ഹൃദ്യയ്ക്ക് രണ്ടര വയസ്സ് പ്രായം. അന്ന് അവളെയുംകൂട്ടി ഗുരുവായൂരില്‍ തൊഴാന്‍ പോയിരുന്നു. അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നു. കണ്ണനെ തൊഴുത് പുറത്ത് വരുമ്പോള്‍ മേല്‍പ്പത്തൂര്‍ ആഡിറ്റോറിയത്തില്‍ കുട്ടികളുടെ അരങ്ങേറ്റം നടക്കുന്നു. വിവിധ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് കുട്ടികള്‍ വേദിയില്‍ നൃത്തം വയ്ക്കുകയാണ്. അത് കണ്ട് ഹൃദ്യയും അവിടെനിന്ന് നൃത്തം ചെയ്യാന്‍ തുടങ്ങി. ഡാന്‍സിനോടുള്ള മോളുടെ ഇഷ്ടം തിരിച്ചറിഞ്ഞത് അന്നു മുതല്ക്കാണ്.
പിന്നീട് ടിവിയില്‍ പരിപാടിയൊക്കെ കാണുമ്പോള്‍ അത് നോക്കിനിന്നും മോള് ഡാന്‍സ് ചെയ്യുമായിരുന്നു. ഡാന്‍സിനോടുള്ള മോളുടെ താല്‍പ്പര്യം മനസ്സിലാക്കിയിട്ടാണ് കലാമണ്ഡലം ഷെഗി ടീച്ചറുടെയടുക്കല്‍ ചേര്‍ക്കുന്നത്. നാലര വയസ്സാണ് അപ്പോള്‍ പ്രായം. നൃത്തച്ചുവടുകള്‍ അവള് വേഗത്തില്‍ ഹൃദിസ്ഥമാക്കുമായിരുന്നു.
അരങ്ങേറ്റം പലപ്പോഴായി ആലോചിച്ചിരുന്നതാണ്. ആദ്യ അരങ്ങേറ്റം പ്ലാന്‍ ചെയ്തപ്പോഴായിരുന്നു സുരാജേട്ടന്റെ അച്ഛന്റെ മരണം. അതോടെ അത് മുടങ്ങി. കൊറോണയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി പരിപാടികളൊന്നും നടക്കുന്നുണ്ടായിരുന്നില്ലല്ലോ. ഈ വര്‍ഷമാണ് അതിന് ഭാഗ്യം ഉണ്ടായത്. ആറ്റുകാല്‍ ക്ഷേത്രത്തില്‍വച്ച് അരങ്ങേറ്റം നടത്താനാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ എല്ലാ വര്‍ഷവും ടീച്ചറുടെ കുട്ടികള്‍ ഗുരുവായൂരില്‍ അരങ്ങേറ്റം നടത്താറുണ്ട്. അങ്ങനെ അവള് എവിടെ നൃത്തം ചവിട്ടി തുടങ്ങിയോ, അവിടെത്തന്നെ അരങ്ങേറ്റവും നടന്നു. അതും ഗുരുവായൂരപ്പന്റെ അനുഗ്രഹം.
ആറ്റുകാല്‍ അമ്മയുടെ നടയില്വച്ചും മോളുടെ നൃത്തം കാണണമെന്നുണ്ട്. ടീച്ചറുടെ സമയംകൂടി കണക്കിലെടുത്ത് വേണം അത് നടത്താന്‍. ഹൃദ്യയുടെ അമ്മയും സുരാജ് വെഞ്ഞാറമ്മൂടിന്റെ ഭാര്യയുമായ സുപ്രിയ കാന്‍ ചാനലിനോട് പറഞ്ഞു.
മകളുടെ അരങ്ങേറ്റ ദിവസം സുരാജ് വെഞ്ഞാറമ്മൂടും ഗുരുവായൂര്‍ നടയില്‍ എത്തിയിരുന്നു. മേല്‍പ്പത്തൂര്‍ ആഡിറ്റോറിയത്തിന്റെ മുന്‍നിരയിലിരുന്ന് നൃത്തം കണ്ടു. അരങ്ങേറ്റത്തിനുശേഷം മോളെ ആലിംഗനംചെയ്ത് അഭിനന്ദിച്ചു. അവളുടെ രണ്ട് കവിളിലും ഉമ്മ നല്കി. അതിനുശേഷമാണ് സുരാജ് തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി കണ്ണൂരിലേയ്ക്ക് മടങ്ങിയത്.
ഒറ്റ ദിവസംകൊണ്ട് 15 ലക്ഷത്തിലേറെ പേര് കണ്ട ഹൃദ്യ സുരാജിന്റെ നൃത്തം കാണാം:
Recent Comments