ശബരിമലയിൽ വൻ ഭക്തജന തിരക്ക്. ഇന്നു പുലർച്ചെ മൂന്നു മണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ പുതുതായി ചുമതലയേറ്റ മേൽശാന്തി അരുൺ നമ്പൂതിരി നട തുറന്നു. ഉച്ചയ്ക്ക് ഒരു മണിക്ക് നട അടയ്ക്കും. വൈകിട്ട് മൂന്നു മണിക്ക് വീണ്ടും നട തുറക്കും. രാത്രി 11 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും.
ഇത്തവണ ദർശനം സമയം 16ൽ നിന്ന് 18 മണിക്കൂറാക്കി ഉയർത്തിയിട്ടുണ്ട്. ഇന്ന് 70,00O പേരാണ് വെർച്വൽ ക്യൂ ബുക്കിങ് വഴി ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. 10,000 പേർ സ്പോട് ബുക്കിങ് വഴിയും ദർശനത്തിനെത്തും. പമ്പ, എരുമേലി, പീരുമേട് എന്നിവിടങ്ങളിലെ എന്‍ട്രി പോയിന്റുകളില്‍ ബുക്ക് ചെയ്യുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്.
തീര്‍ഥാടനം സുഗമമാക്കാന്‍ അതിവിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മരക്കൂട്ടംമുതല്‍ സന്നിധാനം വരെ തീര്‍ഥാടകര്‍ക്ക് വിശ്രമിക്കുന്നതിനായി 1000 സ്റ്റീല്‍ കസേരകള്‍ സ്ഥാപിച്ചിട്ടുണ്ട്. സന്നിധാനം മുതല്‍ ശരംകുത്തി വരെ 60 ഓളം ചുക്കുവെള്ള കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. തീര്‍ഥാടകര്‍ എത്തുന്ന എല്ലാ പ്രധാനസ്ഥലങ്ങളിലും കുടിവെള്ളമെത്തിക്കാന്‍ ജലഅതോറിറ്റി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
നിലയ്ക്കലില്‍ 5 വിരിഷെഡിലായി 5000 പേര്‍ക്ക് വിരി വയ്ക്കാനുള്ള സൗകര്യമുണ്ട്. കൂടാതെ നിലക്കലില്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് സമീപം 3000 പേര്‍ക്ക് കൂടി വിരി വയ്ക്കുവാന്‍ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പമ്പയില്‍ പുതുതായി നാലു നടപ്പന്തലുകള്‍ കൂടിയുണ്ട്. അവിടെ 4000 പേര്‍ക്ക് വരിനിൽക്കാനുള്ള സൗകര്യം ഉണ്ട്. രാമമൂര്‍ത്തി മണ്ഡപത്തിന് പകരം 3000 പേര്‍ക്ക് കൂടി വിരി വയ്ക്കാന്‍ കഴിയുന്ന താല്‍ക്കാലിക സംവിധാനം ഒരുക്കിയിട്ടുണ്ട്.
13600 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ്. ശ്രീജിത്താണ് ചീഫ് പൊലീസ് കോഓർഡിനേറ്റര്‍. ദക്ഷിണമേഖലാ ഐജി ജി. സ്പര്‍ജന്‍കുമാറിനെ ജോയിന്റ് കോഓർഡിനേറ്ററായും നിയോഗിച്ചിട്ടുണ്ട്.
Recent Comments