‘പദ്മ’ റിലീസ് ചെയ്യുമ്പോള്‍ സുരഭി ലക്ഷ്മി തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു. എം.ടി. വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി, പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ‘ഓളവും തീരവും’ എന്ന ചിത്രത്തിലെ ബീവാത്തു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുരഭിയാണ്. തൊടുപുഴയിലെ ലൊക്കേഷനിലിരുന്ന് അവര്‍ ‘പദ്മ’യെക്കുറിച്ചും സംസാരിച്ചു.
‘പദ്മ’യിലേക്ക്?
ഒരു ഫോട്ടോ ഷൂട്ടും, മേക്കപ്പ് ടെസ്റ്റും നടത്തിയതിനുശേഷമാണ് അനൂപേട്ടന് എന്നെ അദ്ദേഹത്തിന്റെ സിനിമയിലേക്ക് വിളിക്കുന്നത്. ആദ്യം പറഞ്ഞത് മറ്റൊരു സിനിമയുടെ ഭാഗമാകണം എന്നാണ്. എന്നാല്‍ ആ പ്രോജക്ട് നടന്നില്ല. അതിനിടയില്‍ കോവിഡ് വന്നു. അപ്പോഴാണ് ‘പദ്മ’യെപ്പറ്റി പറഞ്ഞത്.
‘പദ്മ’യിലെ ടൈറ്റില്‍ റോള്‍?
ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞതിനുശേഷമാണ് ‘പദ്മ’ എന്നാണ് സിനിമയുടെ പേരെന്നും ടൈറ്റില്‍ റോളാണ് ഞാന്‍ ചെയ്യുന്നതെന്നും അറിയുന്നത്. ആദ്യമായി ഒരു ടൈറ്റില്‍ റോള്‍ ചെയ്യുന്നതിന്റെ സന്തോഷമുണ്ട്.
ടീസറിനു മികച്ച പ്രതികരണം?
അത് ഒരു പ്രീ പ്ലാനിങ്ങില്‍ എടുത്ത ടീസര്‍ അല്ല. പോസ്റ്റര്‍ തയ്യാറാക്കാന്‍ വേണ്ടിയുള്ള ഫോട്ടോകള്‍ എടുക്കാന്‍ വേണ്ടിയാണ് എന്നെ അനൂപേട്ടന് വിളിച്ചത്. കോവിഡ് സമയമായതുകൊണ്ട് ക്രൂവിന്റെ എണ്ണം വളരെ കുറവായിരുന്നു. ഫോട്ടോഗ്രാഫര്‍ മാത്രമാണ് ഞങ്ങളോടൊപ്പം ഉണ്ടായിരുന്നത്. അനൂപേട്ടന് അവിടെ ഇരുന്ന് എഴുതിക്കൊണ്ടിരുന്നപ്പോള്‍ ഞാനും ഫോട്ടോഗ്രാഫറും ചേര്‍ന്ന് ഒരു റീല്‍സ് ചെയ്തു. അത് കണ്ട് അനൂപേട്ടന് പറഞ്ഞു നമുക്ക് ഇങ്ങനെ ഒരു റീല്‍സ് മോഡല്‍ ടീസര്‍ എടുക്കാം എന്ന്. അങ്ങനെ വെറുതെ ഒറ്റ ഷോട്ടില്‍ എടുത്ത ഒരു ടീസര്‍ ആണത്.
ടീസറില്‍ ‘പടം പൊട്ടുമോ’ എന്ന് ചോദിക്കുന്നുണ്ടല്ലോ?
ആ ടീസര്‍ കണ്ടിട്ട് പലരും പടം പൊട്ടുമോ എന്ന് ചോദിച്ചു. ആ ടെന്‍ഷന്‍ സിനിമ ഇറങ്ങുന്നതുവരെയും ഉണ്ടായിരുന്നു.
തീയറ്ററില്‍ നിന്നും വളരെ മികച്ച പ്രതികരണമാണ് ഇപ്പോള്‍ ലഭിക്കുന്നത്?
അതേ, അതില്‍ ഒരുപാട് സന്തോഷം. നാഷണല്‍ അവാര്‍ഡിന് ശേഷം കൊമേഴ്സ്യല്‍ സിനിമയില്‍ ഇത്തരം ഒരു ടൈറ്റില്‍ റോള്‍ കിട്ടിയതില്‍ സന്തോഷവുമുണ്ട്. ഏകദേശം മൂന്നര കൊല്ലത്തിനുശേഷമാണ് ഇത്തരം ഒരു വേഷം ലഭിച്ചിരിക്കുന്നത്.
നെറ്റ്ഫ്ളിക്സ് ആന്തോളജി?
എം.ടി. വാസുദേവന്‍നായര്‍ സാറിന്റെ പത്ത് ചെറുകഥകളെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന പത്ത് ചെറു സിനിമകളാണിത്. അതിലെ രണ്ട് സിനിമകളില്‍ ഞാന്‍ അഭിനയിക്കുന്നുണ്ട്. ആദ്യത്തെ സിനിമ ജയരാജ് സാറിന്റെ ‘സ്വര്‍ഗ്ഗം തുറക്കുന്ന സമയമാണ്’. നെടുമുടി വേണു സാര്‍ അവസാനം ചെയ്ത സിനിമകളില്‍ ഒന്നാണത്. അതില്‍ അദ്ദേഹത്തിന്റെ മകളായിട്ടാണ് വേഷമിട്ടിരിക്കുന്നത്. അത് വലിയൊരു എക്സ്പീരിയന്‍സായിരുന്നു. പിന്നീട് ഇപ്പോള്‍ ഓളവും തീരവും. പ്രിയദര്ശന് സാറിന്റെയും ലാല്‍ സാറിന്റെയും കൂടെ ഒരു ചിത്രം. ഒപ്പം സന്തോഷ് ശിവന്‍സാര്‍, സാബുസിറിള്‍ സാര്‍ ഇവരോടൊപ്പമെല്ലാം വര്‍ക്ക് ചെയ്യുക എന്നത് തന്നെ അഭിമാനകരമാണ്. ഇരട്ടി സന്തോഷമാണ് ഈ ആന്തോളജി എനിക്ക് തരുന്നത്.
പുതിയ ചിത്രങ്ങള്‍?
‘കുറി’യാണ് അടുത്തതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. മികച്ച ബാലനടിക്കുള്ള അവാര്‍ഡ് കിട്ടിയ ചിത്രമാണത്. ഒപ്പം ‘തല’. അതും റിലീസിന് ഒരുങ്ങുകയാണ്. ജയരാജ് സര് ചെയ്ത ‘അവള്’ എന്നൊരു ചിത്രം കൂടി വരുന്നുണ്ട്. അവയെല്ലാം പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
അരുണിമ കൃഷ്ണന്
Recent Comments