ജയസൂര്യ നായകനാകുന്ന ജോണ്‍ ലൂഥര്‍ മെയ് 27 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. ലൂഥറിന്റെ വിശേഷങ്ങള്‍ അറിയാന്‍ ജയസൂര്യയെ വിളിക്കുമ്പോള്‍ അദ്ദേഹം ദുബായിലായിരുന്നു. കുടുംബസമേതം വെക്കേഷന് ട്രിപ്പിനെത്തിയതായിരുന്നു. ഇത്തരം യാത്രകള്‍ ജയനെയും കുടുംബത്തെയും സംബന്ധിച്ചിടത്തോളം പതിവുള്ളതാണെങ്കിലും കോവിഡിനെത്തുടര്‍ന്ന് രണ്ട് കൊല്ലമായി മുടങ്ങി കിടക്കുകയാണ്. അതിന്റെ എല്ലാ കേടുപാടുകളും തീര്‍ത്താണ് ഇത്തവണത്തെ യാത്ര. തിരക്കുകള്‍ക്കിടയിലും ലൂഥറിനെക്കുറിച്ച് ചോദിക്കുമ്പോള്‍ ജയന് വാചാലനാകുന്നുണ്ടായിരുന്നു.
ജോണ്‍ ലൂഥറിലേയ്ക്ക് ജയസൂര്യ എത്തിച്ചേര്‍ന്നതെങ്ങനെയാണ്?
‘നിരവധിപ്പേര്‍ എന്നോട് വന്ന് കഥ പറയാറുണ്ട്. ഏറെയും പുതുമുഖങ്ങളാണ്. അക്കൂട്ടത്തില്‍ രണ്ട് തവണ കഥ പറഞ്ഞ് പോയവരുമുണ്ട്. പലരുടെയും മുഖം ഞാന്‍ ഓര്‍ക്കാറില്ല. അക്കൂട്ടത്തില്‍ ഒരാളാണ് ജോണ്‍ ലൂഥറിന്റെ കഥാകാരന് അഭിജിത്ത് ജോസഫും. ഇക്കാര്യം അഭിജിത്ത് തന്നെയാണ് എന്നോട് പറഞ്ഞതും. ആദ്യം പറഞ്ഞ കഥ അത്ര ശക്തമത്തായിരുന്നില്ല. കുറെകൂടി ഡെപ്ത്ത് ഉള്ള എന്തെങ്കിലും പറയാനാവശ്യപ്പെട്ടാണ് അയാളെ തിരിച്ചയച്ചത്. ഇത്തവണ അയാളെന്നെ ഞെട്ടിച്ചുകളഞ്ഞു. കഥപറയുന്ന രീതിയില്‍പോലും വല്ലാത്തൊരു മനോഹാരിതയുണ്ടായിരുന്നു. മുമ്പ് അങ്ങനെ ഒരാളെ കണ്ടിട്ടുള്ളത് റോഷന് ആന്‍ഡ്രൂസിലാണ്. കഥ നറേറ്റ് ചെയ്യുന്ന രീതിയിലാണ് അദ്ദേഹം ഷൂട്ട് ചെയ്യുന്നതും.
അങ്ങനെയൊരു ആത്മവിശ്വാസം അഭിജിത്തിലും എനിക്കുണ്ടായിരുന്നു. പക്ഷേ അയാള്‍ നവാഗതനാണ്. നിര്‍മ്മാതാവ് മുതലിങ്ങോട്ട് അദ്ദേഹത്തെ സംശയദൃഷ്ടിയോടേ കാണൂ. എന്നെ വിശ്വസിച്ചാണ് എല്ലാവരും മുന്നോട്ട് വന്നത്. ഈ സിനിമയ്ക്ക് ലഭിച്ച വലിയ സൗഭാഗ്യം ഒരു നല്ല ടീമിനെ ഒപ്പം കിട്ടിയെന്നുള്ളതാണ്. നിര്‍മ്മാതാവ് തോമസ് പി. മാത്യു, ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് രാജ്, കലാസംവിധാനം അജയന് മങ്ങാട്, കോസ്റ്റിയൂമര്‍ സരിത ജയസൂര്യ, സമീറാ സനീഷ്, എഡിറ്റര്‍ പ്രവീണ്‍ പ്രഭാകര്‍, സംഗീത സംവിധായകന് ഷാന്‍ റഹ്മാന്, ഡിസ്ട്രിബ്യൂട്ടേഴ്സ് സെഞ്ച്വറി ഫിലിംസ് ഇവരുടെയൊക്കെ കൂട്ടായ്മയാണ് ജോണ്‍ ലൂഥറിനെ ഏറ്റവും മികച്ചൊരു സിനിമയാക്കി മാറ്റിയത്.’
ജയന് ഇതുവരെ ചെയ്ത പോലീസ് വേഷങ്ങളില്‍നിന്ന് ജോണ്‍ ലൂഥര്‍ എങ്ങനെയൊക്കെയാണ് വ്യത്യാസപ്പെടുന്നത്?
