തമിഴ് സിനിമയില്‍ ഒരുകാലത്ത് പാവലര്‍ സഹോദരന്മാര് എന്നറിയപ്പെട്ടിരുന്നവരായിരുന്നു വരദരാജന്, ഇളയരാജ, ഗംഗൈ അമരന്. ഈ കുടുംബത്തില്‍നിന്ന് ആദ്യം സംഗീതലോകത്ത് എത്തിയത് വരദരാജനായിരുന്നെങ്കിലും പ്രസിദ്ധിയുടെ കൊടുമുടികള്‍ കീഴടക്കിയത് ഇളയരാജയായിരുന്നു.
ഇളയരാജ സംഗീതത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ഗംഗൈ അമരനാകട്ടെ സിനിമക്ക് വേണ്ടി കഥയും സംഗീതവും ഗാനവുമൊരുക്കി സംവിധാനവും ചെയ്തു.
അതില്‍ മിക്കതും ഹിറ്റുമായി. പക്ഷേ അതിന്റെ പിന്നില്‍ ഇളയരാജയെന്ന ഇസൈജ്ഞാനിയുടെ മാന്ത്രിക സ്പര്‍ശം കൂടിയുണ്ടായിരുന്നു. അക്കാലത്ത് എവിടെ വെച്ചായാലും രണ്ടുപേരെയും ഒരുമിച്ചല്ലാതെ കാണാന്‍ കഴിയുമായിരുന്നില്ല. എന്തിനേറെ പറയുന്നു ഇളയരാജയ്ക്ക് വേണ്ടി ബിസിനസ് സംസാരിക്കുന്നതുപോലും ഗംഗൈ അമരനായിരുന്നു.
പക്ഷേ ആരോ കണ്ണു വെച്ചത് പോലെ എല്ലാം ഞൊടിയിടയില്‍ അവസാനിച്ചു. സഹോദരങ്ങള്‍ പരസ്പരം കണ്ടാല്‍ പോലും മിണ്ടാത്ത അവസ്ഥയായി. ഇവരെ വീണ്ടും ഒന്നിപ്പിക്കാന്‍ ഏറെ ശ്രമിച്ചത് മണ്മറഞ്ഞ ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യം ആയിരുന്നു. കാരണം അദ്ദേഹം രണ്ടുപേരുടെയും ആത്മമിത്രമായിരുന്നു.
ഇപ്പോഴിതാ എസ്.പി.ബി. ഓര്‍മ്മയായി ഒരു വര്‍ഷം കഴിയുമ്പോള്‍ ആ സഹോദരങ്ങള്‍ വീണ്ടും ഒന്നിച്ചിരിക്കുകയാണ്. അവരെ സ്നേഹിക്കുന്ന ആരാധകരെ ഏറെ സന്തോഷിപ്പിച്ചിരിക്കുകയാണ് ഈ കൂടിച്ചേരല്‍.
ഇളയരാജയും താനുമായുള്ള ചിത്രം ട്വീറ്റ് ചെയ്ത ഗംഗൈ അമരന് കുറിച്ചതിങ്ങനെ ‘ഇന്ന് നടന്ന കൂടിക്കാഴ്ച… ഈശ്വരന് നന്ദി.. ബന്ധങ്ങള്‍ തുടര്‍കഥയാണ്.’ ഗംഗൈ അമരനൊപ്പം മക്കളായ പ്രേംജിയും വെങ്കട് പ്രഭുവും തങ്ങളുടെ സന്തോഷം ട്വീറ്ററിലൂടെ പങ്ക് വച്ചു.
14 വര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ ഒരുമിക്കുമ്പോള്‍ തമിഴകത്ത് പുതിയ മാറ്റങ്ങള്‍ ഉണ്ടാവും എന്നൊന്നും നമുക്ക് കരുതാന്‍ വയ്യ. പക്ഷേ ഒരുമിച്ചിരുന്ന ആ സുവര്‍ണ്ണകാലം മറക്കാത്ത തമിഴ് ജനത ഇനിയും അത്ഭുതങ്ങള്‍ക്കായി കാതോര്ക്കുന്നുണ്ടാവാം.
Recent Comments