വല്ലപ്പോഴുമൊക്കെയുള്ള ഫോണ്‍വിളികള്‍ ഞങ്ങള്‍ക്കിടെ പതിവായിരുന്നു. കുശലാന്വേഷണങ്ങളായിരുന്നു ഏറെയും. ആരോഗ്യത്തെക്കുറിച്ചും അന്വേഷിക്കും. അപൂര്‍വ്വം ചിലപ്പോള്‍ സിനിമകളിലേയ്ക്കും ആ സംസാരം നീണ്ടെന്നിരിക്കും.
ഇടയ്ക്കുവച്ച് ഫോണ്‍ തീരെ എടുക്കാതെയായി. അതോടെ ഫോണ്‍വിളിയും മുറിഞ്ഞു. അന്വേഷിച്ചപ്പോള്‍ തീരെ സുഖമില്ല എന്ന വിവരമാണ് അറിഞ്ഞത്.
അസുഖം മൂര്‍ച്ഛിച്ച് മൂന്നുദിവസം മുമ്പ് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തതെന്നറിഞ്ഞപ്പോഴും ആ ഫോണിലേയ്ക്ക് വിളിച്ചിരുന്നു. അപ്പോഴും ആരും എടുത്തിരുന്നില്ല…
കുറച്ചുമുമ്പ് നടന് വിനുമോഹനാണ് പൊന്നമ്മചേച്ചിയുടെ വിയോഗ വിവരം ഔദ്യോഗികമായി അറിയിക്കുന്നത്.
തീവ്രമായ ആത്മബന്ധമൊന്നും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല. പക്ഷേ എവിടെ കണ്ടാലും തിരിച്ചറിഞ്ഞിരുന്നു. ഒരു നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചിരുന്നു. ലൊക്കേഷനില്‍ ചെന്നാല്‍ അടുത്ത് പിടിച്ചിരുത്തും. ചിലപ്പോഴെങ്കിലും മോനേ എന്ന് അഭിസംബോധന ചെയ്യും. ഒരു അമ്മയുടെ സ്നേഹവാത്സല്യങ്ങള്‍ അനുഭവിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു.
ചേച്ചിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പെട്ടെന്ന് ഓര്‍മ്മ വരുന്ന സംഭവമുണ്ട്. ഹരിദ്വാറിലാണ് അത് സംഭവിച്ചത്. ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത വടക്കുന്നാഥന്റെ ലൊക്കേഷന്‍ കവറേജിന് ഹരിദ്വാറിലെത്തിയതായിരുന്നു ഞങ്ങളും. മോഹന്‍ലാലും ബിജുമേനോനുമടക്കം വലിയ താരനിര വേറെയുമുണ്ടായിരുന്നു.
ഹരിദ്വാറിലെ ഗംഗാതീരത്തായിരുന്നു അന്നത്തെ ഷൂട്ടിംഗ്. ഷൂട്ടിംഗ് തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ. പെട്ടെന്നൊരു നിലവിളി ഉയര്‍ന്നു. ചേച്ചി പൊട്ടിക്കരയുകയാണ്. മോഹന്‍ലാലും നിര്‍മ്മാതാവ് ഗോവിന്ദന്‍കുട്ടിയും ഷാജൂണ്‍ കാര്യാലുമെല്ലാം ഓടിയെത്തി. ലാല്‍ കാര്യം അന്വേഷിച്ചു. ‘രേണു പോയി ലാലു മോനെ.’ ചേച്ചി അപ്പോഴും കരയുകയായിരുന്നു.
രേണുക, ചേച്ചിയുടെ അനിയത്തിയണ്. അവരുടെ വിയോഗം ചേച്ചിക്ക് താങ്ങാവുന്നതിനുമപ്പുറമായിരുന്നു. ചേച്ചിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ അപ്പോഴേയ്ക്കും തുടങ്ങിയിരുന്നു. പക്ഷേ, അവര്‍ സ്നേഹപൂര്‍വ്വം അത് തടഞ്ഞു.
‘ഞാനിവിടുന്ന് പോയാലും അവിടെ എത്താന്‍ രണ്ട് ദിവസമെടുക്കും. തിരിച്ചു വരാന്‍ അതിലും വൈകും. അത് നിര്‍മ്മാതാവിന് നഷ്ടമുണ്ടാക്കും. അത് വേണ്ട, ഞാനിവിടിരുന്ന് രേണുവിനുവേണ്ടി പ്രാര്‍ത്ഥിക്കും. ഷൂട്ടിംഗ് നടക്കട്ടെ.’
പതിനാലാമത്തെ വയസ്സില്‍ തട്ടില്‍ കയറിയ കലാകാരിയാണ്. കലയുടെ ദൈവികത്വം അറിയുന്ന അമ്മ. അവര്‍ക്ക് മാത്രമേ ഇങ്ങനെയൊക്കെ പറയാനാകൂ.
പലപ്പോഴും ആലോചിച്ചിട്ടുണ്ട്, കലാജീവിതത്തില്‍ എത്രയോ ഭാഗ്യമുള്ള സ്ത്രീയാണ് അവരെന്ന്. അവരേക്കാള്‍ എത്രയോ പ്രായമുള്ള സത്യന്റെയും പ്രേംനസീറിന്റെയുമൊക്കെ അമ്മയായി അഭിനയിക്കാന്‍ അവര്‍ക്ക് ഭാഗ്യം സിദ്ധിച്ചു. പിന്നീടിങ്ങോട്ട് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വരെ അമ്മവേഷം കെട്ടി. മക്കളുടെ സ്നേഹം ആ കഥാപാത്രങ്ങളിലൂടെ അവര്‍ ആവോളം അനുഭവിച്ചിട്ടുണ്ട്. ഇടയ്ക്ക് അവര്‍ക്കുവേണ്ടി പൊട്ടിക്കരഞ്ഞിട്ടുണ്ട്. കലയ്ക്ക് മാത്രം കഴിയുന്ന ഒരു അദൃശ്യതയാണിത്. അതുമതി ആ അമ്മയെ ഇനി എത്രകാലം വേണമെങ്കിലും ഓര്‍ത്തിരിക്കാന്‍.
Recent Comments