മൂന്നാം ദിനം ഉമാ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി. ഉമാ തോമസ് കണ്ണ് തുറന്നു, കൈകാലുകൾ ചലിപ്പിച്ചു. മക്കൾ രണ്ടുപേരും ഉമാ തോമസിനെ കണ്ടു. എംഎൽഎയുടെ ആരോഗ്യനില സംബന്ധിച്ച പുതിയ മെഡിക്കൽ ബുള്ളറ്റിൻ രാവിലെ 10 മണിയോടെ പുറത്തുവരും. ഉമാ തോമസിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റാൻ കഴിയുമോയെന്ന് മെഡിക്കൽ സംഘം നിരീക്ഷിച്ച് വരികയാണ്.
ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിൻ പ്രകാരം ഇന്നെടുത്ത x ray യിൽ നേരിയ പുരോഗതി വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ബ്രോങ്കോ സ്കോപ്പ് ചെയ്യേണ്ട ആവശ്യം ഇല്ലെന്ന് കൊച്ചി റിനൈ മെഡിസിറ്റി മെഡിക്കൽ ഡയറക്ടർ ഡോക്ടർ കൃഷ്ണനുണ്ണി വ്യക്തമാക്കി. മരുന്നുകളോടും ചികിത്സകളോടും പ്രതികരിക്കുന്നുണ്ട്. വാരിയെല്ലുകളുടെ ഒടിവുകളും അവമൂലം ശ്വാസകോശത്തിനുണ്ടായ ക്ഷതവും ചതവും കുറച്ചുനാളുകൾ നീണ്ടു നിൽക്കുന്ന ചികിത്സയിലൂടെ മാത്രമേ ഭേദപ്പെടുകയുള്ളൂ. വീഴ്ചയുടെ ആഘാതത്തിൽ കുറച്ചധികം രക്തം ശ്വാസകോശത്തിൽ പോയിട്ടുണ്ട് അത് ആന്റീബയോട്ടിക്കുകളുടെ സഹായത്തോടെ മാറ്റാൻ സാധിക്കുമെന്ന് ഡോക്ടർ കൃഷ്ണനുണ്ണി പറഞ്ഞു.
എംഎൽഎ ഇപ്പോഴും വെന്റിലേറ്ററിൽ തന്നെയാണ് കഴിയുന്നത്. ഗുരുതരാവസ്ഥയിൽ നിന്ന് പൂർണമായും തരണം ചെയ്തുവെന്ന് ഇപ്പോൾ പറയാൻ കഴിയില്ല വെന്റിലേറ്ററിൽ നിന്ന് മാറ്റി 24 മണിക്കൂറിന് ശേഷം മാത്രമേ അക്കാര്യത്തിൽ ഒരു വ്യക്തത ഉണ്ടാകുകയുള്ളൂ
കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ പ്രത്യേകം ക്രമീകരിച്ച പതിനാല് അടിയോളം ഉയരമുള്ള സ്റ്റേജിൽ നിന്ന് കാൽവഴുതി വീണാണ് ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരുക്കേറ്റത്. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യയിൽ പങ്കെടുക്കാനാണ് ഉമാ തോമസ് സ്റ്റേഡിയത്തിൽ എത്തിയത്. 11600-ത്തോളം ഭരത്യനാട്യ കലാകാരെ അണിനിരത്തി ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയാണ് മൃദംഗനാദം. നടി ദിവ്യ ഉണ്ണി, ദേവി ചന്ദന, ഉത്തരാ ഉണ്ണി, വിദ്യ ഉണ്ണി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നൃത്തം അരങ്ങേറിയത്.
പരിപാടിയുടെ സമാപന ദിവസമായിരുന്നു ഞായറാഴ്ച ദിനം. സമാപനദിവസം ആശംസകൾ അർപ്പിക്കുവാൻ സംഘാടകർ എംഎൽഎയെ ക്ഷണിച്ചിരുന്നു. ഇതിനുവേണ്ടിയാണ് എംഎൽഎ സ്റ്റേഡിയത്തിൽ എത്തിയത്. പരിപാടി ആരംഭിക്കാനിരിക്കെ സ്റ്റേഡിയത്തിലെത്തിയ എംഎൽഎ പ്രത്യേകം സജ്ജമാക്കിയ സ്റ്റേജിലേക്ക് കയറി ആദ്യം മുൻ നിരയിലെ കസേരയിൽ ഇരുന്നു. ഇതിനിടെ സാംസ്കാരിക മന്ത്രി സജി ചെറിയാനെ അഭിവാദ്യം ചെയ്യാൻ എഴുന്നേൽക്കുമ്പോൾ, കാൽ വഴുതിയതിനെ തുടർന്ന് സ്റ്റേജിന് മുന്നിൽ ബാരിക്കേഡിന് പകരം കെട്ടിയിട്ടുള്ള നീല റിബണ്ണിൽ പിടിക്കാൻ ശ്രമിക്കുകയും, റിബണടക്കം 15 അടി താഴ്ചയിലേക്ക് വീഴുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബാരിക്കേഡിന് പകരം സ്ഥാപിച്ച താത്കാലിക നീല നാട ബലമുള്ളതായിരുന്നില്ലെന്നാണ് ആക്ഷേപം.
അതിനിടെ, കലൂർ സ്റ്റേഡിയത്തിലെ പരിപാടി നടത്തിപ്പിൽ വൻ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് സംയുക്ത പരിശോധന റിപ്പോർട്ട്. പൊലീസും ഫയർഫോഴ്സും പൊതുമരാമത്ത് വിഭാഗങ്ങളും ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സ്റ്റേജിൽ അധികമായി നിർമ്മിച്ച ഭാഗത്തിനു വേണ്ടത്ര ഉറപ്പ് ഉണ്ടായിരുന്നില്ല. വിഐപി സ്റ്റേജിനടുത്ത് ആംബുലൻസ് ഇല്ലാതിരുന്നത് അടിയന്തര വൈദ്യ സഹായം വൈകിപ്പിച്ചു. പരിശീലനം ലഭിക്കാത്തവരാണ് ഉമ തോമസിനെ ആംബുലൻസിലേക്ക് മാറ്റിയതെന്നും റിപ്പോർട്ടിലുണ്ട്.
Recent Comments