മുറയുടെ പ്രീമിയര്‍ ഷോ കണ്ടത് നവംബര്‍ 6 ന് എറണാകുളത്ത് വച്ചാണ്. അതായത് ചിത്രം റിലീസ് ആകുന്നതിനും രണ്ട് ദിവസം മുമ്പ്. ക്ഷണിക്കപ്പെട്ട സദസ്സായിരുന്നെങ്കിലും ആ തീയേറ്ററിനകം നിറഞ്ഞു കവിഞ്ഞിരുന്നു. നിലത്തിരുന്ന് സിനിമ കാണാന്‍ അനുവദിക്കാത്തതുകൊണ്ടുമാത്രം ചിലര്‍ക്ക് നിരാശയോടെ പുറത്തേയ്ക്ക് പോകേണ്ടി വന്നു.
ഒട്ടും മുഷിച്ചിലില്ലാതെ എന്നാല്‍ ഏറെ ഉദ്വേഗത്തോടെയാണ് ചിത്രം കണ്‍കുളിര്‍ക്കെ കണ്ടത്. പ്രമേയപരമായി ഏതെങ്കിലും അസാധാരണത്വം ചിത്രത്തിന് അവകാശപ്പെടാനില്ല. ചിത്രത്തിന്റെ അണിയറക്കാര്‍ അത് അവകാശപ്പെട്ടിട്ടുമില്ല. മുമ്പ് പലരും പലവിധത്തില്‍ പറഞ്ഞുപോയിട്ടുള്ള ഒരു കഥയാണ്. അതിന്റെ നൂതനമായ മറ്റൊരു ദൃശ്യാവിഷ്ക്കാരമാണ് മുറ.
എടുത്തു പറയേണ്ടത് ചിത്രത്തിലെ കൗമാര നിരയെയാണ്. അവരില്‍ ഹൃദു ഹാറൂണിനെ മാത്രമാണ് പരിചയം. സന്തോഷ് ശിവന്റെ മുംബൈക്കറില് കണ്ടിട്ടുണ്ട്. പിന്നീട് ആള് വി ഇമാജിന്‍ ആസ് ലൈറ്റിലും. രണ്ടിലും കയ്യടക്കമുള്ള പ്രകടനംകൊണ്ട് ഹൃദു അന്നേ ശ്രദ്ധയില്‍ പതിഞ്ഞതാണ്. മുറയിലൂടെ അയാള്‍ വീണ്ടും ഉയരങ്ങളിലേയ്ക്ക് ചാടിക്കടക്കുകയാണ്. നാളത്തെ സിനിമയുടെ വാഗ്ദാനമാണ് ഹൃദു.
ഹൃദുവിനൊപ്പം കൗമാരക്കാരായ വേറെയും ഒരുപാട് പേരുണ്ട്. കഥാപാത്രങ്ങളുടെ പേരുകളല്ലാതെ യഥാര്‍ത്ഥ പേര് എന്താണെന്നുപോലും അറിയില്ല. അന്വേഷിച്ചാല്‍ പേരുവിവരങ്ങള്‍ കിട്ടുമെന്ന് അറിയാഞ്ഞിട്ടല്ല. വേണ്ട, അവര്‍ കഥാപാത്രങ്ങളായിത്തന്നെ മനസ്സില്‍ കുടിയിരിക്കട്ടെ. എന്തൊരു ടൈമിംഗാണ്, പ്രത്യേകിച്ചും ആക്ഷന്‍ രംഗങ്ങളില്‍. അവരില്‍നിന്ന് പ്രസരിക്കുന്ന ഊര്‍ജ്ജവും അളവറ്റതാണ്. ഒരു കെട്ടുപാടുകളും അവരുടെ പ്രകടനത്തെ ബാധിക്കുന്നതേയില്ല. അതെല്ലാം നല്ല സൂചനകളാണ്. എല്ലാവര്ക്കും ഹൃദയത്തില്‍ തൊട്ട അഭിനന്ദനങ്ങള്‍.
മുറയിലെ താരങ്ങളേറെയും പുതുമുഖങ്ങളാണ്. ഓഡിഷനിലൂടെ വന്നവര്‍. അവരവര്‍ തങ്ങളുടെ ഭാഗം ഗംഭീരമാക്കി. വൈകാരിക രംഗങ്ങളിലെ ചില നാടകീയ മുഹൂര്‍ത്തങ്ങള്‍ ഒഴിവാക്കി നിറുത്തിയാല്‍ മുറ ആദ്യാവസാനം ആസ്വദിക്കാനുള്ള ഒരു നല്ല ചലച്ചിത്രാനുഭവമാണ്.
എന്തെങ്കിലും ദോഷം പറയണമെന്നുണ്ടെങ്കില്‍ അത് തിരക്കഥയെക്കുറിച്ചാണ്. ഒരല്‍പ്പം ദുല്‍ബലമാണ് സുരേഷ് ബാബുവിന്റെ തിരക്കഥ. എന്നിട്ടും അതിനുമേല്‍ കാഴ്ചയുടെ വസന്തമൊരുക്കാന്‍ സംവിധായകന് മുഹമ്മദ് മുസ്തഫയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കപ്പേളയില്‍ ആവര്‍ത്തിച്ചത് ഒരു പടികൂടി മുന്നിലേയ്ക്ക് വന്ന് മുറയിലും പിന്തുടരുകയാണ്. അതൊരു അശ്വമേധത്തിന്റെ കാഹളമാണ്.
മുറയിലെ സാങ്കേതിക പ്രവര്‍ത്തകര്‍ പ്രത്യേകിച്ചും ഛായാഗ്രാഹകന്‍ ഫാസില്‍ നാസര്‍, എഡിറ്റര്‍ ചാമന് ചാക്കോ, സംഘട്ടനം പിസി സ്റ്റണ്ട്സ്, കോസ്റ്റിയൂമര്‍ നിസാര്‍ റഹ്മത്ത്, മേക്കപ്പ് റോണെക്സ് സേവ്യര്‍, കലാസംവിധായകന്‍ ശ്രീനു കല്ലേലില്‍ എന്നിവരും തങ്ങളുടെ കലാമികവിനുമേല് ഒരു സ്വര്ണ്ണത്തൂവല്കൂടി പതിച്ചവരാണ്.
ചുരുക്കത്തില്‍ സൗഹൃദങ്ങളുടെ ഊഷ്മളതയ്ക്കുമേല് രക്തബന്ധം ചാലിച്ച അപൂര്‍വ്വ കൂട്ടാണ് മുറ.
Recent Comments