കഴിഞ്ഞ മുപ്പത്തിരണ്ട് വര്‍ഷമായി ചിത്രയ്ക്ക് ഒരേയൊരു മാനേജരേയുള്ളൂ. അത് കെ.കെ. മേനോന് എന്ന കുട്ടിക്കൃഷ്ണ മേനോനാണ്. കെ.കെ. മേനോനെ കുട്ടിസാര്‍ എന്ന് വിളിക്കുന്ന ഏക വ്യക്തിയും ചിത്രയാണ്. ചിത്രയ്ക്ക് അദ്ദേഹം വെറുമൊരു മാനേജര്‍ മാത്രമല്ല, ഒരു കുടുംബാംഗം തന്നെയാണ്. ചിത്രയുടെ സംഗീത ജീവിതത്തെക്കുറിച്ച് കെ.കെ. മേനോന് ആദ്യമായി കാന്‍ ചാനലിനോട് മനസ്സ് തുറക്കുന്നു.
‘ജന്മംകൊണ്ട് ഞാന്‍ തലശ്ശേരിക്കാരനാണ്. പഠനമൊക്കെ കഴിഞ്ഞ് ബിസിനസ് ആവശ്യത്തിനായിട്ടാണ് മദ്രാസിലെത്തിയത്. ബിസിനസ് ഉദ്ദേശിച്ചപോലെ നന്നാകാതെ വന്നപ്പോള്‍ ദാസേട്ടന്റെ തംഗണിയില് സൂപ്പര്‍വൈസറായി ജോയിന്‍ ചെയ്തു. വൈകാതെ അവിടുത്തെ മാനേജരുമായി. അവിടെവച്ചാണ് ഞാന്‍ ചിത്രയെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. തരംഗിണിയില്നിന്ന് ഇറങ്ങിയതിന് പിന്നാലെ ചിത്രയുടെ മാനേജരാകാന്‍ ക്ഷണമുണ്ടായി. 1991 ല്‍ ജോയിന്‍ ചെയ്തു. അന്നുതൊട്ട് ഇന്നോളം ഞാന്‍ ചിത്രയുടെ മാനേജരായി തുടരുന്നു.’
‘തിരക്കില്‍നിന്ന് തിരക്കിലേയ്ക്ക് ചിത്ര പൊയ്ക്കൊണ്ടിരുന്ന നാളുകളായിരുന്നു അത്. ഒരു ദിവസം പതിനാല് പാട്ടുകള്‍ വരെ പാടിയ സമയമുണ്ട്. അതും പല സംഗീത സംവിധായകരുടെയും കീഴില്‍. രാവിലെ 9 മണിക്ക് വന്നാല്‍ രാത്രി 12 മണിവരെ റെക്കോര്‍ഡിംഗ് ഉണ്ടാകും. അന്നും ഇന്നും കൃത്യനിഷ്ഠ പാലിക്കുന്നതില്‍ ചിത്ര ബദ്ധശ്രദ്ധയാണ്. അതുകൊണ്ട് ഭക്ഷണമൊന്നും സമയാസമയം കഴിക്കാന്‍ ആവുമായിരുന്നില്ല. മിക്കപ്പോഴും കാറിലിരുന്നായിരിക്കും ഭക്ഷണം കഴിക്കുക. അതിനുവേണ്ടി വീട്ടില്‍നിന്ന് പായ്ക്ക് ചെയ്തു കൊണ്ടുവരും. ആദ്യകാലത്തൊക്കെ നോണ്‍വെജും കഴിച്ചിരുന്നു. പിന്നീട് പൂര്‍ണ്ണമായും ഒഴിവാക്കി. ഇപ്പോള്‍ ശുദ്ധ വെജിറ്റേറിയനാണ്.’
‘പാട്ടൊക്കെ ചിത്ര വേഗത്തില്‍ പഠിച്ചെടുക്കും. സ്വരങ്ങള്‍ എഴുതിയെടുത്ത് കഴിഞ്ഞാല്‍ രണ്ടോമൂന്നോ തവണ ഒന്ന് പാടിനോക്കും. പിന്നെ ഓര്ക്കസ്ട്രേഷനൊപ്പവും റിഹേഴ്സല്‍ ചെയ്യും. പിന്നെ ടേക്കായി. ഒന്നര മണിക്കൂര്‍കൊണ്ട് ഒരു പാട്ടൊക്കെ പാടി തീര്‍ക്കും.’
