രണ്ട് ദിവസം മുമ്പാണ് റഹ്മാനിക്ക ആടുജീവിതത്തിന്റെ ലൊക്കേഷനിലെത്തിയത്. ആടുജീവിതത്തിനുവേണ്ടി സംഗീതം ഒരുക്കുന്നതും അദ്ദേഹമാണ്.
റഹ്മാനിക്കയെ നേരിട്ട് കാണുന്നത് ഇതാദ്യമല്ല. പത്ത് വര്‍ഷം മുമ്പ് മണിരത്നം സാറിന്റെ കടല്‍ എന്ന സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുമ്പോഴും അദ്ദേഹം അവിടെ വന്നിരുന്നു. കടലിന്റെ മേക്കപ്പ്മാനും ഞാനായിരുന്നു. അന്നും അദ്ദേഹത്തെ പരിചയപ്പെട്ടു. ഒപ്പംനിന്ന് ഫോട്ടോയും എടുത്തു.
ആടുജീവിതത്തിന്റെ ലൊക്കേഷനില്‍വച്ച് അദ്ദേഹത്തെ കണ്ടുവെന്ന് മാത്രമല്ല മേക്കപ്പ് ചെയ്യാനുള്ള അവസരവും ലഭിച്ചു. സിനിമയ്ക്ക് വേണ്ടിയായിരുന്നില്ല. പൃഥ്വിരാജും റഹ്മാനിക്കയുമായി ഒരു ചെറിയ അഭിമുഖമുണ്ടായിരുന്നു. അതിനുമുമ്പ് അദ്ദേഹത്തെ മേക്കപ്പ് ചെയ്യാന്‍ എനിക്കാണ് ഭാഗ്യമുണ്ടായത്. ചെറിയ ടച്ചപ്പ്, അത്രയേ വേണ്ടിവന്നുള്ളൂ. ഞാന്‍ ഏറ്റവുമധികം ആരാധിക്കുന്ന കലാകാരനാണ് റഹ്മാനിക്ക. അദ്ദേഹത്തിന്റെ അടുത്ത് നില്ക്കാന് ഭാഗ്യമുണ്ടായി എന്ന് മാത്രമല്ല തൊടാനും കഴിഞ്ഞിരിക്കുന്നു. ഞാന്‍ അദ്ദേഹത്തെ മേക്കപ്പ് ചെയ്യുന്ന ഫോട്ടോ എന്റെ ചില സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്തിരുന്നു. ‘ഞങ്ങള്‍ ദൈവത്തെപ്പോലെ ആരാധിക്കുന്ന ഒരാളെയാണ് നീ തൊട്ടത്…’ എന്ന് ചില സുഹൃത്തുക്കള്‍ എനിക്ക് സന്ദേശം അയച്ചു. അതെ, ഞാനും ദൈവത്തെ തൊട്ടിരിക്കുന്നു.
ഞാന്‍ ചെയ്ത വര്‍ക്കുകളെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. ഞാന്‍ ചെയ്ത പ്രോസ്തെറ്റിക് വര്‍ക്കുകളടക്കം ഫോണില്‍ കാട്ടിക്കൊടുത്തു. ‘വെരിഗുഡ് ജോബ്’ എന്ന് പറഞ്ഞാണ് അദ്ദേഹം എന്നെ അഭിനന്ദിച്ചത്. പോകുന്നതിനുമുമ്പ് മാനേജരോട് എന്റെ പേഴ്സണല്‍ നമ്പര്‍ വാങ്ങിവയ്ക്കാനും പറഞ്ഞു. ഞാന്‍ അപ്പോള്‍തന്നെ നമ്പര്‍ ഷെയര്‍ ചെയ്തു. ഇതിനെക്കാളും ഭാഗ്യം വേറെ എന്താണ് ഉണ്ടാകാനുള്ളത്.
ഈ വര്‍ഷത്തെ മികച്ച മേക്കപ്പ്മാന് ഉള്‍പ്പെടെ ആറ് സംസ്ഥാന പുരസ്കാരങ്ങളും ഒരു ദേശീയ അവാര്‍ഡും എനിക്ക് ലഭിച്ചിട്ടുണ്ട്. അതുപോലെ തന്നെ വിലമതിക്കുന്നതാണ് റഹ്മാനിക്കയെ മേക്കപ്പ് ചെയ്യാന്‍ ലഭിച്ച അവസരവും. രഞ്ജിത്ത് അമ്പാടി കാന്‍ ചാനലിനോട് പറഞ്ഞു.
അല്‍ജീരിയയിലെ 40 ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞ് ഇപ്പോള്‍ ജോര്‍ദ്ദാനിലാണ് ബ്ലെസിയും സംഘവും ഉള്ളത്. അവിടുത്തെ മരുഭൂമിയിലാണ് ഷൂട്ടിംഗ് ഏറെയും. കടുത്ത ചൂടാണ് ഇപ്പോള്‍. അതുകൊണ്ട് അതിരാവിലെ തുടങ്ങുന്ന ഷൂട്ടിംഗ് രാവിലെ 10 മണിക്ക് അവസാനിപ്പിക്കും. പിന്നീട് വൈകുന്നേരത്തോടെയാണ് ഷൂട്ടിംഗ് പുനരാരംഭിക്കുന്നത്. ജൂണ്‍ 10 വരെ ജോര്‍ദ്ദാനിലെ ഷൂട്ടിംഗ് നീളും. 12 നാണ് മടക്കയാത്ര.
Recent Comments