ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍തന്നെ കെ.പി.എ.സി. ലളിതയെ വിളിച്ചിരുന്നതാണ്. ഏതാണ്ട് രണ്ട് മാസങ്ങള്‍ക്ക് മുമ്പ്. അന്നു പക്ഷേ ഫോണ്‍ എടുത്തില്ല. ഇന്നലെ വീണ്ടും വിളിച്ചു. റിംഗ് ചെയ്യുന്നുണ്ടായിരുന്നെങ്കിലും എടുത്തില്ല. കുറച്ചുകഴിഞ്ഞ ചേച്ചി തിരിച്ച് വിളിച്ചു. ഞങ്ങള്‍ പറയുന്നത് ചേച്ചി കേള്‍ക്കുന്നുണ്ടായിരുന്നില്ല. ഹോട്ടലിലെത്തിയിട്ട് തിരിച്ച് വിളിക്കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇന്നലെ വൈകിയും വിളി ഉണ്ടായില്ല. ഇന്ന് രാവിലെ ചേച്ചിയുടെ ഫോണ്‍കോള്‍ എത്തി.
എവിടെ ചേച്ചി?
കോയമ്പത്തൂരിലാണ്. ഒരു തമിഴ് പടത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു.
ആരുടെ പടം?
ആര്.ജെ. ബാലാജിയുടെ സിനിമയാണ്. അദ്ദേഹം തന്നെയാണ് ഡയറക്ടറും. വീട്ടല വിശേഷങ്കഎന്നാണ് സിനിമയുടെ പേര്. ബദായ് ഹോ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കാണ്. മലയാളത്തില്‍നിന്ന് എന്നെക്കൂടാതെ അപര്‍ണ്ണ ബാലമുരളിയുമുണ്ട്. ആ കുട്ടിയാണ് നായിക. കഴിഞ്ഞ കുറച്ചുദിവസമായി രാത്രിയിലായിരുന്നു ഷൂട്ടിംഗ്. അതുകൊണ്ട് ഹോട്ടലിലെത്താന്‍ വൈകി. അതാണ് വിളിക്കാന്‍ കഴിയാതിരുന്നത്.
തമിഴ് സെറ്റൊക്കെ എങ്ങനെ?
കാരവനടക്കം വലിയ സൗകര്യങ്ങളാണ് നല്‍കിയിരിക്കുന്നത്. എല്ലാവരും നല്ലതുപോലെ കെയര്‍ ചെയ്യുന്നുണ്ട്. അപര്‍ണ്ണ ഉള്ളതുകൊണ്ട് മിണ്ടിയും പറഞ്ഞും ഇരിക്കാം. ഫ്രീടൈമില്‍ ആ കുട്ടി എന്റെ മുറിയിലോ ഞാന്‍ അവളുടെ മുറിയിലോ പോയിരിക്കും. വിശേഷങ്ങള്‍ പറഞ്ഞിരിക്കും.
വേറെ ആര്‍ട്ടിസ്റ്റുകള്‍ ആരൊക്കെയാണ്?
സത്യരാജും ഉര്‍വ്വശിയും ഉണ്ടെന്ന് പറഞ്ഞു. അവര്‍ ജോയിന്‍ ചെയ്തിട്ടില്ല. സീമയും ഒരു അതിഥി വേഷം ചെയ്യുന്നുണ്ടെന്നാണ് അറിഞ്ഞത്.
ആരോഗ്യം എങ്ങനെയുണ്ട് ചേച്ചി?
പ്രമേഹത്തിന്റെ അസ്കിതം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ആരോഗ്യവതിയാണ്.
നാട്ടില്‍ എന്ന് എത്തും?
ഈ മാസം അവസാനമാകും. അവിടെ വന്നിട്ട് നേരില്‍ കാണാം.
ഞങ്ങള്‍ക്കിടയിലെ സംസാരം മുറിഞ്ഞു. 1994 ല്‍ ഭാഗ്യരാജ് തിരക്കഥയും സംവിധാനം ചെയ്ത ചിത്രമാണ് വീട്ടല വിശേഷങ്ക. ആ ടൈറ്റില്‍ റൈറ്റസ് ബാലാജി ഭാഗ്യരാജില്നിന്ന് സ്വന്തമാക്കിയിരുന്നു. ഹിന്ദിയില്‍ ആയുഷ്മാന്‍ ഖുറാന ചെയ്ത വേഷമാണ് തമിഴില്‍ ബാലാജി അവതരിപ്പിക്കുന്നത്.
Recent Comments