സൈജു കുറുപ്പ്, അജു വര്‍ഗീസ്, വിജയരാഘവന്, സൃന്ദ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘പാപ്പച്ചന് ഒളിവിലാണ്’. ആഗസ്റ്റ് 4 ന് ചിത്രം റിലീസിനൊരുങ്ങുകയാണ്. നാട്ടിലെ അറിയപ്പെടുന്ന വേട്ടക്കാകരന്റെ മകനാണ് പാപ്പച്ചന്. അപ്പനെപ്പോലെ താനും ഒരു വേട്ടക്കാരനാണെന്നാണ് പാപ്പച്ചന് അവകാശപ്പെടുന്നത്. തന്റെ വീരസ്യം സ്ഥാപിക്കുന്നതിനായി പാപ്പച്ചന് നുണകള്‍ക്കു മുകളില്‍ നുണ കെട്ടിപ്പൊക്കുന്നു. തുടര്‍ന്നു നടക്കുന്ന സംഭവ വികാസങ്ങളാണ് പാപ്പച്ചന് ഒളിവിലാണ് എന്ന ചിത്രം പറയുന്നത്. ചിത്രത്തെക്കുറിച്ച് സംവിധായകന് സിന്റോ സണ്ണി കാന്‍ ചാനല്‍ മീഡിയയോട് മനസു തുറക്കുന്നു.
പാപ്പച്ചന് തീയറ്ററിലേക്ക്
ഒരു കുടിയേറ്റ ഗ്രാമത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ് ‘പാപ്പച്ചന് ഒളിവിലാണ്’. വളരെയധികം സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് ഇതിലെ കേന്ദ്രകഥാപാത്രമായ പാപ്പച്ചന്. നാട്ടിലെ അറിയപ്പെടുന്ന വേട്ടക്കാരനായിരുന്ന തന്റെ അപ്പനെ അനുകരിക്കാനാണ് പാപ്പച്ചന് ശ്രമിക്കുന്നത്. താനും വലിയ നായാട്ടുകാരനാണെന്നാണ് പാപ്പച്ചന് അവകാശപ്പെടുന്നത്. പാപ്പച്ചന് ഒരുപാട് നുണ പറയും. ഇതുമൂലം പാപ്പച്ചന് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളാണ് ഈ സിനിമയുടെ കാമ്പ്. പാപ്പച്ചന്റെ കണ്ണിലൂടെയാണ് സിനിമയിലെ കഥ മുന്നോട്ടു പോകുന്നത്. അയാളുടെ പ്രണയവും ജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം.
മലയോരത്തുനിന്നും സിനിമയിലേക്ക്
2014 ലാണ് ഞാന്‍ ‘നൂല്പാലം’ സംവിധാനം ചെയ്യുന്നത്. അതിനു ശേഷം ജിബു ജേക്കബിനൊപ്പം പ്രവര്‍ത്തിച്ചു. ’99 മര്‍ഡര്‍’ കൊവിഡ് കാലത്ത് ഒടിടിക്കുവേണ്ടി സംവിധാനം ചെയ്ത സിനിമയാണ്. സ്കൂളില്‍ പഠിക്കുന്ന കാലത്തൊന്നും സിനിമ എന്റെ സ്വപ്നമായിരുന്നില്ല. ഞാന്‍ സെമിനാരി സ്കൂളിലാണ് പഠിച്ചത്. ഇടക്കാലത്ത് അതല്ല എന്റെ വഴിയെന്ന് തോന്നി. പോസ്റ്റ് ഗ്രാജുവേഷന് പഠനത്തിനു ശേഷം സൗണ്ട് എഞ്ചിനീയറിങ് പഠിച്ചു. വിവിധയിടങ്ങളില്‍ ജോലി ചെയ്തുവരവെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്. ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് ഞാന്‍ ജിബു ജേക്കബിന്റെ അടുത്ത് എത്തുന്നത്. അതും ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വണ്ടി ഓടിക്കുന്നതിനാണ് അവിടെ എത്തുന്നത്. പിന്നീട് ജിബു ചേട്ടനൊപ്പം അസിസ്റ്റന്റായി, അസോസിയേറ്റായി. അവസാനം സുരേഷ് ഗോപിയുടെ മേ ഹും മൂസയിലും അസോസിയേറ്റായിരുന്നു- സിന്റോ സണ്ണി തുടര്‍ന്നു.
ആ യാദൃശ്ചിക സംഭവം
ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ പന്തലാംപാടം സ്കൂളില്‍ വെച്ചാണ് സിനിമാ ഷൂട്ടിങ് ആദ്യമായി കാണുന്നത്. ആ സിനിമയുടെ അസോസിയേറ്റ് ക്യാമറാമാന് ആയിരുന്നു ജിബു ചേട്ടന്. ആ സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ക്കൊപ്പം പിന്നീട് സിനിമ ചെയ്യാനായത് യാദൃശ്ചികമാണെന്നേ പറയാനൊക്കൂ.
നിരവധി ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്ററികളും പരസ്യങ്ങളും സിന്റോ സംവിധാനം ചെയ്തിട്ടുണ്ട്. പാലക്കാട് ജില്ലയിലെ വാണിയമ്പാറയില്‍ നിന്നാണ് സിന്റോ സിനിമാലോകത്തേക്ക് കടന്നുവരുന്നത്. സിനിമയില്‍ എത്തിയിട്ട് പതിനൊന്നു വര്‍ഷത്തോളമായി. അതില്‍ പത്ത് വര്‍ഷത്തോളം കഠിനാധ്വാനത്തിന്റെ നാളുകളായിരുന്നു. ജിബു ജേക്കബിനൊപ്പം പ്രവര്‍ത്തിച്ച നാളുകളാണ് ഊര്‍ജ്ജമായി മാറുന്നതെന്ന് സിന്റോ പറയുന്നു.
ഭാവി പ്രൊജക്ടുകള്‍
വിനായക് ഫിലിംസിന്റെ ബാനറില്‍ സൈജു കുറുപ്പിനെ നായകനായി ഒരു സിനിമ ചെയ്യുന്നുണ്ട്. സുരേഷ് ഗോപി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന എം പദ്മകുമാറിന്റെ സിനിമയുടെ തിരക്കഥ ഒരുക്കുന്നതും സിന്റോയാണ്.
Recent Comments