നായകവേഷമടക്കം നിരവധി കഥാപാത്രങ്ങളെ മലയാളത്തില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അജ്മല്‍ അമീറിന് കരിയര്‍ ബ്രേക്ക് നല്കിയ വേഷങ്ങളെല്ലാംതന്നെ തമിഴില്‍നിന്നായിരുന്നു. അഞ്ചാതെയും കോയും നെട്രിക്കണ്ണുമൊക്കെ അതില്‍ ചിലത് മാത്രം. ഇതിനിടയിലും അദ്ദേഹം മലയാളെത്ത മറന്നില്ല. ഏറ്റവും ഒടുവിലായി പത്താം വളവിലും പാപ്പനിലും ഗോള്ഡിലുമൊക്കെ മികച്ച പ്രകടനത്തിലൂടെ അദ്ദേഹം തന്റെ സാന്നിദ്ധ്യം അറിയിച്ചു. അജ്മല്‍ അമീറിന്റെ പ്രദര്‍ശനത്തിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് അഖില്‍ ശ്രീനിവാസ് സംവിധാനം ചെയ്ത അഭ്യൂഹം. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അജ്മല്‍ അമീര്‍.
‘അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ച് എത്ര ഹിറ്റുകള്‍ ഉണ്ടാക്കിയാലും സ്വന്തം ഭാഷയില്‍ അഭിനയിക്കുന്നതിന്റെ സന്തോഷം വേറെ തന്നെയാണ്. അത് കണ്ടിട്ട് സുഹൃത്തുക്കളും, ബന്ധുക്കളും നല്ല അഭിപ്രായം പറയുമ്പോഴും ത്രില്‍ഡ് ആകാറുണ്ട്. പണ്ടൊക്കെ സിനിമയില്‍ ഒരവസരം ചോദിക്കാന്‍ മടിയായിരുന്നു. പക്ഷേ ഇപ്പോള്‍ ഒരു സിനിമ ഇഷ്ടപ്പെട്ടാല്‍ അവരോട് സിനിമയെ കുറിച്ച് സംസാരിക്കുകയും അടുത്ത സിനിമയില്‍ നല്ല ഒരു വേഷം തരണമെന്ന് ആവശ്യപ്പെടാറുമുണ്ട്. മമ്മൂക്ക വരെ അങ്ങനെ അവസരങ്ങള്‍ തേടാറുണ്ടെന്നാണ് ഞാന്‍ അറിഞ്ഞത്.
പല വലിയ സിനിമകളില്‍നിന്നും അവസരങ്ങള്‍ കിട്ടിയിട്ടുണ്ട്, പക്ഷേ, ക്യാരക്റ്റര്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഞാന്‍ പറ്റില്ലെന്ന് പറയും. അത് എത്ര വലിയ ഡയറക്ടര്‍ ആണെങ്കിലും നോ പറയാന്‍ എനിക്കൊരു മടിയുമില്ല. ആള്‍ക്കാര്‍ക്ക് ഇഷ്ടപെടുന്ന രീതിയിലുള്ള സിനിമകളില്‍ അഭിനയിക്കുക അതാണെനിക്കിഷ്ടം. ഞാന്‍ അഭിനയിക്കുന്ന സിനിമ കണ്ടിറങ്ങുമ്പോള്‍ അവര്‍ക്ക് അതില്‍ സന്തോഷവും തൃപ്തിയും തോന്നണം.
ഇന്ന് സിനിമാ മേഖല ഒരുപാട് മാറിയിരിക്കുന്നു. ഒരുപാട് ഒടിടി പ്ലാറ്റ്ഫോമുകളായി, തിയറ്റേഴ്സിന്റെ എണ്ണം കൂടി. സൗത്ത് ഇന്ത്യയില്‍ കേരളത്തിലും ആന്ധ്രയിലുമാണ് സിനിമയുടെ ബിസിനസ് നന്നായി നടക്കുന്നത്. തമിഴില്‍ വലിയ സിനിമകള്‍ മാത്രമാണ് ലാഭമുണ്ടാക്കുന്നത്. മലയാളികള്‍ക്ക് സിനിമയോടുള്ള കാഴ്ചപ്പാട് തന്നെ മാറി. ഒരു സിനിമ കണ്ടാല്‍ ആ സിനിമയെ കുറിച്ച് കൃത്യമായി വിലയിരുത്തിയാണ് അഭിപ്രായങ്ങള്‍ പറയുന്നത്. അത് സിനിമയുടെ ഉയര്‍ച്ചയ്ക്ക് വളരെയധികം ഗുണം ചെയ്തു. ഒരുപാട് വലിയ ബിസിനസുകള്‍ ഇന്ന് മലയാള സിനിമയില്‍ നടക്കുന്നുണ്ട്. ഇനിയും ഒരുപാട് വലിയ സിനിമകള്‍ മലയാളത്തില്‍ വരട്ടെ. അങ്ങനെ മലയാള സിനിമയും വേറെ ലെവലാകും.’ അജ്മല്‍ പറഞ്ഞു.
Recent Comments