ശെയ്ലീകൃഷനെ ഞങ്ങള്‍ ആദ്യം കാണുന്നത് ‘ജാക്ക് ആന്റ് ജില്ലി’ന്റെ ഹരിപ്പാട് ലൊക്കേഷനില്‍വച്ചാണ്. സന്തോഷ് ശിവനാണ് അവരെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയത്. സ്വര്‍ണ്ണമുടിയും പൂച്ചക്കണ്ണുകളും ഗോതമ്പിന്റെ നിറവുമുള്ള കാശ്മീരി സുന്ദരി. കാശ്മീരിലെ അഭയാര്‍ത്ഥിക്യാമ്പില്‍ കഴിഞ്ഞിട്ടുണ്ട് ശെയ്ലീ. അവിടുത്തെ കഠിനമായ ജീവിതസാഹചര്യങ്ങളെ അതിജീവിച്ചാണ് അവര്‍ സിനിമയുടെ മായികലോകത്തേയ്ക്കെത്തുന്നത്. മോഡലിംഗിലൂടെയായിരുന്നു തുടക്കം. സന്തോഷ് ശിവന്റെ മോഹ, ജാക്ക് ആന്റ് ജില് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ആമസോണിന്റെ സ്വപ്നപദ്ധതിയും 100 കോടി ബഡ്ജറ്റില്‍ പൂര്‍ത്തിയായി പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്ന ദി ലാസ്റ്റ് ഹവര്‍ എന്ന വെബ്സീരിയസിലെ പ്രധാന താരവുമാണ് ശെയ്ലീ. ശെയ്ലീ ആദ്യമായി ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കുന്ന അഭിമുഖം കൂടിയാണ്. ശെയ്ലീയുമായി കാന്‍ ചാനലിന്റെ പ്രതിനിധി മേഘ നടത്തിയ അഭിമുഖത്തില്‍നിന്ന്.
⇒ കശ്മീരിലാണ് ജനിച്ചതെന്ന് പറഞ്ഞല്ലോ, ബാല്യകാല ഓര്‍മ്മകള്‍ ഒന്ന് പങ്കുവെക്കാമോ?
കശ്മീരിലെ അനന്തനാഗ് എന്ന സ്ഥലത്ത്, ബോര്ഡറില് ആണ് ഞാന്‍ ജനിച്ചത്. 9 വയസ്സുവരെ അഭയാര്‍ത്ഥി ക്യാമ്പിലാണ് വളര്‍ന്നത്. ഭീകരമായ ഒരു കുട്ടിക്കാലമായിരുന്നു എന്റേത്. അവിടെനിന്ന് രക്ഷപ്പെടുമെന്നുപോലും ഞാന്‍ കരുതിയിരുന്നില്ല.
⇒ അങ്ങനെയുള്ള ചുറ്റുപാടില്‍ വളര്‍ന്നിട്ടും എങ്ങനെയാണ് ഈ മേഖലയിലേക്ക് കടന്നുവന്നത്? കശ്മീര്‍ പോലെയുള്ള സ്ഥലത്ത് ജനിച്ചു, ഇതുപോലെ ഒരു ഗ്ലാമര്‍ ലോകത്തേക്ക് കടന്നു വരാനുള്ള പ്രചോദനം?
ഇന്ത്യയിലെ പല സ്ഥലങ്ങളിലും ഈ പ്രശ്നം ഉണ്ട്. കശ്മീരിലും അത് ബാധകമാണ് എന്ന് മാത്രം. പക്ഷേ എന്റെ മാതാപിതാക്കള്‍ വളരെ വിശാലഹൃദയരും പ്രോഗ്രസീവ് ചിന്താഗതിക്കാരും ആണ്. ഒമ്പതാം വയസ്സില്‍ ആണ് ഞാന്‍ ആദ്യമായി ഒരു ചലച്ചിത്രം കാണുന്നത്. അതിലെ നൃത്തവും സംഗീതവും എന്നെ ഒരുപാട് ആകര്‍ഷിച്ചു. അന്നുമുതലാണ് സിനിമയോട് എനിക്ക് ആഗ്രഹം തോന്നിത്തുടങ്ങിയത്.
