കുറച്ചു ദിവസം മുമ്പാണ് പ്രിയന്‍സാര്‍ എന്നെ വിളിച്ചത്. അദ്ദേഹം സംവിധാനം ചെയ്യാനൊരുങ്ങുന്ന ഓളവും തീരവും എന്ന ചിത്രത്തിലേയ്ക്ക് എന്നെ കാസ്റ്റ് ചെയ്തുകൊണ്ടുള്ള വിളിയായിരുന്നു. എം.ടി. സാറിന്റെ രചനയില്‍ പി.എന്‍. മേനോന്‍സാര്‍ സംവിധാനം ചെയ്ത ഓളവും തീരവും അദ്ദേഹം പുനര്‍നിര്‍മ്മിക്കുകയാണ്. അതില്‍ മധുസാര്‍ ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ലാലേട്ടനാണ്. ജോസ് പ്രകാശ് സാര്‍ ചെയ്ത കുഞ്ഞാലിയായി പ്രിയന്‍സാറിന്റെ മനസ്സില്‍ ഞാനാണെന്ന് അറിഞ്ഞപ്പോള്‍ എനിക്ക് അന്ന് ഉറങ്ങാന്‍ കഴിഞ്ഞില്ല.
ശരീരമില്ലാത്ത കഥാപാത്രങ്ങളാണ് നമ്മളെ തേടിയെത്തുന്നത്. അവര്‍ക്ക് ശരീരം കൊടുക്കുന്ന കര്‍മ്മമാണ് ഞാന്‍ ചെയ്യേണ്ടത്. അതിലേയ്ക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്ന നിമിഷങ്ങളില്‍ വല്ലാതെ ചോര പൊടിയും. അതുകൊണ്ടുതന്നെ അഭിനയം എന്നുള്ളത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ആത്മീയ സഞ്ചാരമാണ്.
കുഞ്ഞാലിയെ അവതരിപ്പിച്ച ജോസ്പ്രകാശ് സാര്‍ ഇന്ന് നമ്മോടൊപ്പം ഇല്ല. ജോസ്പ്രകാശ് സാറിന്റെ അനുജന് പ്രേംപ്രകാശ് സാറിനെ വിളിച്ചാണ് ഞാന്‍ രാജേട്ടനിലേയ്ക്ക് എത്തുന്നത്. രാജേട്ടന് ജോസ്പ്രകാശ് സാറിന്റെ മകനാണ്. വളരെ ഹൃദയാലുവായ മനുഷ്യന്. രാജേട്ടനോടൊപ്പമാണ് പച്ചാളത്തുള്ള ബെസിലിക്ക പള്ളിയുടെ സെമിത്തേരിയിലെത്തുന്നത്. അവിടെയാണ് ജോസ്പ്രകാശ് സാര്‍ അന്ത്യവിശ്രമം കൊള്ളുന്നത്. അദ്ദേഹത്തിന്റെ കല്ലറയ്ക്ക് മുന്നില്‍നിന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു. മൗനാനുവാദം തേടി…
പിന്നെ യാത്രയായത് എം.ടി. സാറിന്റെ വീട്ടിലേയ്ക്കാണ്. മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നു. അധികം സംസാരിക്കുന്ന പ്രകൃതമല്ല എം.ടി. സാറിന്റേത്. പക്ഷേ അന്നദ്ദേഹം വാചാലനായിരുന്നു. ഓളവും തീരവും എന്ന സിനിമയെക്കുറിച്ച് പറഞ്ഞു. അതിലെ കഥാപാത്രങ്ങളെയും അവരുടെ പ്രത്യേകതകളെക്കുറിച്ചും പറഞ്ഞു. എല്ലാം എനിക്ക് പുതിയ അറിവുകളായിരുന്നു. കുഞ്ഞാലിയിലേയ്ക്ക് കടക്കാനുള്ള കുറുക്കുവഴികള്‍.
ജൂണ്‍ 5 നാണ് ഓളവും തീരവും തുടങ്ങുന്നത്. 8-ാം തീയതി ഞാന്‍ ജോയിന്‍ ചെയ്യും. ശരീരമില്ലാത്ത കുഞ്ഞാലിയെ ഞാന്‍ ഏറ്റുവാങ്ങും. അന്നേരം എന്റെ രക്തം പൊടിയും. അത് ആത്മനിര്‍വൃതിയുടെ നിമിഷങ്ങളാണ്.
Recent Comments