‘എപ്പോഴും ചിരിച്ച മുഖത്തോടു മാത്രമേ ചിത്രയെ കാണാനാവൂ. അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ ദേഷ്യപ്പെടാറുണ്ട്. പറഞ്ഞ സമയത്ത് റെക്കോര്‍ഡിംഗ് തുടങ്ങിയില്ലെങ്കില്‍ ചിത്ര പരിഭവപ്പെടും. എന്തുകൊണ്ട് അവര്‍ താമസിക്കുന്നു എന്നൊക്കെ ചോദിച്ചുകൊേണ്ടയിരിക്കും. റെക്കോര്‍ഡിംഗ് തുടങ്ങിക്കഴിഞ്ഞാല്‍ അതോടെ തീര്‍ന്നു ദേഷ്യവും.’
‘ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ചിത്ര വളരെയധികം ബഹുമാനിച്ചിരുന്നു, ആദരിച്ചിരുന്നു. ചിത്രയുടെ വിനയവും ഗുരുത്വവുമൊക്കെ ഇന്നത്തെ തലമുറ കണ്ടുപഠിക്കേണ്ട കാര്യങ്ങളാണ്.’
‘ചിത്രയോടൊപ്പം സ്റ്റേജ് ഷോകളുമായി ബന്ധപ്പെട്ട് ലോകത്ത് എല്ലായിടത്തും പോയിട്ടുണ്ട്. എവിടെ പോയാലും ഷോ തുടങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും അവര്‍ എത്തിയിരിക്കും. റിഹേഴ്സലില്‍ പങ്കുകൊള്ളും. ഇന്നും സ്റ്റേജില്‍ പാടാന്‍ കയറുമ്പോള്‍ ചിത്ര ടെന്‍ഷനാകുന്നത് കണ്ടിട്ടുണ്ട്. മുപ്പതിനായിരത്തിലധികം പാട്ടുകള്‍ പാടിയ, എണ്ണമറ്റ സ്റ്റേജ് ഷോകളില്‍ പാടിയിട്ടുള്ള ചിത്ര എന്തിന് ഇങ്ങനെ ടെന്ഷനാക്കുന്നുവെന്ന് എനിക്കും തോന്നിയിട്ടുണ്ട്. ഒരു കൊച്ചു കുട്ടിയുടെ മനസ്സോടെയാണ് ചിത്ര ഓരോ വേദികളെയും സമീപിക്കുന്നത്.’
‘ചിത്ര ജീവിതത്തില്‍ ഏറ്റവുമധികം സങ്കടപ്പെട്ട് കണ്ടിട്ടുള്ളത് ഏകമകള്‍ നന്ദനയുടെ വിയോഗശേഷമാണ്. അതിനുശേഷം പാടണ്ടായെന്ന് അവര്‍ മനസ്സുകൊണ്ടുപോലും തീരുമാനം എടുത്തിരുന്നു. പക്ഷേ ഒപ്പമുള്ളവര്‍ അവരെ പാട്ടിന്റെ ലോകത്തിലേയ്ക്ക് തിരികെ കൊണ്ടുവരാന്‍ നിരന്തരം അഭ്യര്‍ത്ഥിച്ചുകൊണ്ടിരുന്നു. അതില്‍ പിന്നീടാണ് ചിത്ര വീണ്ടും പിന്നണിയില്‍ സജീവമായത്.’
‘മക്കളില്ലാത്ത ഞങ്ങള്‍ക്ക് ചിത്ര ഒരു മകളെ പോലെയാണ്. ആ മകളുടെ വളര്‍ച്ച സന്തോഷത്തോടെയും അഭിമാനത്തോടെയും കണ്ടുകൊണ്ട് നില്ക്കുന്ന ഒരാളാണ് ഞാനും.’ ചെന്നൈയിലെ സാലിഗ്രാമത്തിലുള്ള ചിത്രയുടെ വീടിനോട് ചേര്‍ന്നുള്ള വീട്ടിലിരുന്ന് കെ.കെ. മേനോന് ചിത്രയെ ഓര്‍മ്മിക്കുന്നു.
Recent Comments