കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സെലിബ്രിറ്റി മാനേജരായ നരേഷ് കൃഷ്ണയാണ് എന്നെ ഫോണില്‍ ബന്ധപ്പെടുന്നത്. പോത്തീസിന്റെ കേരള ബ്രാന്‍ഡ് അംബാസഡറായി കമ്പനി എന്നെയാണ് പരിഗണിക്കുന്നതെന്നും നില്ക്കാന് താല്‍പ്പര്യമുണ്ടോ എന്ന് അന്വേഷിച്ചുമാണ് അദ്ദേഹം വിളിച്ചത്. ഞാന്‍ സമ്മതം അറിയിച്ചു. കാരണം ഇന്ത്യയിലെതന്നെ പ്രമുഖ ടെക്സ്ടൈല്‍ ഷോറൂം ബ്രാന്‍ഡുകളിലൊന്നാണ് പോത്തീസ്. പോരാത്തതിന് കമല്ഹാസന് സാറും മമ്മുക്കയും മുമ്പ് അതിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നവരാണ്. അവരുടെ നിരയിലേയ്ക്ക് എന്നെ കൂടി പരിഗണിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. അതിനേക്കാള്‍ അഭിമാനവും. ജയസൂര്യ കാന്‍ ചാനലിനോട് പറഞ്ഞു.
ഏതൊരു കമ്പനിയും അവരുടെ ബ്രാന്‍ഡ് അംബാസഡറായി ഒരാളെ നിശ്ചയിക്കുന്നതിന് മുമ്പ് കൃത്യമായ പഠനങ്ങള്‍ നടത്തും. അവര്‍ എങ്ങനെയൊക്കെ തങ്ങളുടെ ബ്രാന്‍ഡിന് ഉപകാരപ്പെടുമെന്ന് സര്‍വ്വേ നടത്തും. ആ നിലയ്ക്ക് എന്നെ സെലക്ട് ചെയ്തത് വലിയ കാര്യമായി കരുതുന്നു.
മുമ്പും പല ബ്രാന്‍ഡുകളും എന്നെ സമീപിച്ചിട്ടുണ്ട്. അന്നൊന്നും ഞാനതിന് തയ്യാറായില്ല. പ്രധാന കാരണം ജനങ്ങള്‍ക്ക് എന്നിലൊരു വിശ്വാസമുണ്ട്. അവരത് പ്രതീക്ഷിച്ചാണ് ബ്രാന്‍ഡിനെയും വിശ്വസിക്കുന്നത്. അതിന് ആദ്യം എനിക്ക് ബ്രാന്‍ഡിനോട് വിശ്വാസം വരണം. അതില്ലാത്തതുകൊണ്ടായിരുന്നു ഇക്കാലംവരെയും ഞാനതിന് നിന്നുകൊടുക്കാത്തത്. പോത്തീസിനെ സംബന്ധിച്ചിടത്തോളം വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ബ്രാന്‍ഡാണ്. അതിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷം. ജയസൂര്യ തുടര്‍ന്നു.
വ്യത്യസ്തമായ ഒരു പരസ്യചിത്രവും പോത്തീസിനുവേണ്ടി കഴിഞ്ഞ ദിവസം ഷൂട്ട് ചെയ്തു. ജനഗണമന എന്ന ചലച്ചിത്രത്തിന്റെ
സംവിധായകന് ഡിജോ ജോസ് ആന്റണിയാണ് അത് സംവിധാനം ചെയ്തത്. ഇതുവരെ ഒരു പരസ്യചിത്രത്തിലും കാണാത്ത പുതുമ അതിനകത്തുണ്ടാകും. അതിന്റെ കണ്‍സെപ്റ്റും മേക്കിംഗും ബ്രില്യന്റാണ്. ഈ പരസ്യചിത്രത്തിനുവേണ്ടി എന്റെ സ്റ്റൈലിസ്റ്റായി പ്രവര്‍ത്തിച്ചത് സരിതയാണ്. സരിത ഇതാദ്യമായാണ് ഒരു പരസ്യചിത്രത്തിന്റെ ഭാഗമാകുന്നത്. ജയസൂര്യ പറഞ്ഞു.
Recent Comments