ചലച്ചിത്ര സാംസ്കാരിക സംഘടനായ മാക്ടയും FCC 1983യും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഏകദിന ഐ.വി. ശശി ചലച്ചിത്രോത്സവം ഡിസംബര്‍ 22 ന് വ്യാഴാഴ്ച എറണാകുളം സെന്‍ട്രല്‍ സ്ക്വയര്‍ മാളിലെ സിനിപോളിസ് തിയ്യേറ്റര്‍ കോംപ്ലക്സില്‍ രാവിലെ 9 മണിക്ക് സീമ ശശി നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഐ.വി. ശശി ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കും. ഐ വി ശശി സംവിധാനം ചെയ്ത മികച്ച അഞ്ച് സിനിമകളാണ് പ്രദര്‍ശിപ്പിക്കുക.
മാളിലെ ഗ്രൗണ്ട് ഫ്ളോറില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ രാവിലെ 11 മണിക്ക് ഐ.വി. ശശി ചിത്രങ്ങളിലെ അനശ്വര ഗാനങ്ങളെ അടിസ്ഥാനമാക്കിയുള്ള സെമിനാറില്‍ വിദ്യാധരന് മാസ്റ്റര്‍ ബേണി ഇഗ്നേഷ്യസ് ഷിബു ചക്രവര്‍ത്തി ബി കെ ഹരിനാരായണന് എന്നിവര്‍ പങ്കെടുക്കും.
ഉച്ചക്ക് രണ്ട് മണിക്ക് ഐ.വി. ശശി ചിത്രങ്ങളുടെ സമകാലീന പ്രസക്തി’ എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം ഉണ്ടാകും. പ്രശസ്ത തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി, നടന് രാമു, ചലച്ചിത്ര നിരൂപകന് ഡോക്ടര്‍ അജു കെ നാരായണന് മാധ്യമ പ്രവര്ത്തകന് മനീഷ് നാരായണന് എന്നിവര്‍ സംബന്ധിക്കും.
വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനം കൊച്ചിന് കോര്പ്പറേഷന് മേയര്‍ എം അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. മാക്ട ചെയര്മാന് മെക്കാര്‍ട്ടിന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ചലച്ചിത്രകാരനും മുഖ്യാതിഥിയുമായ ശ്രീകുമാരന്‍ തമ്പി അനുസ്മരണ പ്രഭാഷണം നടത്തും. ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സമ്മേളനവേദിയില്‍ ഐ വി ശശിയുടെ ഭാര്യയും അഭിനേത്രിയുമായ സീമ, നിര്‍മ്മാതാക്കളായ പി വി ഗംഗാധരന്, എന്‍ ജി ജോണ്‍ ലിബര്‍ട്ടി ബഷീര്‍ സെഞ്ചുറി കൊച്ചുമോന്, വി ബി കെ മേനോന് തിരക്കഥാകൃത്തുക്കളായ രഞ്ജിത്ത്, ബാബു ജനാര്ദ്ദനന് ഐ വി ശശിയുടെ ശിഷ്യരും പ്രശസ്ത സംവിധായകരുമായ അനില്‍, റഷീദ് കാരാപ്പുഴ ഷാജൂണ്‍ കാര്യാല്‍, എം എ വേണു, വിനു ആനന്ദ്, പത്മകുമാര്‍ എന്നിവരെ ആദരിക്കും.
ഇതേ വേദിയില്‍ വെച്ച് മാക്ട ഈ വര്‍ഷം സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് മുവി ഫെസ്റ്റിവലിലെ മത്സര വിജയികള്‍ക്കുള്ള പുരസ്കാര വിതരണം ജൂറി ചെയര്‍മാനും സംവിധായകനുമായ കമല്‍ നിര്‍വഹിക്കും. തുടര്‍ന്ന് ഐ.വി.ശശി ചിത്രങ്ങളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള ചലച്ചിത്ര ഗാനാഞ്ജലി അരങ്ങേറുമെന്ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മാക്ട ചെയര്‍മാനും സംവിധായകനുമായ മെക്കാര്‍ട്ടിന്‍ പറഞ്ഞു. സംവിധായകരായ പത്മകുമാര്‍, സോഹന്‍ സീനു ലാല്‍, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ സുധീര്‍ സി എ, വിപിന്‍ അമേയ, കോളിന്‍സ് ലിയോഫില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Recent Comments