തമിഴില്‍ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന നടിയാണ് അബര്‍നതി. ഇപ്പോള്‍ തീയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ഇരുഗപട്ര എന്ന ചിത്രത്തിലെ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത് അബര്നതിയാണ്. ഇത് അബര്നതിയുടെ മൂന്നാമത്തെ ചിത്രമാണ്. വസന്തബാലയുടെ ജയിലില്‍ ജി വി പ്രകാശിന്റെ നായികയായിട്ടാണ് അബര്‍നതി അരങ്ങേറ്റം കുറിച്ചത്. കാന്‍ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ നടി അബര്‍നതി വിശേഷങ്ങള്‍ പങ്കുവെക്കുന്നു.
എങ്ങനെയാണ് സിനിമ ലോകത്തേക്ക് എത്തിപ്പെട്ടത്?
ഞാന്‍ മോഡലിംഗ് ചെയ്തിരുന്നു. കളേഴ്സ് തമിഴില്‍ ഞാന്‍ പങ്കെടുത്ത ഒരു റിയാലിറ്റി ഷോ കണ്ടാണ് ആദ്യ സിനിമയിലേക്കുള്ള വിളി വരുന്നത്. നാഷണല്‍ അവാര്‍ഡ് ജേതാവ് വസന്തബാല സാറിന്റെ ജയില്‍ എന്ന ചിത്രമായിരുന്നു അത്. ഇരുഗപട്ര എന്റെ മൂന്നാമത്തെ സിനിമയാണ്.
ഇരുഗപട്ര ഷൂട്ടിങ്ങ് അനുഭവങ്ങള്‍ എന്തെല്ലാമാണ്?
ഗര്‍ഭിണിയായതിനെ തുടര്‍ന്ന് വണ്ണം വെയ്ക്കുന്ന ഭാര്യ കഥാപാത്രത്തെയാണ് ഇരുഗപട്രവില് അവതരിപ്പിക്കുന്നത്. ആ കഥാപാത്രത്തിന് വേണ്ടി ഞാന്‍ 20 കിലോ കൂട്ടുകയും കുറയ്ക്കുകയും ചെയ്തു. ഷൂട്ടിങ്ങില്‍ ഉടനീളം വണ്ണം നിയന്ത്രിക്കുന്നതിലുള്ള സമ്മര്‍ദ്ധവും ഉത്തരവാദിത്വവും ഒരുപോലെ ഉണ്ടായിരുന്നു. അതുകാരണം ഷൂട്ട് ഒന്നും അത്ര ആസ്വദികരമായിരുന്നില്ല എനിക്ക്. പക്ഷേ ഞാന്‍ നന്നായി തന്നെ ചെയ്തു എന്ന് വിശ്വസിക്കുന്നു. വണ്ണം കൂട്ടാനായി സാധാരണയിലും അധികം ഭക്ഷണം കഴിക്കേണ്ടി വന്നു. അതും ഡൈറ്റീഷ്യന്‍ പറയുന്നവ മാത്രം. വണ്ണം കുറയ്ക്കാനായി ലിക്വിഡ് ഭക്ഷണം മാത്രമാണ് കഴിച്ചിരുന്നത്.
മലയാളത്തില്‍ നിന്ന് സാനിയ ഇയ്യപ്പനും ചിത്രത്തിലുണ്ടല്ലോ. സാനിയയുമായി അഭിനയിച്ചപ്പോള്‍ എന്തായിരുന്നു അനുഭവം?
എനിക്ക് സാനിയയുമായി ഒരേയൊരു കോമ്പിനേഷന്‍ സീനേ ഉണ്ടായിരുന്നുള്ളു. ക്യാമറയ്ക്ക് പുറകിലാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. വളരെ കുറച്ച് നേരം മാത്രമാണ് സംസാരിച്ചത്. വളരെ സൗമ്യതയോടെയാണ് സാനിയ എന്നോട് പെരുമാറിയത്.
മലയാള സിനിമകളില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടോ?
