പ്രഭാസിന്റെ ‘ആദിപുരുഷു’മായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ലെങ്കിലും ചിത്രം തീയേറ്ററില്‍ പോയി കണ്ടിറങ്ങിയവരുടെയെല്ലാം കാതുകളില്‍ രാവണക്കോട്ടയെ വിറപ്പിച്ച ശബ്ദം ഇപ്പോഴും മുഴങ്ങുന്നുണ്ടാകാം. അത്ര ഘനഗാംഭീര്യമാര്ന്നതായിരുന്നു ആ രാവണശബ്ദം. സെയ്ഫ് അലിഖാനാണ് രാവണനെ അവതരിപ്പിച്ചത്. അദ്ദേഹത്തിനുവേണ്ടി മലയാളത്തില്‍ ഡബ്ബ് ചെയ്തതാകട്ടെ കൊല്ലം സ്വദേശി രഞ്ജിത്ത് ലളിതവും. ഒരുപാട് രഞ്ജിത്തുമാര്ക്കിടയില് അദ്ദേഹം തിരിച്ചറിയാന്‍ സ്വീകരിച്ച പേരായിരുന്നു രഞ്ജിത്ത് ലളിതം. ലളിത രഞ്ജിത്തിന്റെ അമ്മയുടെ പേരാണ്.
സൗണ്ട് ആന്റ് വിഷന്‍ എന്ന കമ്പനി നാലോളം പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളുടെ സൗണ്ട് ട്രാക്ക് ആദിപുരുഷിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അയച്ചുകൊടുത്തിരുന്നു. അതില്‍നിന്ന് അവര്‍ തെരഞ്ഞെടുത്തത് രഞ്ജിത്തിന്റെ ശബ്ദമാണ്. അങ്ങനെയാണ് രാവണന് ശബ്ദം നല്‍കാനുള്ള നിയോഗം രഞ്ജിത്തിലേയ്ക്ക് എത്തിച്ചേരുന്നത്. രഞ്ജിത്ത് ലളിതം ശബ്ദം നല്കുന്ന ആദ്യ ചിത്രമല്ല ഇത്. പഴശ്ശിരാജ, ചക്കരമുത്ത്, ധീര, പുലിമുരുകന്, അച്ചാദിന്‍, ഭാസ്കര്‍ ദി റാസ്ക്കല്‍, ടു കണ്ട്രീസ്, പൊന്നിയിന്‍ സെല്വന് തുടങ്ങിയ നൂറിലേറെ ചിത്രങ്ങളിലെ പ്രധാന കഥാപാത്രങ്ങള്‍ക്കുവേണ്ടി രഞ്ജിത്ത് ശബ്ദം നല്‍കിയിട്ടുണ്ട്. കൂടുതലും വില്ലന്മാര്ക്കുവേണ്ടിയാണ് എന്ന ഒരു പ്രത്യേകത കൂടി അതിനുണ്ട്.
രഞ്ജിത്ത് എന്ന ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനെ ആദ്യം കണ്ടെത്തിയത് തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസാണ്. ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കര്‍ എന്ന ചിത്രത്തില്‍ നിഷാന്ത് സാഗറിന് ശബ്ദം നല്കാന് ഒരാളെ തേടുന്ന സമയമായിരുന്നു അത്. സത്യന് അന്തിക്കാടിനോടും ലോഹി തന്റെ ആവശ്യം അറിയിച്ചു. അപ്പോഴാണ് അടുത്തിടെ ദൂരദര്‍ശനില്‍ കേട്ട ഒരു നല്ല ശബ്ദത്തെക്കുറിച്ച് സത്യന് ലോഹിയോട് പറഞ്ഞത്. അന്ന് തിരനോട്ടം എന്ന പരിപാടിയുടെ അവതാരകനായിരുന്നു രഞ്ജിത്ത്. പരിപാടി കണ്ട് ഇഷ്ടപ്പെട്ട ലോഹി രഞ്ജിത്തിന്റെ നമ്പര്‍ കണ്ടെത്തി വിളിക്കുകയായിരുന്നു. പിന്നെ ഒരാഴ്ചയോളം ഒപ്പം നിര്‍ത്തി ഡബിംഗിന്റെ ബാലപാഠങ്ങളെല്ലാം പഠിപ്പിച്ചിട്ടാണ് ലോഹി രഞ്ജിത്തിനെ ഡബ്ബിംഗ് സ്റ്റുഡിയോയിലേയ്ക്ക് കയറ്റിയത്. അങ്ങനെ നിഷാന്ത് സാഗറിനുവേണ്ടി ശബ്ദം നല്കിക്കൊണ്ടായിരുന്നു തുടക്കം. രഞ്ജിത്തിലെ നടനെ കണ്ടെത്തിയതും ലോഹി തന്നെയായിരുന്നു. നിവേദ്യം എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം നല്കിയ ലോഹി തന്റെ അടുത്ത ചിത്രത്തിലേയ്ക്ക് ഒരു പ്രധാന വേഷവും മാറ്റിവച്ചു. പക്ഷേ അതിനുമുമ്പേ ലോഹി ഓര്‍മ്മയായി.
ബാലയുടെ തുടക്കകാലത്ത് അദ്ദേഹത്തിനുവേണ്ടി ശബ്ദം നല്‍കിയിരുന്നത് രഞ്ജിത്തായിരുന്നു. റഹ്മാന് (ഭാര്‍ഗവചരിതം രണ്ടാംഖണ്ഡം, മുസാഫിര്‍, ഭാര്യ ഒന്ന് മക്കള്‍ മൂന്ന്) കിഷോര്‍ (പുലിമുരുകന്, പൊന്നിയിന്‍ സെല്വന് 1-2) എന്നിവര്‍ക്ക് വേണ്ടിയും ഡബ്ബ് ചെയ്തിട്ടുണ്ട്. ചാനലുകളില്‍ അവതാരകനും നിരവധി കോമഡി പ്രോഗ്രാമുകളുടെ രചയിതാവുമായ രഞ്ജിത്ത് ഇപ്പോള്‍ ഒരു പുതിയ സിനിമയുടെ തിരക്കഥാരചനയിലാണ്.
Recent Comments