ഹിന്ദി സംഗീത റിയാലിറ്റി ഷോ സൂപ്പര്‍ സ്റ്റാര്‍ സിംഗര്‍ 3 യില്‍ വിജയിയായി ഇടുക്കിയിലെ കൊച്ചു മിടുക്കന് ആവിര്‍ഭവ്. ഏഴു വയസ്സുകാരന് ആവിര്ഭവിനൊപ്പം മറ്റൊരു മത്സരാര്‍ത്ഥിയായ അഥര്‍വ ബക്ഷിയും ചേര്‍ന്നാണ് വിജയം പങ്കിട്ടത്. ഇരുവര്‍ക്കും സമ്മാനത്തുകയായ 10 ലക്ഷം രൂപ വീതം ലഭിക്കും.
‘ഇങ്ങനെയൊരു ഷോ വിജയിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. എന്റെ മാതാപിതാക്കളും ആഹ്ലാദത്തിലാണ്. അവരുടെ മുഖത്ത് അത് കാണാം. ഈ ഷോയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇനി ഞാന്‍ മിസ് ചെയ്യും. നേഹ മാമിനോടും അരുണിത ദീയോടും എന്നെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നു. അര്‍ജിത് സിംഗിനെപ്പോലെ ഒരു ഗായകനാകണമെന്നാണ് ആഗ്രഹം.’ -ആവിര്‍ഭവിന്റെ വാക്കുകള്‍.
ആലാപന മികവുകൊണ്ട് കേരളത്തിന് പുറത്തും ആരാധകരെയുണ്ടാക്കാന്‍ അഭിനവിന് കഴിഞ്ഞിട്ടുണ്ട്. രാജേഷ് ഖന്ന സ്പെഷ്യല്‍ എപ്പിസോഡില്‍ ‘കോരാ കാഗസ്, മേരാ സപ്നോ കി റാണി’ തുടങ്ങിയ ഗാനങ്ങള്‍ പാടിയാണ് ആവിര്‍ഭവ് വിധികര്‍ത്താക്കളുടെ ഹൃദയത്തില്‍ ഇടം നേടിയത്.
‘ഞാന്‍ ഇവനെ വീര്‍ ആവിര്‍ഭവ് എന്ന് വിളിക്കും. ഒരിക്കലും എവിടെയും പതറാത്ത മനോഭാവമാണ് അവന്റേത്. എനിക്ക് അഭിമാനം തോന്നുന്നു.’ വിധികര്‍ത്താക്കളില്‍ ഒരാളും ഗായികയുമായ നേഹ കക്കര്‍ ആവിര്‍ഭവിനെ ചേര്‍ത്തുനിര്‍ത്തി പറഞ്ഞു. രാജ്യത്തുടനീളം കഴിവു തെളിയിച്ച യുവഗായകരെ ഒരുമിച്ചു കൊണ്ടുവന്ന റിയാലിറ്റി ഷോയാണ് സൂപ്പര്‍സ്റ്റാര്‍ സിംഗര്‍ ത്രീ.
ഇടുക്കി സ്വദേശികളായ സജിമോന്റെയും സന്ധ്യയുടെയും ഇളയ മകനാണ് ആവിര്‍ഭവ്. എഴുവയസ്സുള്ള അവിര്‍ഭവിന് അനിര്വിഹിയ എന്ന സഹോദരിയുമുണ്ട്. അനിര്‍വിഹിയയും റിയാലിറ്റി ഷോ താരമാണ്. ഗായകരിലെ ഷാരുഖ് ഖാന് എന്നാണ് റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍ ആവിര്‍ഭവിനെ വിശേഷിപ്പിക്കുന്നത്. ‘ചിറ്റി ആയി ഹേ’ എന്ന ഗാനത്തിലൂടെയാണ് ‘ബാബുക്കുട്ടന്’ എന്ന് വിളിപ്പേരുള്ള ആവിര്‍ഭവ് ശ്രദ്ധിക്കപ്പെട്ടത്.
ഇവര്‍ ഒരുമിച്ച് പാടുന്ന നിരവധി വീഡിയോകള്‍ ഇവരുടെതന്നെ സോഷ്യല്‍മീഡിയ അക്കാണ്ടുകളിലും യൂട്യൂബ് ചാനലിലും കാണാന്‍ സാധിക്കും. ചേച്ചിയും അനിയനും ഒരുമിച്ചിരുന്ന് പാട്ട് പാഠിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Recent Comments