സഹപ്രവര്‍ത്തകയായ 21 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തെലുങ്ക് ഡാന്‍സ് കോറിയോഗ്രാഫര്‍ ജാനി മാസ്റ്റര്‍ എന്ന് വിളിപ്പേരുള്ള ഷൈഖ് ജാനി ബാഷയ്ക്ക് പ്രഖ്യാപിച്ച ദേശീയ പുരസ്കാരം റദ്ദാക്കിയതായി കേന്ദ്രസര്‍ക്കാര്‍. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അവാര്‍ഡ് റദ്ദാക്കിയ വിവരം അറിയിച്ചത്. തിരുചിട്രമ്പലം എന്ന ചിത്രത്തിലെ മേഘം കറുക്കാതെ എന്ന പാട്ടിന്റെ നൃത്തസംവിധാനത്തിനാണ് ജാനിക്ക് ദേശീയ പുരസ്കാരം ലഭിച്ചത്.
2022 ലെ മികച്ച നൃത്തസംവിധായകനുള്ള ദേശീയ ചലച്ചിത്ര പുര്സകാരം റദ്ദാക്കാന്‍ തീരുമാനിച്ചതായി ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയയും നാഷണല്‍ ഫിലിം അവാര്‍ഡ് സെല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ഇതിനൊപ്പം ഒക്ടോബര്‍ 8 ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ദേശീയ ചലച്ചിത്ര പുര്സ്കാരദാന ചടങ്ങിനുള്ള അദ്ദേഹത്തിന്റെ ക്ഷണം പിന്‍വലിച്ചതായും മന്ത്രാലയം അറിയിച്ചു.
ഇക്കഴിഞ്ഞ മാസം 16 നാണ് ജാനി മാസ്റ്റര്‍ക്കെതിരെ യുവതി ലൈംഗികപീഡനാരോപണവുമായി രംഗത്തെത്തിയത്. ജാനി മാസ്റ്ററുടെ നൃത്തവിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായിരുന്നു യുവതി. സിനിമാചിത്രീകരണത്തിനിടെ ചെന്നൈ, മുംബൈ, ഹൈദരാബാദ് മുതലായ സ്ഥലങ്ങളില്‍വച്ച് ജാനി മാസ്റ്റര്‍ പീഡിപ്പിച്ചുവെന്നാണ് യുവതി പരാതി നല്‍കിയത്.
ഇതേത്തുടര്‍ന്ന് സെപ്തംബര്‍ 19 ന് സൈബരാബാദ് പോലീസ് ഗോവയില്‍വച്ച് ജാനി മാസ്റ്ററിനെ അറസ്റ്റ് ചെയ്യുന്നത്. പീഡനാരോപണത്തെത്തുടര്‍ന്ന് ഒളിവിലായ ഇയാളെ സൈബരാബാദ് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ടീമാണ് അറസ്റ്റ് ചെയ്തത്.
സ്വന്തം കൈപ്പടയിലെഴുതിയ പരാതിയും അനുബന്ധ രേഖകളും യുവതി തെലങ്കാന വനിതാ കമ്മീഷന് കൈമാറിയിരുന്നു. യുവതിക്ക് സുരക്ഷ ഉറപ്പാക്കാന്‍ കമ്മീഷന് ചെയര്‍പേഴ്സണ്‍ നെരാലാ ശാരദ ആവശ്യപ്പെട്ടിരുന്നു.
Recent Comments