ഞാന്‍ ഒരു മലയാളം ചിത്രം ചെയ്യാനായി കാത്തിരിക്കുകയാണ്. മൂല്യമുള്ള ചിത്രങ്ങള്‍ എന്ന് മാത്രമല്ല പിന്നണിയിലും നല്ല ബന്ധങ്ങള്‍ പുലര്‍ത്തുന്ന ഇന്‍ഡസ്ട്രിയാണ് മലയാളം. ബാക്കിയുള്ള ഭാഷകളില്‍ ഷോട്ടിന് ശേഷം പലരും പല ക്യാരവാനിലായിരിക്കും. എന്നാല്‍ മലയാളത്തില്‍ അങ്ങനെയല്ല. മലയാളത്തില്‍ അഭിനേത്രി എന്നതിനപ്പുറം കുടുംബാംഗമായിട്ടാണ് സെറ്റിലുള്ളവര്‍ നമ്മളെ കാണുന്നത്. കലാമൂല്യവും ശക്തമായ പ്രമേയമുള്ള ഒരു മലയാള ചിത്രം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്.
മലയാള സിനിമകള്‍ ശ്രദ്ധിക്കാറുണ്ടോ?
ഞാന്‍ മലയാള സിനിമകള്‍ വളരെയധികം കാണാറുള്ള വ്യക്തിയാണ്. മലയാളത്തില്‍ ടൊവിനോ സാറിനെയാണ് എനിക്ക് ഇഷ്ടം. മമ്മൂട്ടി സാറിനെയും മോഹന്‍ലാല്‍ സാറിനെയുമെല്ലാം ഞാന്‍ വിസ്മയത്തോടെയാണ് നോക്കി കാണുന്നത്. എന്നാലും യുവതലമുറയില്‍ ടൊവിനോ സാറിനോടാണ് ഇഷ്ട കൂടുതല്‍. അദ്ദേഹം അഭിനയിച്ച കഥാപാത്രങ്ങളും അഭിനയിക്കുന്ന ശൈലിയുമെല്ലാം വളരെ ഇഷ്ടമാണ്.
രണ്ടാമത്തെ ചിത്രമായ തേനിലെ കഥാപാത്രം വെല്ലുവിളി നിറഞ്ഞതായിരുന്നല്ലൊ. ആ കഥാപാത്രത്തിന് വേണ്ടത്ര ശ്രദ്ധ കിട്ടി എന്ന് തോന്നുന്നുണ്ടോ?
ഞാന്‍ തിരക്കഥ വായിച്ച് ഇഷ്ടപ്പെട്ടിട്ടാണ് തേനില്‍ അഭിനയിക്കുന്നത്. അത്ര മികച്ച തിരക്കഥയായിരുന്നു അത്. കാടും മലയുമൊക്കെയായിരുന്നു ലൊക്കേഷന്‍. സാധാരണ സൗകര്യങ്ങള്‍ ഒന്നും അവിടെ ലഭിക്കില്ല. തേനിലെ അഭിനയത്തിന് എനിക്ക് വളരെ നല്ല അഭിപ്രായമാണ് കിട്ടിയത്. ജയില്‍ (ആദ്യ ചിത്രം) റിലീസാകാന്‍ വൈകി അതിനാല്‍ തേനിലാണ് എല്ലാവരും എന്നെ ശ്രദ്ധിച്ച് തുടങ്ങിയത്. ഐ എഫ് എഫ് ഐ ഗോവയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് എനിക്ക് ധാരാളം മുതിര്‍ന്ന സിനിമ പ്രവര്‍ത്തകരെ പരിചയപ്പെടാനും കഴിഞ്ഞു.
സിനിമയിലേക്ക് വരാന്‍ കുടുംബത്തിന്റെ പിന്തുണ ഉണ്ടായിരുന്നോ?
കുംഭകോണത്താണ് എന്റെ ജനനം. വളര്‍ന്നതെല്ലാം ചെന്നൈയിലാണ്. ഫാഷന്‍ ടെക്നോളജിയാണ് പഠിച്ചത്. അതിന് ശേഷം MBA ചെയ്തു. എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ അനുവാദമില്ലായിരുന്നു. എന്നെ സിനിമയിലേക്ക് വരാനുള്ള പിന്തുണ നല്‍കിയത് അമ്മയാണ്. ആദ്യ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് അച്ഛനോട് പറഞ്ഞത്. ഇപ്പോള്‍ അച്ഛനും എന്റെ അഭിനയം കണ്ട് അഭിനന്ദിക്കുകയും ചെയ്യാറുണ്ട്.
Recent Comments