‘എന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് പഴശ്ശിരാജയിലെ തലയ്ക്കല്‍ ചന്തു എന്ന കഥാപാത്രം. ഈ കഥാപാത്രം അവതരിപ്പിക്കുവാനുള്ള മെയ്യ് വഴക്കവമൊന്നും എനിക്കില്ല എന്നു പറഞ്ഞ് സംവിധായകനായ ഹരിഹരന് സാറിനോട് ചിത്രത്തില്‍നിന്ന് എന്നെ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ സാര്‍ എന്നോട് പറഞ്ഞൂ ‘മനോജേ, തന്നെ കുട്ടന് തമ്പുരാന് ആക്കാന്‍ എനിക്ക് സാധിക്കുമെങ്കില്‍ തലയ്ക്കല്‍ ചന്തുവാക്കി മാറ്റാനും എനിക്ക് സാധിക്കും.’
അദ്ദേഹം പറഞ്ഞ ആ വാക്കിന്റെ ധൈര്യത്തിലായിരുന്നു ഞാന്‍ ആ ചിത്രത്തില്‍ അഭിനയിച്ചത്. പിന്നീട് ആ സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡും കൂടാതെ നിരവധി പുരസ്കാരങ്ങളും ആ കൊല്ലം എനിക്ക് ലഭിച്ചു. പക്ഷെ ആ പുരസ്കാരങ്ങളെക്കാള്‍ ഏറെ വിലമതിക്കുന്ന ഒരു അംഗീകാരം എന്നെ കാത്തിരിപ്പുണ്ടായിരുന്നു. മനോജ്. കെ. ജയന് കാന്‍ ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ ഇപ്രകാരം പറയുന്നു.
‘ഒരിക്കല്‍ വയനാട്ടില്‍ നിന്ന് എനിക്ക് ഒരു കോള്‍ വന്നു, അന്നത്തെ എംപിയായിരുന്ന എം.ഐ. ഷാനവാസ് ആയിരുന്നു അത്. വയനാട്ടില്‍ തലയ്ക്കല്‍ ചന്തുവിന്റെ പേരില്‍ ഒരു സ്മാരകം പണികഴിപ്പിക്കാന്‍ പോകുന്നുവെന്നും അതിന്റെ ഉദ്ഘാടനത്തിനായി ഞാന്‍ ചെല്ലണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വയനാട്ടിലെ പനമരം എന്ന സ്ഥലത്തായിരുന്നു പരിപാടി. വയനാട്ടിലെ ഒരു റിസോര്‍ട്ടില്‍ ആയിരുന്നു ഞാന്‍ താമസിച്ചിരുന്നത്. അവിടെ നിന്നും ഉദ്ഘാടന സ്ഥലത്തേക്ക് ഞാന്‍ പുറപ്പെട്ടു. പനമരത്തില്നിന്ന് ഏകദേശം മൂന്നു കിലോമീറ്റര്‍ മുമ്പ് മുതല്‍ക്ക് തന്നെ ഒരു തുറന്ന ജീപ്പില്‍ ആളുകളുടെ സ്വീകരണം ഏറ്റുവാങ്ങി കൊണ്ടാണ് ഞാന്‍ മുമ്പോട്ട് നീങ്ങുന്നത്. അന്നത്തെ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍, മന്ത്രി പി.കെ. ജയലക്ഷ്മി, എം.പി എം.ഐ ഷാനവാസ് എന്നിവരുടെ നടുക്ക് ജീപ്പില്‍ ഞാനും നില്ക്കുന്നു. ജീപ്പിന് മുമ്പില്‍ എന്നെ വിസ്മയിപ്പിക്കുന്ന ഒരു കാഴ്ച ഞാന്‍ കണ്ടു. അമ്പും വില്ലും ഏന്തി ആയിരക്കണക്കിന് കുറിച്ചിയര്‍ വാഹനത്തിനു മുമ്പിലൂടെ ഞങ്ങളെ ആനയിച്ചു കൊണ്ടു നീങ്ങുന്നു. വളരെ അഭിമാനകരമായ ഒരു കാഴ്ചയായിരുന്നു അത്. ഒരുവിധത്തില്‍ ആയിരം തലയ്ക്കല്‍ ചന്തുമാരല്ലേ മുമ്പിലൂടെ പോകുന്നത് എന്ന് എനിക്ക് തോന്നിപ്പോയി.
ഊഷ്മളമായ ആ സ്വീകരണ യാത്രക്കൊടുവില്‍ ഉദ്ഘാടന സ്ഥലത്തെത്തി, അവിടെവെച്ച് മറ്റൊരു അവിസ്മരണീയമായ കാഴ്ചയും ഞാന്‍ കണ്ടു, സാക്ഷാല്‍ തലയ്ക്കല്‍ ചന്തുവിനെ തൂക്കിലേറ്റി കൊന്ന കോണി മരം എന്റെ കണ്മുന്നില്.
ആ കോണി മരത്തിന്റെ തൊട്ടടുത്തായി സ്മാരക മന്ദിരം സ്ഥിതി ചെയ്യുന്നു. ഈ കോണി മരത്തിന്റെ താഴെ ഒരു ശിലാഫലകം മറച്ചു വെച്ചിരിക്കുന്നു.
ചുറ്റും തിങ്ങിനിറഞ്ഞ ആള്‍ക്കൂട്ടം. മന്ത്രി കെ.സി. വേണുഗോപാല്‍ ശിലാഫലകം അനാവരണം ചെയ്തപ്പോഴാണ് ഞാനത് കണ്ടത്. ഫലകത്തില്‍ ഇങ്ങനെ എഴുതിവച്ചിരിക്കുന്നു. ‘തലയ്ക്കല്‍ ചന്തു സ്മാരകം’ ഉദ്ഘാടനം കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍, മന്ത്രി പി കെ ജയലക്ഷ്മി, എം.പി എം.ഐ ഷാനവാസ് ഇവരുടെ കൂടെ എന്റെ പേരും. വളരെ വികാരനിര്‍ഭരമായ ഒരു നിമിഷമായിരുന്നു എനിക്ക് അത്. ഇന്നും തലയ്ക്കല്‍ ചന്തുവിന്റെ ആ സ്മാരകശിലയില്‍ എന്റെ പേരും തെളിഞ്ഞു കാണാം. ഒരുപക്ഷേ പഴശ്ശിരാജ എന്ന സിനിമയില്‍ നിന്ന് അന്ന് ഞാന്‍ പിന്മാറിയിരുന്നെങ്കില് എനിക്ക് ആ സൗഭാഗ്യം ലഭിക്കുകയില്ലായിരുന്നു. തലയ്ക്കല്‍ ചന്തു എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ എന്നെ പ്രാപ്തനാക്കിയ എന്റെ ഗുരു ഹരിഹരന് സാറിന് ഒരായിരം നന്ദി.’ മനോജ് കെ ജയന് പറഞ്ഞു.
Recent Comments