മലയാളത്തിലെ എണ്ണംപറഞ്ഞ സംവിധായകരിലൊരാളായിരുന്ന ഹരികുമാർ ഇന്ന് വൈകുന്നേരം അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ 70-ാം വയസിലായിരുന്നു അന്ത്യം. അദ്ദേഹത്തോടൊപ്പം പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ച വ്യക്തിയാണ് ഷാജി പട്ടിക്കര. ഹരികുമാറിൻ്റെ ഒപ്പമുള്ള ഓർമകൾ ഷാജി പട്ടിക്കര കാൻ ചാനലിനോട് പങ്കുവെച്ചു.
“ഹരികുമാർ സാറുമായി വർഷങ്ങളായുള്ള ബന്ധമാണ് .പറഞ്ഞു തീരാത്ത വിശേഷങ്ങൾ എന്ന ചിത്രത്തിലാണ് തുടങ്ങിയത് . അദ്ദേഹം 18 സിനിമകൾ സംവിധാനം ചെയ്തതിൽ അഞ്ച് സിനിമകളിൽ എനിക്ക് നിർമാണ നിർവഹണം ചെയ്യാൻ സാധിച്ചു. കൂടാതെ മൂന്ന് ഡോക്യുമെൻ്റ്റികളും ചെയ്തു . അതിൽ രണ്ടെണ്ണം എംടിയെ കുറിച്ചും ഒരെണ്ണം അക്കിത്തതിനെ കുറിച്ചുമായിരുന്നു . അക്കിത്തതിനെ കുറിച്ചുള്ള ഡോക്യുമെൻ്ററി ഞങ്ങൾ എടപ്പാൾ പോയി ക്യാമ്പ് ചെയ്ത് മൂന്ന് ദിവസം കൊണ്ടാണ് തീർത്തത്. സാഹിത്യ ലോകത്തെ പ്രമുഖരായിട്ടുള്ള പെരുമ്പടവം ശ്രീധരൻ, ബാലചന്ദ്രൻ ചുള്ളിക്കാട് , എം ടി, പി എൻ ഗോപികൃഷ്ണൻ, മുകുന്ദൻ, ശത്രുഘ്നൻ എന്നിവരുടെ തിരക്കഥകൾ സിനിമയാക്കാൻ ഭാഗ്യം ലഭിച്ച ആളാണ് ഹരികുമാർ സാർ. ഒരു പ്രൊഡക്ഷൻ കൺട്രോളർ – സംവിധായകൻ ബന്ധമായിരുന്നില്ല ഞങ്ങൾ തമ്മിൽ. ഹരികുമാർ സാർ എനിക്ക് പിതൃ തുല്യനായിരുന്നു. വർഷങ്ങൾ നീണ്ട സൗഹൃദം അദ്ദേഹത്തിൻ്റെ മരണം വരെയും തുടരാൻ സാധിച്ചു.എന്റെ പിതാവും ഇതു പോലൊരു മെയ് മാസത്തിലാണ് ഞങ്ങളെ വിട്ടുപിരിഞ്ഞ് പോയത്. ഇപ്പോള്‍ ഹരികുമാര്‍സാറും. ഇനിയുള്ള എല്ലാ വര്‍ഷങ്ങളിലും ഞാന്‍ അദ്ദേഹത്തെ ഓര്‍മ്മിക്കും, എന്റെ പിതാവിനെപ്പോലെ.’
“വൈകി ഭക്ഷണം കഴിക്കുന്ന ആളായിരുന്നു അദ്ദേഹം. ചില ദിവസങ്ങളിൽ ഭക്ഷണം തന്നെ കഴിക്കാറില്ല. ഞാൻ പലപ്പോഴും ഭക്ഷണം കഴിക്കാൻ നിർബന്ധിക്കാറുണ്ട്. ഒരു പിതാവിനോട് എന്ന പോലെ. കോഴിക്കോടുള്ള അമ്മ മെസ്സിൽ നിന്നും പാരഗണിൽ നിന്നുമെല്ലാം ഒരുമിച്ച് ഭക്ഷണം കഴിച്ച ഓർമ്മകൾ എനിക്കുണ്ട്. കോഴിക്കോട് വരുമ്പോൾ എൻ്റെ വീട്ടിലും സാർ വരാറുണ്ട്. മകന് മിഠായി വാങ്ങി കൊടുക്കാറുണ്ട്. ഞങ്ങളുടെ കുടുംബത്തിലെ ഒരാളെ പോലായിരുന്നു സാർ പെരുമാറിയിരുന്നത്.” ഷാജി പട്ടിക്കര പറഞ്ഞു.
Recent Comments