വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ‘മഹിളാരത്ന’ത്തിനുവേണ്ടി മോഹന്‍ലാലിന്റെ ചെന്നൈയിലുള്ള വീട് കവര്‍ ചെയ്യാന്‍ പോയതായിരുന്നു. ലാലിനോട് മുന്‍കൂര്‍ അനുവാദം വാങ്ങിയിരുന്നു. ഷൂട്ടിംഗ് തിരക്കിലായതിനാല്‍ ലാലിന് വരാന്‍ കഴിയില്ലെന്ന് പറഞ്ഞിരുന്നു. പകരം ഭാര്യ സുചിത്രയെ വിളിച്ച് അദ്ദേഹം എല്ലാ ഏര്‍പ്പാടുകളും ചെയ്തിരുന്നു.
ഒരു പകലാണ് ഞങ്ങള്‍ പോയത്. നുങ്കംപാക്കത്തായിരുന്നു ലാലിന്റെ പ്രശസ്തമായ ആ വീട്. വീടെന്ന് പറഞ്ഞൂടാ, ഒരു മ്യൂസിയം.
എന്നെക്കാളാവേശം എന്റെ ക്യാമറക്കണ്ണുകള്ക്കായിരുന്നു. അവിടുത്തെ അതിശയക്കാഴ്ചകള്‍ അത് ആര്‍ത്തിയോടെ അകക്കണ്ണിലാഴ്ത്തിക്കൊണ്ടിരുന്നു. ഒറ്റത്തടിയില്‍ തീര്‍ത്ത നടരാജരൂപം. ആനക്കൊമ്പിലും ചന്ദനത്തിലും തീര്‍ത്ത എണ്ണമറ്റ ശില്പ്പങ്ങള്. ചെമ്പിലും വെള്ളിയിലും തീര്‍ത്ത ആന്റിക് വസ്തുക്കള്‍. വിവിധതരം വിളക്കുകള്‍, ക്യാമറകള്‍ അങ്ങനങ്ങനെ എണ്ണിയാലൊടുങ്ങാത്ത അപൂര്‍വ്വ ശേഖരങ്ങള്‍.
വീട്ടിനകത്തെ അത്ഭുതങ്ങള്‍ പകര്ത്തിക്കഴിഞ്ഞപ്പോള് പുറത്തിറങ്ങി. അവിടെയും ഉണ്ടായിരുന്നു നിരവധി കാഴ്ചകള്‍. മണിക്കൂറുകള്‍ എടുത്തു അതെല്ലാം പകര്ത്തിത്തീരാന്. ഒരു പൂവ് ചോദിച്ചു ചെന്ന എനിക്ക് ഒരു വസന്തം ലഭിച്ച പ്രതീതിയായിരുന്നു. സന്തോഷത്തോടെയാണ് അന്നാവീടിന്റെ പടികളിറങ്ങിയത്. അടുത്ത ലക്കം മഹിളാരത്നത്തില്‍ ബഹുവര്‍ണ്ണ ചിത്രങ്ങളോടുകൂടി ആ ലേഖനം അച്ചടിച്ചുവന്നു.
അതിനുശേഷം ലാലിന്റെ ഒരു പടം കവര്‍ ചെയ്യാന്‍ കോഴിക്കോട്ട് പോയതായിരുന്നു. എന്നെ കണ്ടയുടന്‍ ലാല്‍ മാറ്റിനിര്‍ത്തി ചോദിച്ചു.
‘നിങ്ങളെന്റെ കുതിരയെ പൊട്ടിച്ചുവല്ലേ…’
സത്യത്തിലെനിക്കത് ഓര്‍മ്മയുണ്ടായിരുന്നില്ല. ലാല്‍ വിശദീകരിച്ചു, പൂന്തോട്ടത്തിലുണ്ടായിരുന്ന ടെറാക്കോട്ടയില്‍ തീര്‍ത്തൊരു കുതിര. ശരിയാണ് എനിക്കോര്‍മ്മ വന്നു. പുറത്ത് ചിത്രങ്ങള്‍ പകര്ത്തുന്നിടയില് എന്നെ സഹായിക്കാനായി അവിടത്തെ ജോലിക്കാരനും ഒപ്പം കൂടിയിരുന്നു. ഫോട്ടോ എടുക്കുന്ന സൗകര്യത്തിനായി അദ്ദേഹം പല വസ്തുക്കളും എനിക്കായി മാറ്റിവച്ചുതന്നിരുന്നു. അതിനിടയിലെപ്പോഴോ ആണ് ആ കുതിര പൊട്ടിയത്. അതിന്റെ കാര്യമാണ് ലാല്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്ത് മറുപടി പറയണമെന്നറിയാതെ ഞാന്‍ കുഴങ്ങി. ഞാനല്ലാ പൊട്ടിച്ചതെന്ന് പറഞ്ഞാല്‍ എനിക്ക് അവിടത്തെ ജോലിക്കാരന്റെ പേര് പറയേണ്ടിവരും. അതുകൊണ്ട് സ്വയം കുറ്റം ഏറ്റെടുത്ത് മിണ്ടാതെ നിന്നു.