⇒ അഭയാര്‍ഥി ക്യാമ്പില്‍ നിന്നും എങ്ങനെ ആണ് സിനിമയിലേക്ക് എത്തിയത്?
എന്റെ പതിനാലാമത്തെ വയസ്സിലാണ് ബാംഗ്ലൂരില്‍ വെച്ച് സഹോദരനൊപ്പം ‘ഉറുമി’ എന്ന സിനിമ കാണുന്നത്. അന്നുവരെ ഒരു ആഗ്രഹം മാത്രമായിരുന്നു എനിക്ക് സിനിമ. അതിനുശേഷം ഒരു പാഷനായി മാറി. എന്റെ ആഗ്രഹം ഞാന്‍ മാതാപിതാക്കളോട് പങ്കുവെക്കുകയും അവര്‍ എന്റെ തീരുമാനത്തെ പിന്തുണയ്ക്കുകയും ചെയ്തു. അന്ന് മുതല്‍ ഞാന്‍ ആ ലക്ഷ്യത്തിനുവേണ്ടി പരിശ്രമിക്കാന്‍ തുടങ്ങി.
⇒ ആരെങ്കിലും ജീവിതത്തില്‍ നിമിത്തമായിട്ടുണ്ടോ?
തീര്‍ച്ചയായും ഉണ്ട്. എന്റെ മാതാപിതാക്കള്‍. അവര്‍ ഇല്ലെങ്കില്‍ എനിക്ക് ഇങ്ങനെ ഒരു മേഖലയിലേക്ക് കടന്നു വരാന്‍ സാധിക്കില്ല. ഒരിക്കല്‍ ഞാന്‍ ഒരു കഫെയില്‍ ഇരിക്കുമ്പോള്‍ ഒരാള്‍ എന്നെ സമീപിക്കുകയും, പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു. ഇതാണ് തുടക്കം എന്ന് കരുതി കൊണ്ട് ഞാന്‍ പരസ്യചിത്രങ്ങളില്‍ അഭിനയിച്ചു തുടങ്ങി. എന്റെ പരസ്യചിത്രങ്ങള്‍ കാണാനിടയായ രവിവര്‍മ്മന്‍ സാറിനെ ഒരിക്കല്‍ കാണാനും സംസാരിക്കാനും എനിക്ക് ഭാഗ്യമുണ്ടായി. അദ്ദേഹത്തിലൂടെയാണ് ഞാന്‍ സിനിമയെ കുറിച്ചും മോഡലിങിനെക്കുറിച്ചും കൂടുതല്‍ അറിയുന്നതും പഠിക്കുന്നതും. അതിന്റെ ഭാഗമായി ഞാന്‍ നൃത്തവും അഭിനയമൊക്കെ പഠിച്ചുതുടങ്ങി.
⇒ സിനിമ മേഖലയിലുള്ളവരുടെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ് സന്തോഷ് ശിവന് ചിത്രങ്ങളില്‍ അഭിനയിക്കുക എന്നത്. സന്തോഷ് ശിവനുമായിട്ടുള്ള ബന്ധത്തെ കുറിച്ച് ഒന്ന് പറയാമോ?
രവിവര്‍മ്മന്‍ സാറാണ് സന്തോഷ് സാറിനെ പരിചയപ്പെടുത്തി തന്നത്. സന്തോഷ് സാറിനെ കുറിച്ച് പറയാന്‍ ഒരുപാടുണ്ട്. ഒരു എന്‍സൈക്ലോപീഡിയ എന്നു തന്നെ പറയാം. എന്റെ ഉള്ളിലെ നടിയെ പുറത്തുകൊണ്ടുവരാന്‍ സഹായിച്ചത് സന്തോഷ് സാറാണ്. ഏറ്റവും വലിയ ഭാഗ്യം എന്നത് അദ്ദേഹത്തിന്റെ രണ്ട് ചിത്രങ്ങളില്‍ എനിക്ക് അഭിനയിക്കാന്‍ സാധിച്ചു. മലയാളത്തില്‍ റിലീസാകാനൊരുങ്ങുന്ന ജാക്ക് ആന്‍ഡ് ജില് എന്ന ചിത്രത്തിലാണ് ഞാന്‍ ഒടുവിലായി അഭിനയിച്ചത്.
