അഞ്ചാംവയസില്‍ പിഞ്ചിളം ചുണ്ടാല്‍ പാടിയ പാട്ടുകള്‍. പിന്നീടങ്ങോട്ട് മലയാളി മനസുകളെ പുളകം കൊള്ളിച്ച സംഗീത മാധുരി. മലയാളിയുടെ കാതുകളെ മാധുര്യമേറിയ ശബ്ദത്താല്‍ സംഗീതത്തിന്റെ ആവരണംകൊണ്ടു പൊതിഞ്ഞ മാന്ത്രിക. നാല് പതിറ്റാണ്ടിലേറെ വരുന്ന സംഗീത സപര്യകൊണ്ട് രാജ്യത്തെ നാനാഭാഷകള്‍ സംസാരിക്കുന്ന മനുഷ്യരെ ആസ്വാദനത്തിന്റെ കൊടുമുടിയിലെത്തിച്ച അനുഗ്രഹീത ഗായിക കെ എസ് ചിത്ര ഇന്ന് അറുപതാം പിറന്നാളിന്റെ നിറവിലാണ്.
അഞ്ചാം വയസില്‍ റെക്കോര്‍ഡിങ് മൈക്കിനു മുന്നില്‍
ആകാശവാണിയൊരുക്കിയ സംഗീത ശില്‍പ്പത്തിന് ശബ്ദം നല്കാന് അഞ്ചാം വയസിലാണ് ചിത്രയെന്ന കുരുന്നു ബാലിക റെക്കോര്‍ഡിങ് മൈക്കിനു മുന്നിലെത്തുന്നത്. അന്ന് എംജി രാധാകൃഷ്ണന്റെ ഒക്കത്തിരുന്നാണ് ചിത്ര എത്തിയത്. പിന്നീടങ്ങോട്ട് സംഭവിച്ചതെല്ലാം ചരിത്രം.
”എന്റെ പേര് കണ്ണനുണ്ണി,
എനിക്കു വയസ്സ് രണ്ടല്ലോ,
നിന്റെ കാലിലെ പാദസരം പോലെ
എനിക്കു ചിരിക്കാനറിയാം..”
എന്ന ഗാനമാണ് അഷ്മി രോഹിണിനാളിലെ സംഗീത ശില്പത്തിനായി കുഞ്ഞു ചിത്ര പാടിയത്.
1979-ല്‍ അരവിന്ദന്റെ കുമ്മാട്ടി എന്ന ചിത്രത്തില്‍ കോറസ് പാടിയാണ് ചിത്ര ചലചിത്ര ഗാനരംഗത്തേക്ക് ചുവടുവെക്കുന്നത്. ‘കുമ്മാട്ടീടെഴുന്നള്ളത്ത്’ എന്ന പാട്ടിനു വേണ്ടിയാണ് ചിത്ര കോറസ് പാടിയത്. അഞ്ചാം വയസില്‍ തുടങ്ങി അറുപതിലെത്തി നില്ക്കുമ്പോള് ഇന്ത്യന്‍ ഭാഷകളിലും വിദേശ ഭാഷകളിലും ചിത്രയുടേതായുള്ളത് മുപ്പതിനായിരത്തിലേറെ പാട്ടുകള്‍.
ദക്ഷിണേന്ത്യയില്‍ നൈറ്റിംഗേല്‍, ഉത്തരേന്ത്യയില്‍ പിയ ബസന്തി. കേരളത്തിന്റെ വാനമ്പാടി, തമിഴകത്ത് ചിന്നക്കുയില്‍, കര്‍ണ്ണാടകയില്‍ കന്നഡകോഗിലേ, തെലങ്കാനയില്‍ സംഗീത സരസ്വതി അങ്ങനെ ദേശാന്തരങ്ങളില്ലാതെ ചിത്രയെന്ന സംഗീത വിസ്മയത്തെ ആസ്വാദകര്‍ മനസില്‍ കുടിയിരുത്തി.
കൗമാരക്കാരിയായ ചിത്ര ആദ്യമായി പാടുന്ന ഗാനം കെ.എസ്. ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത ‘അട്ടഹാസം’ എന്ന ചിത്രത്തിലെ ‘ചെല്ലം ചെല്ലം’ എന്ന പാട്ടാണ്. പൂവച്ചല്‍ ഖാദര്‍ രചിച്ച് എംജി രാധാകൃഷ്ണന് സംഗീതം പകര്‍ന്നതാണീ ഗാനം. ഒന്‍പതാം ക്ലാസിലായിരുന്നു അന്ന് ചിത്ര. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലായിരുന്നു റെക്കോര്‍ഡിങ്. ചിത്ര ആദ്യമായി പാടിയ ഹിന്ദി ഗാനം കെ എസ് ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത ‘ഹസിന് വാദിയോം മേം’ എന്ന ചിത്രത്തിനു വേണ്ടിയാണ്. പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തെങ്കിലും ചിത്രം റിലീസിനെത്തിയില്ല.
