ജോസഫും നായാട്ടും മലയാളികള്‍ക്ക് സമ്മാനിച്ച കഥാകാരനാണ് ഷാഹി കബീര്‍. അദ്ദേഹവും ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്തിരിക്കുന്നു- ഇലവീഴാപൂഞ്ചിറ. എന്തുകൊണ്ട് സംവിധായകനായി എന്ന ചോദ്യത്തിനുള്ള അദ്ദേഹത്തിന്റെ മറുപടിയും നേരിട്ടുള്ളതായിരുന്നു.
‘ഞാന്‍ സിനിമയിലേയ്ക്ക് വന്നുതന്നെ സംവിധായകനാകാനായിരുന്നു. വന്നു കഴിഞ്ഞപ്പോഴാണ് സിനിമയെ കൂറച്ചുകൂടി അടുത്തറിയണമെന്ന് തോന്നിയത്. അങ്ങനെ തൊണ്ടിമുതലും ദൃക്സാക്ഷിയുമെന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്റെ സംവിധാന സഹായിയായി. അതിനുമുമ്പേ ജോസഫ് എഴുതി പൂര്‍ത്തിയാക്കിയിരുന്നു. ജോസഫ് സിനിമയായി. പിന്നീട് നായാട്ടും സംഭവിച്ചു. അതിനുംശേഷമാണ് ഇലവീഴാപൂഞ്ചിറയിലേയ്ക്ക് എത്തുന്നത്.’
ഈ സിനിമയുടെ കഥ മറ്റു രണ്ടുപേരുടേതാണല്ലോ?
എന്റെ സഹപ്രവര്‍ത്തകര്‍തന്നെയാണ് നിതേഷും ഷാജിയും. ഞാനും നിതേഷും ഒരുമിച്ച് പോലീസ് സര്‍വ്വീസില്‍ കയറിയവരാണ്. ഇലവീഴാപൂഞ്ചിറയില്‍ പോലീസിന്റെ ഒരു വയര്‍ലസ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ ഞങ്ങള്‍ മൂന്നുപേരും വര്‍ക്ക് ചെയ്തിട്ടുണ്ട്. നിതേഷായിരുന്നു ഇതിന്റെ കഥ എന്നോട് പറയുന്നത്. കേട്ടപ്പോള്‍തന്നെ സിനിമയാക്കണമെന്ന് തോന്നി. അങ്ങനെയാണ് ഇലവീഴാപൂഞ്ചിറയുടെ പശ്ചാത്തലത്തില്‍ ഞങ്ങളൊരു തിരക്കഥ പൂര്‍ത്തിയാക്കിയത്.
ഒരു ചെറിയ സിനിമ ചെയ്യാനായിരുന്നു ആഗ്രഹം. പിന്നീടാണ് സൗബിന് ഈ കഥ ഇഷ്ടമാകുന്നത്. ഈ കഥാപാത്രത്തിന് ഏറ്റവും യോജിച്ച അഭിനേതാവും സൗബിനാണ്. സൗബിന് അത് ഗംഭീരമാക്കിയിട്ടുണ്ട്.
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ സൗബിന്റെ പശ്ചാത്തലത്തില്‍ കാണുന്ന കെട്ടിടം എന്താണ്?
ആദ്യകാലത്ത് ഇലവീഴാപൂഞ്ചിറയിലുണ്ടായിരുന്ന പോലീസിന്റെ വയര്‍ലെസ്സ് സ്റ്റേഷന് ഓഫീസാണത്. പിന്നീട് അത് പൊളിച്ചുമാറ്റി. ഇപ്പോള്‍ പുതിയ കെട്ടിടത്തിലാണ് ഓഫീസ് വര്‍ക്ക് ചെയ്യുന്നത്.
ഇതും ഒരു പോലീസ് സ്റ്റോറിയാണോ?
പോലീസ് സ്റ്റോറിയാണ്. പക്ഷേ ആദ്യ രണ്ട് സിനിമകളിലും കണ്ട പോലീസ് കഥയാകില്ല. എന്നാല്‍ ഇതൊരു ത്രില്ലറാണ്.
താരനിരക്കാരും കുറവാണല്ലോ?
അതെ, സൗബിനെ കൂടാതെ സുധികോപ്പ, ജൂഡ് ആന്തണി ജോസഫ്, ജീത്തു അഷറഫ് എന്നിവരാണുള്ളത്. അത്ര പ്രാധാന്യമുള്ള ഒരു സ്ത്രീകഥാപാത്രംപോലുമില്ല.
റിലീസ്?
ജൂലൈ അവസാനം അല്ലെങ്കില്‍ ആഗസ്റ്റ് ആദ്യം. അങ്ങനെയാണിപ്പോള് പ്ലാന്‍ ചെയ്യുന്നത്. ഷാഹി കബീര്‍ പറഞ്ഞു.
കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. മനീഷ് മാധവന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ കിരണ്‍ദാസാണ്. വിനു മുരളിയാണ്പ്രൊഡക്ഷന് കണ്ട്രോളര്.
Recent Comments