സിനിമയോടുള്ള ഇഷ്ടം തുറന്നു പറഞ്ഞ് മമ്മൂട്ടി. സിനിമ തന്നെ ഒരിക്കലും മടുപ്പിച്ചിട്ടില്ലെന്നും ഒരുപക്ഷേ അങ്ങനെ സംഭവിക്കുന്നത് തന്റെ അവസാന ശ്വാസത്തോടെയായിരിക്കുമെന്ന് മമ്മൂട്ടി പറഞ്ഞു. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ ഖാലിദ് അല്‍ അമേരിക്ക് നല്കിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇങ്ങനെ പറഞ്ഞത്.
ലോകം എങ്ങനെയാണ് മമ്മൂട്ടി എന്ന അഭിനേതാവിനെ ഓര്‍ക്കേണ്ടതെന്ന ചോദ്യത്തിന് ഹൃദയസ്പര്‍ശിയായ ഉത്തരമാണ് മമ്മൂട്ടി നല്‍കിയത്. മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെ:
‘എത്ര നാള് അവരെന്നെ ഓര്‍ക്കും? ഒരു വര്‍ഷം. 10 വര്‍ഷം, 15 വര്‍ഷം? അത് കഴിഞ്ഞാല്‍ തീര്‍ന്നു. ലോകാവസാനം വരെ മനുഷ്യര്‍ ഓര്‍ത്തിരിക്കണമെന്ന് നമ്മള് പ്രതീക്ഷിക്കരുത്. അങ്ങനെയൊന്നും ആര്‍ക്കും സംഭവിക്കില്ല. മഹാരഥന്മാര് പോലും വളരെ കുറച്ചു മനുഷ്യരാലാണ് ഓര്‍മ്മിക്കപ്പെടാറുള്ളത്. ആയിരക്കണക്കിന് അഭിനേതാക്കളില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. ഒരു വര്‍ഷത്തില്‍ കൂടുതല്‍ അവര്‍ എന്നെ ഓര്‍ത്തിരിക്കുമെന്ന പ്രതീക്ഷ എനിക്കില്ല. ഒരിക്കല്‍ നിങ്ങള്‍ ഈ ലോകം വിട്ടുപോയാല്‍, നിങ്ങള്‍ അത്തരം കാര്യങ്ങളെക്കുറിച്ച് അറിയുകപോലുമില്ല. എല്ലാവരും ചിന്തിക്കുന്നത് ലോകാവസാനംവരെ അവര്‍ ഓര്‍മ്മിക്കപ്പെടുമെന്നാണ്. എന്നാല്‍ അങ്ങനെ നടക്കില്ല.’
മമ്മൂട്ടിയുടെ വാക്കുകള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സിനിമ ഉള്ളിടത്തോളം കാലം മമ്മൂട്ടി എന്ന നടനും ഓര്‍മ്മിക്കപ്പെടുമെന്നാണ് ആരാധകരുടെ പ്രതികരണം.
Recent Comments