⇒ ആമസോണ്‍ വെബ്സീരീസിലും അഭിനയിച്ചിട്ടുണ്ട് അല്ലെ? അതിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കു വയ്ക്കാമോ?
ദി ലാസ്റ്റ് ഹവര്‍ എന്ന സീരീസില്‍ ആണ് ഞാന്‍ അഭിനയിച്ചത്. ഒരു സൂപ്പര്‍ നാച്ചുറല്‍ സ്റ്റോറി ആണ് ദി ലാസ്റ്റ് ഹവര്‍. കൂടുതല്‍ പറയുന്നതിനേക്കാളും നല്ലത് അതു ആസ്വദിച്ചു അറിയുന്നതാണ്.
⇒ സിനിമയിലേക്ക് വന്നില്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു?
രണ്ടാമതൊന്നു ആലോചിക്കാതെ തന്നെ എനിക്ക് പറയാന്‍ സാധിക്കും, ഒരു പൊളിറ്റിക്കല്‍ ലീഡര്‍. കാരണം ഒരു അഭയാര്‍ഥി ക്യാമ്പില്‍ ജനിച്ചുവളര്‍ന്ന എനിക്ക് അറിയാം എന്റെ നാടിന്റെ അവസ്ഥ. എന്റെ നാടിനോടുള്ള പ്രതിബദ്ധത അതിലൂടെ മാത്രമേ തീര്‍ക്കാന്‍ സാധിക്കുകയുള്ളൂ. ഇപ്പോഴും അഭയാര്‍ഥികളായി കഴിയേണ്ടിവരുന്ന കുട്ടികള്‍ക്കു എന്തെങ്കിലും ചെയ്യുക എന്നത് എന്റെ ലക്ഷ്യമാണ്. അതുകൊണ്ടുതന്നെ ഒരു പൊളിറ്റിക്കല്‍ കരിയര്‍ ഞാന്‍ തിരഞ്ഞെടുക്കും.
⇒ വിദ്യാഭ്യാസം, ഭാവിപരിപാടികള്‍, പുതിയ ചിത്രങ്ങള്‍ എന്നിവയെക്കുറിച്ച് പങ്കുവെക്കാമോ?
ഓഡിയോളജിയില്‍ ഡിഗ്രി കംപ്ലീറ്റ് ചെയ്തിട്ടുണ്ട്. ഇന്‍ഡോ അമേരിക്കന്‍ സിനിമയായ അപ്സരയാണ് പുറത്തിറങ്ങാനുള്ള ചിത്രം. കൂടാതെ സന്തോഷ് സാറിന്റെ മലയാളചിത്രമായ ജാക്ക് ആന്‍ഡ് ജില്, സിന് എന്നീ ചിത്രങ്ങളും പുറത്തിറങ്ങാന്‍ ഉണ്ട്. പൃഥ്വിരാജിന്റെ ഒരു വലിയ ഫാനാണ് ഞാന്‍. അതുപോലെതന്നെ മഞ്ജുച്ചേച്ചി ആയിട്ടും നല്ല ബന്ധം സ്ഥാപിക്കാന്‍ സാധിച്ചു. ഒരുപാട് മലയാള സിനിമകള്‍ കാണാന്‍ അവസരം ഉണ്ടായി. നല്ല മലയാള ചിത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ്.
Visit our gallery for more images: SHAYLEE KRISHEN
Recent Comments