ജീവന് ടി.വിയുടെ പ്രോഗ്രാം ചീഫാണ് നിലവില്‍ ബ്രൈറ്റ് സാം റോബിന്‍സ്. കഴിഞ്ഞ ഇരുപത് വര്‍ഷമായി അദ്ദേഹം ജീവന് ടിവിയുടെ ഭാഗമാണ്. ഇതിനിടെ 800 ലധികം ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തു. അതും ദൂരദര്‍ശനുവേണ്ടി. മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്. ജോണ്‍ എബ്രഹാമിന്റെയും പത്മരാജന്റെയും ശിഷ്യന് കൂടിയായ ബ്രൈറ്റ് സാം അടുത്തിടെ ഒരു സിനിമയും സംവിധാനം ചെയ്തു. ‘ഹോളി ഫാദര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രം മേയില്‍ പ്രദര്‍ശനത്തിനെത്തും. ഹോളിഫാദറിനെക്കുറിച്ച് ബ്രൈറ്റ് സാം കാന്‍ ചാനലിനോട്.
‘എനിക്ക് ഏറ്റവും പ്രിയപ്പെട്ട മൂന്നു പേരെയാണ് കഴിഞ്ഞ ജൂണില്‍ നഷ്ടമായത്. എന്റെ ജന്മദിവസം, അനുജത്തി മരിച്ചു. തൊട്ടടുത്ത ദിവസം പപ്പയും. പതിനാറ് ദിവസങ്ങള്‍ക്കിപ്പുറം മമ്മിയും ഓര്‍മ്മയായി. എന്റെ പപ്പയുടെ അപ്പനും അമ്മച്ചിയും മരിച്ചതും ഞങ്ങളുടെ വീട്ടില്‍ കിടന്നാണ്. അവരുടെ മരിച്ച മുഖം കാണേണ്ടെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. എന്റെ തീരുമാനം പപ്പയ്ക്ക് അറിവുള്ളതുകൊണ്ടാവും പൊട്ടാസിയം കുറഞ്ഞ് ഓര്‍മ്മ നശിച്ചുതുടങ്ങിയ സമയത്ത് പപ്പ എന്നെ വിളിച്ച് ചോദിച്ചത്. നീ എന്നെ കാണാന്‍ വരുമോടാ, എന്നെ ശുശ്രൂഷിക്കുമോടാ എന്നൊക്കെ. പപ്പയുടെ ഹൃദയവേദന എനിക്ക് മനസ്സിലായി. മൂന്നു ദിവസം പപ്പയെയും ശുശ്രൂഷിച്ച് ഞാന്‍ ഒപ്പമുണ്ടായിരുന്നു. അതിനുശേഷമാണ് അദ്ദേഹം മരിക്കുന്നത്. അന്ന് മനസ്സില്‍ നാമ്പിട്ട ഒരാശയത്തില്നിന്നാണ് ഹോളി ഫാദര്‍ പിറവിയെടുക്കുന്നത്. ചുരുക്കത്തില്‍ എന്റെ ജീവിതാംശം തന്നെയാണ് ഹോളി ഫാദറിന്റെ പ്രമേയവും. അതില്‍ ചില വ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ടെന്നുമാത്രം. ഉദാഹരണത്തിന് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ റൊസാരിയോയ്ക്ക് ഡിമെന്‍ഷ്യ എന്ന രോഗാവസ്ഥയാണുള്ളത്. അയാളുടെ മകള്‍ ലോറൈന്‍ ആകട്ടെ അമേരിക്കയിലുള്ള ജോലിയും ഉപരിപഠനവും ഉപേക്ഷിച്ചാണ് പപ്പയെ ശുശ്രൂഷിക്കാന്‍ നാട്ടിലെത്തുന്നത്. റൊസാറിയോയെ അവതരിപ്പിക്കുന്നത് മലയാളിയും അമേരിക്കന്‍ പ്രവാസിയും ഗായകനും നടനുമായ രാജു തോട്ടമാണ്. നായിക ലോറൈനെ മറീനാമൈക്കിളും അവതരിപ്പിക്കുന്നു. മിഥുന്‍രാജ് തോട്ടം, രാജീവ് രംഗന്, പ്രകാശ് പയ്യാനക്കല്‍, റീയാ, പ്രീജ, പ്രഗ്യ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഭരതം ആര്‍ട്ട്സിന്റെ ബാനറില്‍ അമ്പിളി അനില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രാജേഷ് പീറ്ററും എഡിറ്റര്‍ സോബിന്‍ കെ. സോമനുമാണ്. കൈലാഷ് മേനോനാണ് സംഗീതസംവിധായകന്.’
Recent Comments