കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രേക്ഷക പുരസ്കാരത്തിന് പത്തൊന്പത്തിന്റെ നിറവ് . 2002 ല്‍ മേളയുടെ സംഘാടനം ചലച്ചിത്ര അക്കാദമി ഏറ്റെടുത്തതുമുതലാണ് ഈ പുരസ്കാരവും ആരംഭിച്ചത്. പ്രേക്ഷകരെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന ചലച്ചിത്രക്കാഴ്ചകളും വോട്ടെടുപ്പുമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രോത്സവവും ഐഎഫ്എഫ്കെയാണ്.
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചുനടത്തിയ ആദ്യ സംഘാടനം വഴി തന്നെ ഫിലിം ഫെസ്റ്റിവലുകളുടെ അന്താരാഷ്ട്ര അക്രഡിറ്റേഷന് ഏജന്‍സിയായ ഫിയാഫിന്റെ (എഫ്.ഐ.എ.പി.എഫ്) കോംപറ്റിറ്റീവ് (സ്പെഷ്യലൈസ്ഡ്) അക്രഡിറ്റേഷന്, അക്കാദമി നേടിയെടുത്തു. ഇതോടെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ കലണ്ടറില്‍ ഐ.എഫ്.എഫ്.കെ പ്രതിഷ്ഠിക്കപ്പെട്ടു.
ടി.വി. ചന്ദ്രന് സംവിധാനം ചെയ്ത ഡാനിയായിരുന്നു പ്രേക്ഷക പുരസ്കാരം നേടിയ ആദ്യചിത്രം. 2005ല്‍ പ്രേക്ഷകര്‍ അവാര്‍ഡിനായി തിരഞ്ഞെടുത്ത കെകെക്സിലി: മൗണ്ടന്‍ പട്രോള്‍ മികച്ച സംവിധാനത്തിനുള്ള രജത ചകോരവും നേടി. പ്രേക്ഷക സമീപനങ്ങളോടുള്ള ആദരസൂചകമായാണ് ഇന്ത്യയില്‍ തന്നെ ആദ്യമായി ഡെലിഗേറ്റുകള്‍ക്ക് സൗജന്യ യാത്ര ഒരുക്കാന്‍ ഫെസ്റ്റിവല്‍ ഓട്ടോയും ഇത്തവണ കെഎസ്ആര്‍ടിസി സര്‍ക്കുലര്‍ സര്‍വ്വീസും ഒരുക്കിയത്.
ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കുമായി പ്രത്യേകസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയും ഇരുപത്തിയാറാം വര്‍ഷത്തിലും മേള കൂടുതല്‍ ജനകീയമാകുകയാണ്.
Recent Comments