ദുബായിലെ ‘കാവലി’ന്റെ സെന്‍സറിംഗ് കഴിഞ്ഞതിന് പിന്നാലെ നിഥിന് രഞ്ജിപണിക്കര്‍ തിരിച്ചുവിളിച്ചു. രാവിലെ അദ്ദേഹത്തെ ഫോണ്‍ ചെയ്തിരുന്നു. പക്ഷേ കിട്ടിയിരുന്നില്ല.
ഇന്നലെയാണ് സുരേഷ്ഗോപിക്കും റെയ്ച്ചലിനുമൊപ്പം നിഥിന് ദുബായിലേയ്ക്ക് പോയത്. മറ്റന്നാള്‍ മടങ്ങിയെത്തും. ഇതിനിടെ നിരവധി പ്രൊമോഷന് പരിപാടികളിലും പങ്കെടുക്കുന്നുണ്ട്. അതിന്റെ തിരക്കുകള്‍ക്കിടയില്‍നിന്ന് സമയം കണ്ടെത്തിയാണ് നിഥിന് വിളിച്ചത്.
? അവിടുത്തെ സെന്‍സറിംഗ് കഴിഞ്ഞതിനുശേഷമുള്ള പ്രതികരണം എന്തായിരുന്നു.
കണ്ടവരെല്ലാം നല്ല അഭിപ്രായമാണ് പറഞ്ഞത്. അത് കേട്ടപ്പോള്‍ കൂടുതല്‍ ആഹ്ലാദം തോന്നി. കാരണം, ആഗ്രഹിച്ച രീതിയിലുള്ള പ്രതികരണം ഉണ്ടായപ്പോള്‍ ആത്മവിശ്വാസം ഒന്നുകൂടി ഉയരുകയാണ് ചെയ്തത്.
? പ്രൊമോഷന്റെ കാര്യത്തില്‍ കേരളത്തിനൊപ്പം ജി.സി.സിക്കും തുല്യപ്രാധാന്യമാണല്ലോ നല്‍കിയിരിക്കുന്നത്.
200 ഓളം തീയേറ്ററുകളിലായി ഇവിടെയും കാവല്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കേരളം വിട്ടാല്‍ ഏറ്റവും കൂടുതല്‍ മലയാളികളുള്ള സ്ഥലംകൂടിയാണിവിടം. പോരാത്തതിന് ഉയര്‍ന്ന തുകയ്ക്കാണ് ജി.സി.സി റൈറ്റ്സുകളെല്ലാം വിറ്റുപോയിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രൊമോഷന്റെ കാര്യത്തിലും വിട്ടുവീഴ്ച പാടില്ലെന്ന് നിര്‍ബ്ബന്ധമുണ്ടായിരുന്നു.
? അവിടെ പ്രിവ്യൂഷോ ഉണ്ടാകുമോ.
നാളെ ഒരു ഷോ വച്ചിട്ടുണ്ട്. അതിനുശേഷം ജനങ്ങളുടെ പ്രതികരണംകൂടി അറിയാം.
?ഷാജികൈലാസ്-രഞ്ജിപണിക്കര്‍-സുരേഷ്ഗോപി, ജോഷി-രഞ്ജിപണിക്കര്‍-സുരേഷ്ഗോപി. ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ്. അവിടുന്ന് നിഥിനിലേയ്ക്ക് എത്തിച്ചേരുമ്പോള്‍ സുരേഷ്ഗോപി എന്ന നടനെ എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തില്‍ മുന്‍വിധികള്‍ ഉണ്ടായിരുന്നോ.
ഈ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളെല്ലാം എനിക്കും പ്രിയപ്പെട്ടതാണ്. അവരൊക്കെ എങ്ങനെയാണ് അദ്ദേഹത്തെ സമര്‍ത്ഥമായി ഉപയോഗിച്ചിരുന്നതെന്ന് ഞാനും ശ്രദ്ധിച്ചിട്ടുണ്ട്. സുരേഷ്ഗോപിയെ കാണാന്‍ എല്ലാവരും ഇഷ്ടപ്പെടുന്ന, എന്നാല്‍ ഇതുവരെ അധികം കൈവയ്ക്കാത്ത ചില ഇടങ്ങളില്‍കൂടി പ്ലേയ്സ് ചെയ്തുകൊണ്ടാണ് അദ്ദേഹത്തെ അവതരിപ്പിക്കുന്നത്. അത് വളരെ നന്നായി വന്നിട്ടുണ്ടെന്നുതന്നെയാണ് എന്റെ പ്രതീക്ഷയും.
? സുരേഷ്ഗോപിയുടെ രാഷ്ട്രീയപശ്ചാത്തലം ഏതെങ്കിലും തരത്തിലുള്ള ഭീഷണി താങ്കളില്‍ സൃഷ്ടിച്ചിട്ടുണ്ടോ.
ഇല്ല. അത് എഴുതിക്കൊണ്ടിരുന്നപ്പോഴും തോന്നിയിട്ടില്ല, മേക്കിംഗ് സമയത്തും തോന്നിയിട്ടില്ല. അല്ലെങ്കിലും അതൊന്നും എന്നെ ബാധിക്കുന്ന വിഷയങ്ങളാണെന്ന് ഞാന്‍ കരുതുന്നില്ല. മികച്ച സിനിമ ചെയ്യുക എന്നതുമാത്രമാണ് എന്റെ ജോലി.
? മരക്കാര്‍ കാവലിന് വെല്ലുവിളിയാകുമോ.
ഇതിനുമുമ്പും റിലീസ് ടൈമുകളില്‍ ഒന്നിലധികം സിനിമകള്‍ ഇവിടെ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. അത്തരമൊരു സാഹചര്യമേ ഇപ്പോഴും ഇവിടെ നിലനില്ക്കുന്നുള്ളൂ. അല്ലാതെ ഏതെങ്കിലും ഒരു ചിത്രം മറ്റൊന്നിന് വെല്ലുവിളിയാകുമെന്ന് ഞാന്‍ കരുതുന്നില്ല.
Recent Comments