താൻ നേരിട്ട സൈബർ അതിക്രമങ്ങൾക്കെതിരെ നൽകിയ പരാതിയിൽ ഉടനടി നടപടിയെടുത്ത മുഖ്യമന്ത്രി പിണറായി വിജയനും കേരള പോലീസിനും നന്ദി അറിയിച്ച് നടി ഹണി റോസ്. ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്ന പൗരന്റെ അവകാശവും സംരക്ഷണവും തേടിയുള്ള തന്റെ പോരാട്ടത്തിനൊപ്പം നിന്ന് ശക്തമായ ഉറപ്പു നൽകി നടപടിയെടുത്ത കേരള സർക്കാരിനെ നയിക്കുന്ന ശ്രീ പിണറായി വിജയൻ അദ്ദേഹത്തിനും കേരള പോലീസിനും താനും തന്റെ കുടുംബവും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്ന് ഹണി റോസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഹണി റോസിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്
നന്ദി നന്ദി നന്ദി…ഒരു വ്യക്തിയെ കൊന്നുകളയാൻ കത്തിയും തോക്കും ഒന്നും വേണ്ട ഇക്കാലത്ത്, ഒരു കൂട്ടം സോഷ്യൽ മീഡിയ പ്രൊഫൈലിൽ നിന്നുള്ള നീചവും, ക്രൂരവുമായ അസഭ്യ അശ്ളീല ദ്വയാർത്ഥ കമന്റുകളും പ്ലാൻഡ് കാമ്പയിനും മതി. സാമൂഹ്യമാധ്യമ ഗുണ്ടായിസത്തിനു നേതാവ് ഉണ്ടെങ്കിൽ മൂർച്ച കൂടും. പ്രതിരോധിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല. ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്ന പൗരന്റെ അവകാശവും സംരക്ഷണവും തേടിയുള്ള എന്റെ പോരാട്ടത്തിനു ഒപ്പം നിന്ന് ശക്തമായ ഉറപ്പു നൽകി നടപടി എടുത്ത കേരളസർക്കാരിനെ നയിക്കുന്ന ശ്രീ പിണറായി വിജയൻ അദ്ദേഹത്തിനും കേരളപോലീസിനും ഞാനും എൻ്റെ കുടുംബവും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ലോ ആൻഡ് ഓർഡർ ADGP ശ്രീ മനോജ് എബ്രഹാം സർ, എറണാകുളം സിറ്റി പോലീസ് കമ്മീഷണർ ശ്രീ പുട്ട വിമലാദിത്യ IPS സർ, DCP ശ്രീ അശ്വതി ജിജി IPS മാഡം, സെൻട്രൽ പോലീസ്സ്റ്റേഷൻ ACP ശ്രീ ജയകുമാർ സർ, സെൻട്രൽ പോലീസ് സ്റ്റേഷൻ SHO ശ്രീ അനീഷ് ജോയ് സർ, ബഹുമാനപ്പെട്ട മറ്റ് പോലീസ് ഉദ്യോഗസ്ഥർ, കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ കൂടെ നിന്ന ബഹുമാനപ്പെട്ട നേതാക്കൾ, പൂർണപിന്തുണ നൽകിയ മാധ്യമപ്രവർത്തകർ, സുഹൃത്തുക്കൾ, എന്നെ സ്നേഹിക്കുന്നവർ. എല്ലാവർക്കും എന്റെയും എൻ്റെ കുടുംബത്തിൻ്റെയും ഹൃദയം നിറഞ്ഞ നന്ദി.
Recent Comments