എന്റെ ആദ്യ ചിത്രമായ ‘വാസ്തവ’ത്തിന്റെ ഡബ്ബിംഗ് നടന്നുകൊണ്ടിരിക്കുന്നു. ലാല്‍ മീഡിയയില്‍ വച്ചാണ് ഡബ്ബിംഗ്. ചിത്രത്തിന്റെ സംവിധായകന് എം.പദ്മകുമാറും കൂടെ ഉണ്ടായിരുന്നു. ഡബ്ബിംഗ് കഴിഞ്ഞ് പുറത്തിറങ്ങാനൊരുങ്ങുമ്പോള്‍ അവിടെയുണ്ടായിരുന്നവരെല്ലാം തിരക്കിട്ട് ഓടി മറയുന്നത് കണ്ടു. കാര്യം തിരക്കുമ്പോള്‍ അവര്‍ പറഞ്ഞു. മമ്മൂക്ക വരുന്നുണ്ട്. മമ്മൂക്കയെ കണ്ടതോടെ എനിക്കും പരിഭ്രമമായി.
പണ്ട് അച്ഛന് അഭിനയിച്ച സിനിമയുടെ ലൊക്കേഷനില്‍വച്ചാണ് മമ്മൂക്കയെ ഏറ്റവും ഒടുവിലായി കണ്ടത്. ഏതാണ്ട് പത്ത് വര്‍ഷങ്ങളാകുന്നു. അതിനുശേഷം ഇപ്പോഴാണ് കാണുന്നത്. എന്താണ് ചെയ്യേണ്ടതെന്നറിയാതെ ഞാന്‍ അവിടെത്തന്നെ നിന്നു. പെട്ടെന്ന മമ്മൂക്ക ഡോര്‍ തുറന്ന് കയറിവന്നു. ഞാന്‍ അദ്ദേഹത്തെ വിഷ് ചെയ്തു. പെട്ടെന്നദ്ദേഹം എന്നെയൊന്ന് നോക്കിയശേഷം നടന്നു. പിന്നീട് എന്റെ നേരെ തിരിഞ്ഞിട്ട് ചോദിച്ചു. ‘നമ്മള്?’
മമ്മൂക്കയ്ക്ക് എന്നെ മനസ്സിലായില്ലെന്ന് ബോധ്യമായി. ‘ഒരു സിനിമയുടെ ഡബ്ബിംഗിന് വന്നതാണ്’. ഞാന്‍ പറഞ്ഞു.
അഭിനയിക്കുന്നുണ്ടോ? മമ്മൂക്ക ചോദിച്ചു.
‘അതെ. വാസ്തവം എന്നാണ് സിനിമയുടെ പേര്’. ഞാന്‍ പറഞ്ഞു
‘നല്ല വേഷമാണോ?’ മമ്മൂക്കയുടെ അടുത്ത ചോദ്യം.
‘ഒരു നെഗറ്റീവ് റോളാണ്’ എന്റെ മറുപടി കേട്ട് അദ്ദേഹം തല കുലുക്കി. ‘ശരി’ എന്ന് പറഞ്ഞ് മുന്പോട്ട് പോയ അദ്ദേഹം പെട്ടെന്ന് തിരിച്ചുവന്നിട്ട് ചോദിച്ചു.
‘വേറെ എന്ത് ചെയ്യുന്നു?’
‘ഞാന്‍ ഒരു സ്കൂളിന്റെ പ്രിന്‍സിപ്പളാണ്’.
ഇത്തവണ അദ്ദേഹം എന്റെ നേരെ കൈ നീട്ടി. ഹസ്തദാനം തന്നു. ഒരിക്കലും മറക്കാനാവാത്ത സന്ദര്‍ഭമായിരുന്നു അത്. കുട്ടികള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസുകളില്‍ ഞാന്‍ ഈ അനുഭവം പറയാറുണ്ട്.
ഞാന്‍ അഭിനയിക്കുന്നു എന്ന് അറിഞ്ഞപ്പോഴല്ല, മമ്മൂക്ക എനിക്ക് ഹസ്തദാനം തന്നത്. ഞാന്‍ ഒരു പ്രിന്‍സിപ്പാള്‍ ആണെന്ന് മനസ്സിലാക്കിയപ്പോഴാണ്. ലോകത്തിലെ ഏറ്റവും വലിയ ധനം വിദ്യ തന്നെയാണ്. വിദ്യാഭ്യാസത്തോടുള്ള ബഹുമാനമാണ് അന്ന് മമ്മൂക്ക എനിക്ക് നല്കിയ ഷേക്ക് ഹാന്‍ഡ്. സുധീര്‍ കരമന കാന്‍ ചാനലിനോട് പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം കാണാം:
-ഷെരുണ്
Recent Comments