള സംഗീതസംവിധായകാര്ക്ക് വേണ്ടി താന്‍ പാടുന്ന ഈണങ്ങളുടെ സ്വാധീനം മനസിലേക്ക് വരുന്നത് മൂലം സംഗീത സംവിധാനത്തില്‍ നിന്നും അദ്ദേഹം പിന്തിരിയുകയായിരുന്നു.
1980ല്‍ തിരുവനന്തപുരത്ത് തരംഗിണി എന്ന റെക്കോര്‍ഡിംഗ് സ്റ്റുഡിയോയും ഓഡിയോ നിര്‍മ്മാണ കമ്പനിയും ആരംഭിച്ചു. തരംഗിണിയിലൂടെ പുറത്ത് വന്ന സിനിമേതര ഉത്സവഗാനങ്ങളും ഭക്തിഗാനങ്ങളും ചലച്ചിത്രഗാനങ്ങളെ വെല്ലുന്ന ജനപ്രീതിയോടെ വലിയ തരംഗം ആണ് കേരളത്തില്‍ അക്കാലത്ത് തീര്‍ത്തത്. മലയാളത്തിനൊരു ലളിതഗാന സമൃദ്ധി കൊടുത്തത് തരംഗിണിയാണെന്നു പറയാതെ വയ്യ.
മഹാകവി ജി. ശങ്കരക്കുറുപ്പാണ് യേശുദാസിന് ഗാനഗന്ധര്വന് എന്ന പേര് നല്‍കിയത്. സിനിമാ – ജനപ്രിയ ഗാനങ്ങളുടെ റെക്കോര്‍ഡിംഗ് തിരക്കുകള്‍ക്കിടയിലും കര്‍ണ്ണാടക സംഗീതോപാസന കൈവിടാത്ത അദ്ദേഹം തന്റെ കച്ചേരികളിലൂടെ കര്‍ണാടക സംഗീതത്തെ ജനപ്രിയമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം 8 തവണ നേടിയ ഇദ്ദേഹം കേരള, തമിഴ് നാട്, ആന്ധ്ര, കര്‍ണ്ണാടക, ബംഗാള്‍ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവ ലഭിച്ചു. ഇനി ദാദാ ഫാല്‍ക്കെ പുരസ്കാരവും ഭാരതരത്നയും ആണ് ഭാരതത്തിന്റെ സിവിലിയന്‍ പുരസ്കാരങ്ങളില് അദ്ദേഹത്തിന് അന്യമായിരിക്കുന്നത്. വൈകാതെ അവയും കൈവന്നേയ്ക്കുമെന്ന് പ്രതീക്ഷിക്കാം.
തരംഗണിയുടെ ഓണപ്പാട്ടുകളില്‍ അദ്ദേഹം തന്നെ പാടിയ ‘പറയൂ നിന് ഗാനത്തില്‍’ എന്ന ഗാനത്തിലെ ഈരടികളാണ് ഈ വേളയിലും കാതില്‍ മുഴങ്ങുന്നത്.
‘കനിവാര്‍ന്ന നിന് സ്വരം കണ്ണീരാല്‍ ഈറനാം കവിളുകളൊപ്പുകയാലോ
പറയൂ നിന് ഗാനത്തില്‍ ആരും കൊതിക്കുമീ മധുരിമയെങ്ങനെ വന്നൂ’
Recent Comments