രഞ്ജിത്തിന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി 2001-ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് രാവണപ്രഭു. 1993-ല്‍ പുറത്തിറങ്ങിയ ദേവാസുരം എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് രാവണപ്രഭു. സുരേഷ് പീറ്റേഴ്സിന്റെ സംഗീതത്തില്‍ ഗിരീഷ് പുത്തഞ്ചേരി എഴുതിയ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റുകളായിരുന്നു.
എന്നാല്‍ രാവണപ്രഭുവില്‍ ആദ്യം സംഗീത സംവിധായകനായി രഞ്ജിത്ത് മനസ്സില്‍ കണ്ടത് എംജി ശ്രീകുമാറിനെയാണ്. അതിന് മുമ്പും സംഗീത സംവിധായകനായി എംജി പ്രവൃത്തിച്ചിട്ടുണ്ടെങ്കിലും അതൊന്നും സ്വന്തം പേരിലായിരുന്നില്ല. അയ്യപ്പ ഗാനങ്ങളില്‍ എസ് കുമാര്‍ എന്ന പേരായിരുന്നു എംജി സ്വീകരിച്ചിരുന്നത്. ചേട്ടന് എംജി രാധാകൃഷ്ണന്റെ പേരിലും ചില ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്.
സ്വന്തം പേര് വെച്ച് സംഗീതം ചെയ്യാമോ എന്നാണ് രാവണപ്രഭുവിന്റെ സമയത്ത് സംവിധായകന് രഞ്ജിത്ത് എംജി ശ്രീകുമാറിനോട് ചോദിച്ചത്. എന്നാല്‍ ആലോചനകള്‍ക്ക് ശേഷം എംജി വേണ്ടെന്ന് പറയുകയായിരുന്നു. സ്വന്തമായി സംഗീത സംവിധാനം നിര്‍വഹിച്ചാല്‍ മറ്റുള്ള സംഗീത സംവിധായകര്‍ പാടാന്‍ വിളിക്കുമോ എന്ന പേടി കാരണമാണ് എംജി അങ്ങനെയൊരു തീരുമാനം എടുത്തത്.
എംജിയുടെ തീരുമാനത്തില്‍ ദുഃഖിതനായ രഞ്ജിത്ത് പറഞ്ഞു. ‘കുട്ടാ നീ എന്റെ മനസ്സിലെ 6 ഷീറ്റ് പോസ്റ്റര്‍ കീറി കളഞ്ഞു’.
അതെന്താ എം.ജി. ചോദിച്ചു.
‘നീ ദാസേട്ടനെ ഹാര്‍മോണിയം വെച്ച് പാട്ട് പഠിപ്പിക്കുന്ന രാവണപ്രഭുവിന്റെ ഒരു പോസ്റ്റര്‍ ഞാന്‍ മനസ്സില്‍ കണ്ടിരുന്നു.’ കുസൃതിച്ചിരിയോടെ രഞ്ജിത്ത് പറഞ്ഞു.
പിന്നീടാണ് സുരേഷ് പിറ്റേഴ്സിനെ സംഗീത സംവിധായകനായി നിശ്ചയിച്ചത്. ‘തകില് പുകില്’ എന്ന ഗാനം എംജി പാടിയ ഹിറ്റ് ഗാനങ്ങളിലൊന്നായി മാറി. ‘ആകാശ ദീപങ്ങള്‍ സാക്ഷി’ എന്ന ഗാനത്തിന് യേശുദാസിന് മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. എന്നാല്‍ എംജിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ജയചന്ദ്രന് പാടിയ ‘അറിയാതെ അറിയാതെ’ എന്ന ഗാനമായിരുന്നു.
ആ വര്‍ഷം തന്നെ പുറത്തിറങ്ങിയ ചിത്രമായിരുന്നു പ്രജ. ആ ചിത്രത്തില്‍ ‘അല്ലികളില്‍’ എന്ന ഗാനം എംജി രാധാകൃഷ്ണന്റെ പേരില്‍ സംഗീതം ചെയ്തത് എംജി ശ്രീകുമാറായിരുന്നു. ഈ പാട്ട് കേട്ടശേഷം താടി തടവിക്കൊണ്ട് രഞ്ജിത്ത് എംജിയോട് പറഞ്ഞു. ‘കുട്ടാ നീ വൈരാഗ്യം തീര്‍ത്തല്ലെ’.
‘അതെന്താ’ എം.ജി. ചോദിച്ചു.
‘അറിയാതെ, അറിയാതെ എന്ന് തുടങ്ങുന്ന പാട്ട് നിനക്ക് പാടാന്‍ ആഗ്രഹമുള്ളതായി എനിക്ക് അറിയാമായിരുന്നു. നീ അതുപോലെ ഒരു പാട്ട് ഉണ്ടാക്കിയെടുത്തല്ലെ. ഏതായാലും കൊള്ളാം’. രഞ്ജിത്തിന്റെ രസകരമായ മറുപടി എം.ജിയെ അത്ഭുതപ്പെടുത്തി.
2002 ല്‍ പുറത്തിറങ്ങിയ താണ്ഡവത്തിലാണ് എംജി ശ്രീകുമാര്‍ സ്വന്തം പേരില്‍ ആദ്യമായി സംഗീത സംവിധാനം ചെയ്യുന്നത്. രാവണപ്രഭുവില്‍ ചിത്രീകരിക്കപ്പെടാതെ പോയ സുജാത പാടി ‘ആറ്റോരം അഴകോരം’ എന്ന ഗാനവും പില്ക്കാലത്ത് വളരെയധികം ശ്രദ്ധ പിടിച്ചു പറ്റി.
Recent Comments