‘എന്നാലും നിങ്ങളെന്റെ കുതിരയെ പൊട്ടിച്ചുകളഞ്ഞല്ലോ…’
പിന്നീട് എപ്പോള്‍ കണ്ടാലും ഏത് ലൊക്കേഷനില്‍ ചെന്നാലും ഇതൊരു പതിവ് പല്ലവിയായി. എന്നുമാത്രമല്ല, അടുത്താരെങ്കിലുമുണ്ടെങ്കില് അവരോടും പറയും.
‘ആ വരുന്ന ആളെ കണ്ടോ, എന്റെ കുതിരയെ പൊട്ടിച്ച ആളാണ്.’ ആ കഥ അവര്‍ക്കും വിശദീകരിച്ചു നല്‍കും.
എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി കുതിരയെ പൊട്ടിച്ച കഥ കേള്‍ക്കാറുണ്ടായിരുന്നില്ല. ലാല്‍ മറന്നുപോയിട്ടുണ്ടാവുമെന്നാണ് ഞാന്‍ കരുതിയത്. അതിന്റെ ആശ്വാസത്തിലിരിക്കുമ്പോഴാണ് രണ്ട് വര്‍ഷം മുമ്പ് താരസംഘടനയായ അമ്മയുടെ മീറ്റിംഗ് കവര്‍ ചെയ്യാന്‍ എറണാകുളത്ത് പോയത്. അവിടെ സ്റ്റേജിന് മുന്നിലാണ് ഞാന്‍ നിന്നിരുന്നത്. ഒരു മേശമേല്‍ ചാരി. ഇത് കണ്ടിട്ട് വേദിയിലുണ്ടായിരുന്ന ലാല്‍, വിളിച്ചുപറഞ്ഞു.
‘ആ കേക്കില്‍ ചാരി നില്‍ക്കാതെ മോഹനാ… എന്റെ കുതിരയെ പൊട്ടിച്ചതുപോലെ ആ കേക്ക് നശിപ്പിച്ചേക്കരുത്.’
അപ്പോഴാണ് മേശപ്പുറത്തുണ്ടായിരുന്ന കേക്ക് എന്റെ ശ്രദ്ധയില്‍ പെട്ടത്. അമ്മയിലെ അംഗങ്ങളുടെയെല്ലാം ചിത്രങ്ങള്‍ പതിപ്പിച്ച കേക്കായിരുന്നു അത്. അതില്‍ ചാരിനിന്ന് നശിപ്പിക്കരുതെന്നാണ് ലാല്‍ പറഞ്ഞിരിക്കുന്നത്. അതിനും ഉപമ കണ്ടെത്തിയത്, എന്റെ കുതിരയെ പൊട്ടിച്ചത് പോലെന്നാണ്.
ഇങ്ങനെയൊക്കെയാണ് മോഹന്‍ലാല്‍ എന്ന നടന്. കുസൃതിത്തരങ്ങള്‍ അദ്ദേഹത്തിലുള്ള സഹജമായ വാസനയാണ്. അതിലൂടെ എണ്ണമറ്റ വിസ്മയങ്ങള്‍ അദ്ദേഹം തീര്‍ത്തുകൊണ്ടിരിക്കുകയാണ്. അതിലൊന്ന് മാത്രമാണ് കുതിരയെ പൊട്ടിച്ച കഥ. അതിനിയും തുടര്‍ന്നുകൊണ്ടിരിക്കും.
കാന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഇതുവരെ ആരോടും വെളിപ്പെടുത്താതിരുന്ന ആ സത്യം കൊല്ലം മോഹന്‍ തുറന്നുപറഞ്ഞിരിക്കുന്നത്. അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാം…
Recent Comments