മുംബയ് പോലീസില്‍ ഞാന്‍ ചെയ്ത ആര്യന് ജോണ്‍ എന്ന കഥാപാത്രം വളരെ പാഷനേറ്റഡായി ആ തൊഴില്‍ സ്വീകരിച്ച ആളല്ല. അച്ഛന്റെ നിര്‍ബ്ബന്ധത്തിന് വഴങ്ങി പോലീസില്‍ ചേര്‍ന്നൊരാളാണ്. എന്നാല്‍ ജോണ്‍ ലൂഥര്‍ അങ്ങനെയല്ല. സമര്‍ത്ഥനായ ഒരു പോലീസ് ഉദ്യോഗസ്ഥനാവുക എന്നത് അയാളുടെ സ്വപ്നമായിരുന്നു. അതിനിടയിലാണ് അയാള്‍ക്ക് ആ അത്യാപത്ത് സംഭവിക്കുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥന് അയാളുടെ അന്വേഷണ കാര്യങ്ങളില്‍ ഏറ്റവും അത്യാവശ്യം വേണ്ട ഒരു ശാരീരിക മികവ് നഷ്ടമാവുകയാണ്. ആ പരിമിതിയെ അയാള്‍ എങ്ങനെ അതിജീവിച്ച് മുന്നോട്ട് പോകുന്നുവെന്നാണ് കഥ പറയുന്നത്.
സാധാരണ പോലീസ് കഥകളില്‍ കുടുംബന്ധങ്ങള്‍ക്ക് അധികം പ്രസക്തി ഉണ്ടാകാറില്ല. പക്ഷേ ജോണ്‍ ലൂഥറില്‍ ഇവ രണ്ടും പരസ്പരം ബന്ധപ്പെട്ട് നില്‍ക്കുകയാണ്. കുടുംബവുമായി ബന്ധപ്പെട്ട ധാരാളം വൈകാരിക മുഹൂര്‍ത്തങ്ങളും ചിത്രത്തിലുണ്ട്.
ജോണ്‍ ലൂഥറിന്റെ പ്രിവ്യു ഞാന്‍ കണ്ടിരുന്നു. ഒരു നടന് എന്ന നിലയിലും ഒരു ആസ്വാദകനെന്ന നിലയിലും ആ സിനിമയില്‍ ഞാന്‍ സന്തോഷവാനാണ്. ഇനി എല്ലാം തീരുമാനിക്കേണ്ടത് പ്രേക്ഷകരണാണ്.
സിദ്ധിക്ക്, ശ്രീലക്ഷ്മി, ആത്മിയ രാജന്, ദീപക് പരമ്പോള്‍ അങ്ങനെ നിരവധി താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടല്ലോ?
സിദ്ധിക്കയ്ക്കൊപ്പം ഞാന്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എനിക്ക് ഇഷ്ടമുള്ള അഭിനേതാക്കളില്‍ ഒരാളാണ് അദ്ദേഹം. ഈ സിനിമയില്‍ എന്റെ അച്ഛനായിട്ടാണ് സിദ്ധിക്ക അഭിനയിക്കുന്നത്. ഞങ്ങളുടെ കോമ്പിനേഷനുകളിലുള്ള വളരെ മനോഹരമായ സീനുകളുണ്ട്. ഞങ്ങള്‍ ഒരുമിച്ചുള്ള രംഗങ്ങള്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഞാന്‍ സിദ്ധിക്കയോട് അഭിപ്രായം ചോദിക്കും. അതുപോലെ സിദ്ധിക്കയും എന്നോട് ഓക്കെയാണോടാ എന്ന് തിരക്കാറുണ്ട്. ഈ കൊടുക്കല്‍ വാങ്ങല്‍ രസമുള്ള സംഗതിയാണ്.
ശ്രീലക്ഷ്മി ചേച്ചിയെ അവര്‍ അഭിനയിച്ചുതുടങ്ങിയ കാലം മുതല്‍ എനിക്കിഷ്ടമാണ്. വളരെ സ്വാഭാവിക അഭിനയരീതിയാണ് അവരുടേത്. വെള്ളമെന്ന ചിത്രത്തില്‍ എന്റെ അമ്മയായി അഭിനയിച്ചതും ശ്രീലക്ഷ്മി ചേച്ചിയാണ്. ഞങ്ങള്‍ക്കിടയില്‍ നല്ലൊരു കെമിസ്ട്രിയുമുണ്ട്. അതുകൊണ്ട് ഈ ചിത്രത്തിലും ചേച്ചി വേണമെന്നുള്ളത് ഞങ്ങളുടെ ആഗ്രഹമായിരുന്നു.
ജോസഫ് എന്ന സിനിമ കണ്ടപ്പോള്‍തന്നെ ആത്മീയ രാജനെ ഞാന്‍ ശ്രദ്ധിച്ചിരുന്നു. അവര്‍ നന്നായി അഭിനയിക്കുന്നുണ്ട്. കാണാനും സുന്ദരിയാണ്. അവരാണ് ഈ ചിത്രത്തില്‍ എന്റെ പെയര്‍ ആയി അഭിനയിക്കുന്നത്.
അതുപോലെ ദീപക്, ക്യാപ്ടന് എന്ന ചിത്രത്തില്‍ എന്നോടൊപ്പം അഭിനയിച്ചിട്ടുണ്ട്. ഞാന്‍ പറഞ്ഞല്ലോ, ജോണ്‍ ലൂതര്‍ ഒരു കൂട്ടായ്മയുടെ ചിത്രമാണ്. ഒരു വിട്ടുവീഴ്ചയ്ക്കും വഴങ്ങാത്ത സിനിമ.
Recent Comments