ഞങ്ങളുടേത് ഒരു പ്രണയവിവാഹമായിരുന്നില്ല. എനിക്കൊരു പ്രണയമുണ്ടായിരുന്നു. അതുപക്ഷേ എന്റെ കൂടെ പഠിച്ച മറ്റൊരു പെണ്കുട്ടിയോടായിരുന്നു. ആ വിവരമൊക്കെ സുമയ്ക്ക് (ദേവന്റെ ഭാര്യ) അറിയാമായിരുന്നു. ആ പ്രണയം പൊളിഞ്ഞ് പാളീസായി നില്ക്കുന്ന സമയത്താണ് സുമയുടെ കല്യാണാലോചന എനിക്ക് വരുന്നത്. എന്റെ അമ്മാവന് (അമ്മയുടെ മൂത്ത സഹോദരന്) രാമു കാര്യാട്ടിന്റെ മകളാണ് സുമ. ബന്ധുത്വംകൊണ്ട് അവളെനിക്ക് മുറപ്പെണ്ണാണ്. എന്നിട്ടും ആ കണ്ണിലൂടെ അവളെ എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല.’ കാന്‍ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് തന്റെ ഭാര്യയുടെ ഓര്‍മ്മകള്‍ ദേവന് പങ്കുവച്ചത്.
‘ബോംബെയില്‍നിന്ന് ഒരു യാത്ര കഴിഞ്ഞെത്തിയ അമ്മാവനെ പെട്ടെന്ന് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. അമ്മാവന്റെ ആഗ്രഹമായിരുന്നു എന്നെ സുമയെക്കൊണ്ട് കെട്ടിക്കണമെന്നുള്ളത്. അമ്മയാണ് എന്നോട് ഈ വിവരം പറഞ്ഞത്. പക്ഷേ എനിക്ക് കഴിയില്ലെന്ന് തീര്‍ത്തു പറഞ്ഞു. സുമയ്ക്ക് അഞ്ച് ആങ്ങളമാരാണ്. അവര്‍ക്കും എന്നെക്കൊണ്ട് കെട്ടിക്കാന്‍ തീരെ താല്‍പ്പര്യമില്ലായിരുന്നു.’
‘ഒരിക്കല്‍ അമ്മവനെ കാണാന്‍ ഞാന്‍ ഹോസ്പിറ്റലില്‍ ചെന്നു. തനിക്ക് ഇഷ്ടമില്ലെങ്കില്‍ വിവാഹത്തിന് സമ്മതിക്കരുത് എന്നുതന്നെയാണ് അമ്മാവനും എന്നോട് പറഞ്ഞത്. എന്നിട്ട് അദ്ദേഹം ഒരു പഴയ സംഭവം എന്നെ ഓര്‍മ്മിപ്പിച്ചു. ഞങ്ങള്‍ ഒരുമിച്ചാണ് ഡെല്‍ഹിയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ പോയത്. അന്നവിടെ അദ്ദേഹത്തിന്റെ ദ്വീപ് എന്ന ചലച്ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. അതിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ ദ്വീപിനെക്കുറിച്ച് അദ്ദേഹം വാചാലനായി. ചെമ്മീനെക്കാളും മികച്ച സിനിമയാണ് ദ്വീപ് എന്നു പറഞ്ഞു.’
‘മടക്കയാത്രയില്‍ ദ്വീപിനെക്കുറിച്ചുള്ള എന്റെ അഭിപ്രായം അദ്ദേഹം ചോദിച്ചു. വളരെ ബോറന് ചിത്രമെന്നായിരുന്നു അതിനുള്ള എന്റെ മറുപടി. എന്റെ തുറന്നുപറച്ചില്‍ അമ്മാവന് ഇഷ്ടമായി. തന്റെയും അഭിപ്രായം അതാണെന്ന് അമ്മാവന് ചിരിച്ചുകൊണ്ട് പറഞ്ഞു. എന്റെ മുഖത്ത് നോക്കി സിനിമ കൊള്ളില്ലെന്ന് പറഞ്ഞ ആ സ്വഭാവം തന്നെയാണ് എന്റെ മകളെ കെട്ടാനുള്ള വലിയ യോഗ്യതയെന്നും അദ്ദേഹം പറഞ്ഞു.’
‘അതിനുശേഷമാണ് ഞാന്‍ സുമയെ വിവാഹം കഴിക്കുന്നത്. 2019 ലാണ് അവളുടെ വേര്‍പാട്. ഒരു പനി വന്ന് ഹോസ്പിറ്റലില്‍ കൊണ്ടുപോയതാണ്. പെട്ടെന്നാണ് ഞങ്ങളെയൊക്കെ വിട്ടുപിരിഞ്ഞ് അവള് പോയത്. ആ വേദന എന്റെ അന്ത്യശ്വാസംവരെയും ഉണ്ടാകും.’
ദേവനുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം കാണാം:
Recent Comments