ആദ്യം പാടിയത് ‘അട്ടഹാസ’ത്തിനു വേണ്ടിയാണെങ്കിലും അട്ടഹാസം പുറത്തിറങ്ങുന്നതിനു മുമ്പ് പി. ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത ‘ഞാന്‍ ഏകനാണ്’ എന്ന സിനിമയിലൂടെ ചിത്രയുടെ ശബ്ദം ആസ്വാദകരുടെ കാതുകളിലെത്തി. ചിത്രത്തിലെ ‘രജനി പറയൂ’, ‘പ്രണയവസന്തം തളിരണിയുമ്പോള്‍’ എന്നീ പാട്ടുകള്‍ ഹിറ്റായി. സത്യന് അന്തിക്കാട്-എം ജി രാധാകൃഷ്ന് കൂട്ടുകെട്ടിലാണ് ഈ പാട്ടുകള്‍ പിറന്നത്.
ചിത്രയുഗം
ഇന്ത്യയില്‍ ഏറ്റവും അധികം പുരസ്കാരങ്ങള്‍ തേടിയെത്തിയതും ചിത്രയെത്തന്നെ. തുടര്‍ച്ചയായി പതിനൊന്നു വര്‍ഷം സംസ്ഥാന ചലചിത്ര പുരസ്കാരം തേടിയെത്തി. തെന്നിന്ത്യയിലെ നാല് ഭാഷകളില്‍ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരങ്ങള്‍ ലഭിച്ച മഹാപ്രതിഭയാണ് ചിത്ര. ലതാ മങ്കേഷ്കറിനു ശേഷം ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ പാടി എന്ന നേട്ടവും ചിത്രക്കുണ്ട്. പുരസ്കാരങ്ങളും അംഗീകാരങ്ങളും തേടിയെത്തിയപ്പോഴും അമിതാഹ്ലാദങ്ങളില്ലാതെ അവയെല്ലാം ചെറു പുഞ്ചിരിയോടെ സ്വീകരിച്ചുവെന്നുള്ളത് ചിത്രയുടെ മാഹാത്മ്യം. ഇവയ്ക്കപ്പുറം ആസ്വാദക ഹൃദയങ്ങളില്‍ ചിത്രയ്ക്കു ലഭിച്ച സ്വീകാര്യതയാണ് പുരസ്കാരങ്ങളേക്കാള്‍ വിലമതിക്കുന്നത്.
കരമനക്കാരി
1963ജൂലൈ 27ന് തിരുവനന്തപുരം കരമനയിലെ സംഗീത കുടുംബത്തില്‍ കൃഷ്ണന് നായരുടെയും ശാന്തകുമാരിയുടെയും മൂന്നാമത്തെ മകളായി കെ എസ് ചിത്ര മഹാത്ഭുതം പിറന്നു. സഹോദരിയായ കെ എസ് ബീനയുടെ പാത പിന്തുടര്ന്നാണ് ചിത്ര സംഗീത വഴികളിലെത്തുന്നത്.
മാവേലിക്കര പ്രഭാകരവര്‍മ്മയുടെയും കെ ഓമനക്കുട്ടിയുടെയും കീഴില്‍ കര്‍ണാടക സംഗീതം അഭ്യസിച്ചു. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നിന്നും ബി എ മ്യൂസിക്കില്‍ മൂന്നാം റാങ്കോടെ ജയം. എന്നാല്‍ അന്നത്തെ മൂന്നാം റാങ്കുകാരി പിന്നീട് മാര്‍ക്കിടാന്‍ കഴിയാത്തത്ര ഉന്നതിയിലേക്ക് ഇന്ന് വളര്‍ന്നു നില്ക്കുന്നു.
എംഎ മ്യൂസിക് പരീക്ഷ മാറ്റിവെച്ച് ഇളയരാജ ഈണം നല്കിയ പാട്ടു പാടാന്‍ ചെന്നൈക്ക് വണ്ടികയറിയ ചരിത്രമുണ്ട് ചിത്രയ്ക്ക്. സംഗീതജ്ഞനായ അച്ഛന് കൃഷ്ണന് നായര്‍ക്കൊപ്പമാണ് ചിത്ര ചെന്നൈയിലെത്തിയത്. പാട്ടുപാടിയ ശേഷം പരീക്ഷയെഴുതാന്‍ പോകാനൊരുങ്ങിയ ചിത്രയോട് ഒരു പാട്ടൂകൂടി ആലപിച്ച ശേഷം മടങ്ങിയാല്‍ മതിയെന്ന് ഇളയരാജ നിര്‍ദ്ദേശിച്ചു. 1985ലെ ദേശീയ പുരസ്കാരം ലഭിച്ചത് പരീക്ഷ മാറ്റിവെച്ച് പാടിയ ‘സിന്ധുഭൈരവി’യിലെ ‘പാടറിയേന്‍ പടിപ്പറിയേന്‍’ എന്ന ഗാനത്തിനായിരുന്നു.
പാട്ടുകാരി അല്ലായിരുന്നെങ്കില്‍
പാട്ടുകാരി അല്ലായിരുന്നെങ്കില്‍ താനൊരു അധ്യാപിക ആകുമായിരുന്നുവെന്നാണ് ചിത്ര പറയുന്നത്. അധ്യാപനം ഏറെ ഇഷ്ടപ്പെടുന്നതിനാല് ആ വഴി താന്‍ തെരഞ്ഞെടുക്കുമായിരുന്നു. തന്റെ മാതാപിതാക്കളും തനിക്കൊപ്പം പഠിച്ചവരില്‍ പലരും ഇന്ന് അധ്യാപകരാണ്. സിനിമയില്‍ പാടണമെന്ന് ആഗ്രഹം ഉണ്ടായിരുന്നില്ലെന്നും ചിത്ര പറയുന്നു.
Recent Comments