കഴിഞ്ഞ ദിവസമാണ് ‘ഹെവന്‍’ എന്ന ചലച്ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത്. ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ സുരാജ് വെഞ്ഞാറമ്മൂട്, അലന്‍സിയര്‍, ജാഫര്‍ ഇടുക്കി എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. ‘സുരാജിന് നായികയില്ലേ’ എന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞത് അലന്‍സിയറായിരുന്നു. ‘സുരാജിന്റെ ഭാര്യയായി അഭിനയിക്കാന്‍ WCC യില്നിന്ന് ആരെയും കിട്ടിയില്ല. നിങ്ങള്‍ എഴുതിക്കോളൂ. എഴുതിയതിന്റെ കൂലിയും വാങ്ങിച്ചോളൂ.’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആ പ്രസ്താവനയാണ് വിവാദമായത്. ഈ പശ്ചാത്തലത്തിലാണ് അലന്‍സിയറെ നേരിട്ട് വിളിച്ചതും.
‘മാധ്യമപ്രവര്‍ത്തകരില്‍നിന്ന് അര്‍ത്ഥവത്തായ ചോദ്യങ്ങള്‍ ഉണ്ടായില്ലെങ്കില്‍ അര്‍ത്ഥശൂന്യമായ മറുപടിതന്നെ ഇനിയും പറയും. സുരാജിന് നായികയില്ലാത്തതിന്റെ കാര്യം ഞങ്ങളോടല്ല അന്വേഷിക്കേണ്ടത്. സംവിധായകനോടും തിരക്കഥാകൃത്തിനോടുമാണ്. അവരുടെ ചിത്രത്തില്‍ നായിക വേണമോ വേണ്ടയോ എന്നൊക്കെ അവരാണ് നിശ്ചയിക്കേണ്ടത്. അല്ലാതെ താരങ്ങളല്ല. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണോ അവരില്‍നിന്നുണ്ടായത്. ഒരാള്‍ക്കറിയേണ്ടത് ഞാന്‍ പ്രധാനമന്ത്രിയുമായി ഇപ്പോള്‍ പ്രേമത്തിലാണല്ലോ എന്നാണ്. ചോദിക്കാനുള്ള അവകാശം അവര്‍ക്കുണ്ടെങ്കില്‍ ഉത്തരം പറയാനുള്ള അവകാശം എനിക്കുമുണ്ട്. ഇതുപോലെ അര്‍ത്ഥശൂന്യമായ ചോദ്യങ്ങള്‍ ചോദിച്ചതുകൊണ്ടാണ് എനിക്ക് അങ്ങനെ മറുപടി പറയേണ്ടിവന്നത്. അത് ആ ചോദ്യം ചോദിച്ചവരോടുള്ള എന്റെ പരിഹാസമായിരുന്നു. അത് അറിഞ്ഞുതന്നെയാണ് ഞാന്‍ പറഞ്ഞതും. അതല്ലാതെ WCC യെ അല്ല ഞാന്‍ പരിഹസിച്ചത്. WCC നിലവില്‍ വന്നപ്പോള്‍ അങ്ങനെയൊരു സംഘടന വേണമെന്ന് ആഗ്രഹിച്ച ഒരാളാണ് ഞാന്‍.’
‘അല്ലെങ്കിലും സംഘടനകള്‍ തമ്മില്‍ ആശയപരമായ എതിര്‍പ്പുകള്‍ മാത്രമാണുള്ളത്. അവര്‍ ഇപ്പോഴും പരസ്പരം സഹകരിക്കുന്നുണ്ട്. അമ്മയിലെ അംഗങ്ങള്‍ ഉള്‍പ്പെട്ട എത്രയോ സിനിമകളില്‍ WCC അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. എന്തിന്, ഞാനിപ്പോള്‍ അഭിനയിക്കുന്നതുപോലും പാര്‍വ്വതി തിരുവോത്തിനോടൊപ്പമാണ്. (ക്രിസ്റ്റോ സംവിധാനം ചെയ്യുന്ന ഉള്ളൊഴുക്ക് എന്ന ചിത്രം) അതിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ഞാനിപ്പോള്‍ ഉള്ളത്.’
‘എനിക്ക് എല്ലാവരോടും ബഹുമാനമേയുള്ളൂ. ആരും എന്റെ ശത്രുക്കളുമല്ല. കളിയേത് കാര്യമേത് എന്ന് തിരിച്ചറിയാത്തവരോട് ഞാനെന്ത് പറയാനാണ്?’ അലന്‍സിയര്‍ പറഞ്ഞു.
Recent Comments