‘സാജന്‍ബേക്കറി സിന്‍സ് 1962’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ സോങ് കഴിഞ്ഞ ദിവസമാണ് അജുവര്‍ഗ്ഗീസ് ഷെയര്‍ ചെയ്തുതന്നത്. അതിനുമുമ്പേ മമ്മൂട്ടി തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ അത് റിലീസ് ചെയ്തിരുന്നു.
4 മിനിറ്റ് 24 സെക്കന്റ് ദൈര്‍ഘ്യമുള്ള ആ ടൈറ്റില്‍ സോങിലൂടെ ഒന്ന് കണ്ണോടിച്ചപ്പോള്‍ പെട്ടെന്ന് ശ്രദ്ധയില്‍ പെട്ടത്, അജുവും ലെനയും തമ്മിലുള്ള കലഹങ്ങളാണ്. അതിനുള്ള കാരണങ്ങള്‍ തേടിയാണ് അജുവിനെത്തന്നെ നേരിട്ട് വിളിച്ചത്…
സാജന്ബേക്കറിയില് അജുവും ലെനയും ചെയ്യുന്ന കഥാപാത്രങ്ങളെക്കുറിച്ച് ഒന്ന് പറയാമോ?
എന്റെ സഹോദരിയാണ് ലെനചേച്ചി. ബെറ്റ്സി എന്നാണ് കഥാപാത്രത്തിന്റെ പേര്. ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ബോബിനും.
നിങ്ങളുടെ കലഹങ്ങളാണല്ലോ അത് മുഴുവനും?
ഞങ്ങളുടെ അപ്പച്ചന്റെ പേരിലുള്ളതാണ് സാജന് ബേക്കറി. അപ്പച്ചന്റെയും അമ്മച്ചിയുടെയും മരണശേഷം അമ്മാവന് ചെറിയാച്ചനാണ് (ഗണേഷ്കുമാര്) ബേക്കറിയുടെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത്.
ചേച്ചി വിവാഹിതയാണ്. പക്ഷേ ചില പ്രശ്നങ്ങളുടെ പേരില്‍ വീട്ടില്‍ വന്ന് നില്‍പ്പാണ്. എല്ലാം വിറ്റുപെറുക്കി ആസ്ട്രേലിയയില്‍ പോകണമെന്നാണ് എന്റെ ആഗ്രഹം. അതിന് ബേക്കറിയും ചേച്ചിയും തടസ്സമാകുമ്പോള്‍ ഉണ്ടാകുന്ന കലഹങ്ങളാണ് നിങ്ങള്‍ അതില്‍ കാണുന്നത്.
ബോബിന് വളരെ സെല്‍ഫിഷാണ്. എന്നു കരുതി ക്രൂരനൊന്നുമല്ല. ചേച്ചിയോട് സ്നേഹമൊക്കെയുണ്ട്. എന്നാല്‍ തന്റെ ആഗ്രഹങ്ങള്‍ക്ക് ചേച്ചി തടസ്സമാകുമെന്ന് വന്നപ്പോഴുള്ള സ്വാഭാവിക പ്രതികരണങ്ങളാണ് എല്ലാം. ആങ്ങളയും പെങ്ങളും ഉള്ള ഏതൊരു വീട്ടിലും ഇത് പതിവാണല്ലോ.
ഈ സിനിമയിലെ കഥയ്ക്കോ കഥാപാത്രങ്ങള്‍ക്കോ ജീവിച്ചിരിക്കുന്നവരുമായി ബന്ധമുണ്ടോ?
സിനിമയുടെ സംവിധായകന് അരുണ്ചന്ദിന്റെ കൂട്ടുകാരന് സാജന് ബേക്കറി എന്ന പേരില്‍ ഒരു കട ഉണ്ട്. എന്നാല്‍ അയാളുടെ ജീവിതകഥയല്ല ഈ സിനിമ. ഇത് പൂര്‍ണ്ണമായും സൃഷ്ടിച്ചെടുത്ത ഫിക്ഷനാണ്.
അജുവിന്റെ പൂന്തിവിളയാട്ടമാണല്ലോ ഇതില്‍ കാണാനാകുന്നത്?
ഞാന്‍ ഇന്നോളം ചെയ്യാത്ത കഥാപാത്രപാത്രമല്ല ബോബിന്റേത്. എന്നാല്‍ തമാശ സൃഷ്ടിക്കാന്‍വേണ്ടി ബോധപൂര്‍വ്വമായി ഒന്നും ചെയ്യുന്നില്ല. സ്വാഭാവിക പ്രകടനങ്ങളാണ് എല്ലാം. അതുതന്നെയാണ് ആ കഥാപാത്രത്തിന്റെ പ്രത്യേകതയും.
ഈ സിനിമയിലെ തിരക്കഥാ രചനയിലും അജു ഭാഗമാണല്ലോ?
ഒരു അപ്രന്റീസ്, അത്രയേയുള്ളൂ. തിരക്കഥ എന്താണെന്ന് മനസ്സിലാക്കാനും അതിനെക്കുറിച്ച് പഠിക്കാനുമുള്ള അവസരമായിട്ടാണ് ഞാനിതിനെ കാണുന്നത്. തിരക്കഥ പൂര്‍ണ്ണമായും അരുണും സച്ചിനും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്. അതിനിടയില്‍ മനസ്സില്‍ തോന്നുന്ന ആശയങ്ങള്‍ അവരോട് പങ്കുവയ്ക്കും. സംഭാഷണങ്ങള്‍ ഇങ്ങനെയായാല്‍ നന്നാകുമെന്ന് പറയും. അത്രയൊക്കെയുള്ള എന്റെ സംഭാവന.
സാജന് ബേക്കറി നല്കുന്ന സന്ദേശമെന്താണ്?
സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചാണ് സിനിമ അടിവരയിട്ട് പറയുന്നത്. സ്ത്രീകള്‍ക്ക് അവരുടേതായ അവകാശങ്ങളുണ്ടെന്നും അത് കാത്തുസൂക്ഷിക്കേണ്ടതാണെന്നുമുള്ള വ്യക്തമായ സന്ദേശം ഈ ചിത്രം പറയാതെ പറയുന്നുണ്ട്. മൂന്നു സ്ത്രീകഥാപാത്രങ്ങളാണ് ഇതിലുള്ളത്. ലെന, ഗ്രേസ്, രഞ്ജിത എന്നിവരാണ് ആ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂന്ന് കഥാപാത്രങ്ങളും വ്യക്തമായ ഐഡന്റിറ്റി ഉള്ളവരാണ്.
റിലീസ്?
അതിനെക്കുറിച്ച് മാത്രം എന്നോട് ചോദിക്കരുത്. കോവിഡ് കാലമല്ലെ. അതൊന്ന് കലങ്ങി തെളിയട്ടെ. എന്നിട്ടേ ഇക്കാര്യത്തിലൊരു തീരുമാനമെടുക്കാന്‍ കഴിയൂ.
Recent Comments