ലോകകപ്പ് ഫുട്ബോള്‍ ഖത്തറില്‍ അരങ്ങേറുന്ന പശ്ചാത്തലത്തിലല്ല, ഹിഗ്വിറ്റ എന്ന പേര് വീണ്ടും ശ്രദ്ധയാകര്‍ഷിക്കാന്‍ തുടങ്ങിയിരിക്കുന്നത്. വാസ്തവത്തില്‍ അങ്ങനെയായിരുന്നു അത് സംഭവിക്കേണ്ടിയിരുന്നത്. കാരണം ലോകമറിയുന്ന കൊളംബിയന്‍ ഗോള്‍കീപ്പര്‍ ഹിഗ്വിറ്റ, ഇന്ന് ജീവിച്ചിരിക്കുന്ന ഫുട്ബോള്‍ ഇതിഹാസങ്ങളില്‍ ഒരാള്‍കൂടിയാണ്.
നിര്‍ഭാഗ്യവശാല്‍ ഒരു സിനിമയുടെ പേരിനെ ചൊല്ലിയാണ് ഹിഗ്വിറ്റ വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്നത്. നവാഗതനായ ഹേമന്ദാണ് ചിത്രത്തിന്റെ സംവിധായകന്. അദ്ദേഹം സുരാജ് വെഞ്ഞാറമ്മൂടിനെയും ധ്യാന്‍ ശ്രീനിവാസനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ഒരു പൊളിറ്റിക്കല്‍ സറ്റയറാണ് ഹിഗ്വിറ്റ. ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം പ്രദര്‍ശനത്തിനെത്താനൊരുങ്ങുകയാണ്. അതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസങ്ങളിലാണ്. വിവാദങ്ങളുടെ തുടക്കവും അവിടംമുതല്ക്കാണ്.
ഹിഗ്വിറ്റ എന്ന പേരില്‍ എന്‍.എസ്. മാധവനും ഒരു ചെറുകഥ എഴുതിയിട്ടുണ്ട്. തന്നോടൊന്ന് ചോദിക്കുകപോലും ചെയ്യാതെ ആ പേര് ഒരു സിനിമയ്ക്ക് ഇട്ടതിലാണ് മാധവന്റെ പരിഭവം. അതിനെ ഏറ്റുപിടിക്കാന്‍ ചില സാഹിത്യകാരന്മാര്‍കൂടി മുന്നിട്ടിറങ്ങിയപ്പോള്‍ ഹിഗ്വിറ്റ വിവാദം ചൂടുപിടിച്ചു. നിര്‍ഭാഗ്യമെന്ന് പറയട്ടെ, ലോകത്ത് ഏത് പ്രശ്നമുണ്ടായാലും ആളും തരവും നോക്കി പ്രതികരിക്കുന്ന ഒരു വിഭാഗമായി സാഹിത്യലോകം ചുരുങ്ങിക്കൊണ്ടിരിക്കുന്ന അതിവിശേഷപ്പെട്ട സാഹചര്യത്തില്‍ അവരുടെ പ്രതിഷേധങ്ങള്‍ക്ക് ചെവികൊടുക്കാന്‍ ചിലരെങ്കിലും ഉണ്ടായപ്പോള്‍ ആ വാര്‍ത്ത മാലോകരറിഞ്ഞു.
അവരോടൊക്കെ വിനീതമായി ഞങ്ങള്‍ക്ക് ഓര്‍മ്മിപ്പിക്കാനുള്ളത് ഇത്ര മാത്രമാണ്. ഇതിന് മുമ്പും ഇത്തരം പേരുകള്‍ പലരും തരാതരം ഉപയോഗിച്ചിട്ടുണ്ട്. എം.ടി. വാസുദേവന്‍ നായരുടെ വാനപ്രസ്ഥമെന്ന നോവലിന്റെ പേര് കടംകൊണ്ടാണ് ഷാജി എന്‍. കരുണ്‍ ഒരു മനോഹരമായ സിനിമതന്നെ സൃഷ്ടിച്ചത്. പിന്നീട് ആ നോവല്‍ സിനിമയാക്കിയപ്പോള്‍ അതിനിട്ട പേര് തീര്‍ത്ഥാടനം എന്നായിരുന്നു. നാടകാചാര്യനായ എന്‍.എന്‍. പിള്ളയുടെ പ്രശസ്തമായ ആത്മകഥയുടെ പേര് ഞാന്‍ എന്നാണ്. ആ പേരില്‍ രഞ്ജിത്ത് ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. അതുപോലെ എന്‍.എന്‍. പിള്ളയുടെ പല നാടകങ്ങളും പലരും സിനിമാപേരുകളാക്കിയിട്ടുണ്ട്. ജന്മാന്തരവും ശുദ്ധമദ്ദളവും ഡാമും ബൂമാറാംഗുമൊക്കെ അതില്‍ ചിലത് മാത്രം. അപ്പോഴൊന്നും ഈ സാഹിത്യകാരന്മാരുടെ ദീനരോദനം എവിടെയും കേട്ടില്ല. മണ്ഡേല എന്ന പേരില്‍ യോഗി ബാബു അഭിനയിച്ച തമിഴ് ചിത്രം പുറത്തിറങ്ങിയത് അടുത്തിടെയാണ്. മറഡോണ എന്ന പേരില്‍ ഒരു മലയാള ചലച്ചിത്രവും പുറത്തിറങ്ങിയിട്ടുണ്ട്. അന്നൊന്നും ആരും ആ പേര് പറഞ്ഞ് വിവാദങ്ങള്‍ ഉണ്ടാക്കിയില്ല. കാരണം അതൊക്കെ ഒരു പേര് മാത്രമാണ്. അതിന്റെ പേരില്‍ നിയമപരമായി ഒരു കോപ്പിറൈറ്റ് ആക്ടും നിലനില്‍ക്കില്ല.
ഹിഗ്വിറ്റ വിഷയത്തില്‍ ഒരു പടികൂടി കടന്ന് അതിന്റെ സംവിധായകന് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു എന്‍.എസ്. മാധവന്റെ കഥയുമായി തന്റെ സിനിമയ്ക്ക് യാതൊരു ബന്ധവും ഇല്ലെന്ന്. എന്നിട്ടും എഴുത്തുകാര്‍ ധാര്മ്മികരോഷാകുലരാണ്. ചേംബറില്‍ പരാതിയും കൊടുത്തു. അതന്വേഷിക്കാമെന്ന് ചേംബറിന്റെ ഉത്തരവുമുണ്ടായി. അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. കാരണം ആ പേരില്‍ ചേംബറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ഹിഗ്വിറ്റ എന്ന ചിത്രം മാത്രമാണ്. മുകളില്‍ പ്രസ്താവിച്ചിട്ടുള്ള ഒരു പേരുകാരുടെയും പേരിലുണ്ടാകാത്ത ധാര്‍മ്മികത എന്‍.എസിന്റെ പേരില്‍ കാട്ടിക്കൂട്ടുന്നത് അധാര്‍മ്മികമാണ്. അതുകൊണ്ട് തല്ക്കാലം എഴുത്തുകാരുടെ ധര്‍മ്മിക രോഷം ചവറ്റുകുട്ടയില്‍ കിടക്കട്ടെ.
കെ. സുരേഷ്
Recent Comments