ജയ്പൂര്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ പുരസ്കാരവേദിയില്‍ മികച്ച നടനുള്ള അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ സന്തോഷ് കീഴാറ്റൂര്‍ ചെന്നൈയിലായിരുന്നു. തന്റെ പെണ്നടന് എന്ന നാടകവുമായി ചെന്നൈയിലെത്തിയതായിരുന്നു അദ്ദേഹം. അവിടെവച്ചാണ് സന്തോഷ് ആ സന്തോഷവാര്‍ത്ത കേള്‍ക്കുന്നത്. സന്തോഷ് കീഴാറ്റൂര്‍ ആദ്യമായി നിര്‍മ്മാണ പങ്കാളിയായ ചിത്രംകൂടിയാണ് ‘അവനോവിലോന’. ട്രാന്‍സ്ജന്റേഴ്സിന്റെ ജീവിതം പറയുന്ന ചിത്രമാണ്. അതിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് സന്തോഷ് കീഴാറ്റൂരായിരുന്നു. അതിലെ പ്രകടനത്തെ മുന്‍നിര്‍ത്തിയാണ് ജയ്പൂര്‍ രാജ്യാന്തര ചലച്ചിത്രമേളയിലെ ഏറ്റവും മികച്ച നടനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
‘തികച്ചും അപ്രതീക്ഷിതമായിട്ടാണ് ആ വാര്‍ത്ത എത്തിയത്. വളരെ സന്തോഷം തോന്നി. നേരിട്ട് ആ പുരസ്കാരം വാങ്ങാന്‍ കഴിഞ്ഞല്ലല്ലോ എന്ന ദുഃഖവുമുണ്ട്. എനിക്ക് മാത്രമല്ല, ചിത്രത്തിന്റെ സംവിധായകരായ ഷെറി ഗോവിന്ദനും ദീപേഷിനും ഛായാഗ്രാഹകന്‍ ജലീല്‍ ബാദുഷയ്ക്കും അവിടെ എത്തിച്ചേരാനായില്ല. മികച്ച സംവിധായകനുള്ള ഗോള്‍ഡന്‍ കാമല്‍ പുരസ്കാരം നേടിയത് അവനോവിലോനയിലൂടെ ഷെറിയും ദീപേഷുമായിരുന്നു. മികച്ച ഛായാഗ്രാഹകനായി തെരഞ്ഞെടുക്കപ്പെട്ടത് ജലീല്‍ ബാദുഷയും. ഞാന്‍ ആദ്യമായി നിര്‍മ്മാണ പങ്കാളിയായ ഒരു ചിത്രത്തിന് ഇങ്ങനെയൊരു പുരസ്കാരം കിട്ടിയതിലും അഭിമാനമുണ്ട്. ഈ പുരസ്കാരത്തെ ഞാന്‍ ഹൃദയത്തിലേറ്റുന്നു.’ സന്തോഷ് കീഴാറ്റൂര്‍ കാന്‍ ചാനലിനോട് പറഞ്ഞു.
Recent Comments