ധര്‍മ്മൂസ് ഫിഷ് ഹബ്ബ് തുടങ്ങുന്നതിനായി പണം വാങ്ങിച്ച് വഞ്ചിച്ചെന്ന് കാണിച്ച് കോതമംഗലം സ്വദേശി ആര്. ആസിഫലി, നടന് ധര്‍മ്മജനടക്കം പതിനൊന്ന് പേര്‍ക്കെതിരെ കോടതിയെ സമീപിച്ചിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്ന് കരുതി കോടതി ധര്‍മ്മജനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഇതനുസരിച്ച് കൊച്ചി സെന്‍ട്രല്‍ പോലീസ് ധര്‍മ്മജനെ ഒന്നാംപ്രതിയാക്കി എഫ്.ഐ.ആര്. ഇട്ടിരിക്കുകയാണ്. ഇതിന്റെ നിജസ്ഥിതി അറിയാനാണ് ധര്മ്മജന് ബോള്‍ഗാട്ടിയെ നേരിട്ട് വിളിച്ചത്. പരാതിക്കാരനായ ആസിഫലിയെ അറിയുകപോലുമില്ലെന്നാണ് ധര്മ്മജന് കാന്‍ ചാനലിനോട് ആമുഖമായി പറഞ്ഞത്.
‘ഒരിക്കല്‍ ആലപ്പുഴയില്‍ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് എന്റെ ചില സുഹൃത്തുക്കള്‍ സമീപിച്ച് ഒരു മത്സ്യവ്യാപാരസ്ഥാപനം തുടങ്ങുന്നതിനെക്കുറിച്ച് പറയുന്നത്. എന്നോടൊപ്പം പഠിച്ചവരും എന്റെ അടുത്ത സുഹൃത്തുക്കളുമാണവര്‍. അവര്‍ക്കൊരു വരുമാനമാര്‍ഗ്ഗമാകുമെന്ന് കരുതി ഞാന്‍ സമ്മതം അറിയിച്ചു. ധര്‍മ്മൂസ് എന്ന് പേര് വച്ചതുപോലും പിന്നീടവര്‍ എന്നോട് ആവശ്യപ്പെട്ടപ്രകാരമാണ്. ഞാനുള്‍പ്പെടെ 11 പേരാണ് അതിന്റെ പാര്‍ട്ട്ണേഴ്സ്. ധര്മ്മൂസുമായി ബന്ധപ്പെട്ട ഏതെങ്കിലും സാമ്പത്തികപരമായോ വ്യവഹാരപരമായോ കാര്യങ്ങളില്‍ എനിക്ക് യാതൊരു ഉത്തരവാദിത്വങ്ങളുമില്ല. കരാറില്‍ ഇതുസംബന്ധിച്ച് വ്യക്തമായി പറയുന്നുണ്ട്. ധര്‍മ്മൂസ് എന്ന സ്ഥാപനം നോക്കി നടത്തുന്നത് എന്റെ സുഹൃത്തുക്കളാണ്. ഏറ്റവും ഗുണനിലവാരമുള്ള മത്സ്യങ്ങള്‍ നല്‍കണമെന്ന ആവശ്യം മാത്രമേ ഞാന്‍ അവരോട് ആവശ്യപ്പെട്ടിട്ടുള്ളൂ.’
‘സ്ഥാപനം തുടങ്ങി, നല്ല രീതിയില്‍ പ്രവര്‍ത്തിക്കാനും തുടങ്ങി. ധാരാളം ഫ്രാഞ്ചൈസികളുമായി. എല്ലാ സ്റ്റാളുകളുടെയും ഉദ്ഘാടനത്തിന് ഞാന്‍ തന്നെയാണ് പോയത്. ചിലയിടത്ത് എന്റെ ചില സിനിമാസുഹൃത്തുക്കളും വന്നിരുന്നു. നയാപൈസ പ്രതിഫലം പറ്റാതെയാണ് ഞങ്ങള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കുകൊണ്ടത്.’
‘കൊറോണ കാലം വന്നതോടെ ബിസിനസ് മോശമായി. സ്ഥാപനത്തിന്റെ വാടകയടക്കം ചില സാമ്പത്തിക ഇടപാടുകളില്‍ മുടക്കങ്ങള്‍ വന്നിട്ടുണ്ട്. അതൊക്കെ സത്യമാണ്. എന്നാല്‍ പരാതി കൊടുത്തെന്ന് പറയുന്ന ആസിഫലിയെ എനിക്കറിയില്ല. ഞാന്‍ അയാളില്നിന്നല്ല ആരില്‍നിന്നും പണം വാങ്ങിയിട്ടില്ല. എനിക്ക് തരാനുള്ളവരാണ് ഏറെയും. ആസിഫലി കേസ് കൊടുത്ത കാര്യംപോലും വൈകിയാണ് അറിയുന്നത്. ഉടനെ സുഹൃത്തുക്കളെ വിളിച്ച് കാര്യം തിരക്കി. അവര്‍ പറഞ്ഞപ്രകാരം നാല് ലക്ഷം രൂപ ആസിഫലിയാണ് തരാനുള്ളത്. അയാള്‍ മുടക്കിയ തുകയ്ക്ക് മത്സ്യങ്ങള്‍ നല്‍കിയിട്ടുണ്ട്. അതിന്റെ എല്ലാ കണക്കുവിവരങ്ങളും സുഹൃത്തുക്കളുടെ പക്കലുണ്ടെന്നാണ് പറഞ്ഞത്. ആസിഫലിക്ക് മറ്റുവിധത്തിലുണ്ടായ സാമ്പത്തിക ബാദ്ധ്യതയുടെ പേരില്‍ ധര്മ്മൂസിനെ കരുവാക്കുകയാണ്. ചുരുങ്ങിയ നാളുകള്‍കൊണ്ട് ധര്‍മ്മൂസ് ഫിഷ് ഹൗബ്ബിനുണ്ടായ വളര്‍ച്ചയില്‍ അസൂയാലുക്കളായ ചിലരാണ് ഇതിനുപിന്നിലെന്ന് സംശയിക്കുന്നു. ഇതില്‍ എന്റെ പേര് വലിച്ചിഴയ്ക്കുന്നതിലും ദുരൂഹതയുണ്ട്. ഇതുമൂലം എനിക്കുണ്ടായ മാനനഷ്ടം ചെറുതല്ല. ഞാന്‍ അയാള്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും. ഞാനിപ്പോള്‍ മൂന്നാറിലാണുള്ളത്. കുടുംബത്തോടൊപ്പം വേനലവധിയാഘോഷത്തിനെത്തിയതാണ്. കേസ് നിയമപരമായിതന്നെ നേരിടും. ഇക്കാര്യത്തില്‍ എനിക്കൊന്നും ഒളിച്ചുവയ്ക്കാനില്ല.’ ധര്മ്മജന് പറഞ്ഞു.
Recent Comments