കരിയറിന്റെ തുടക്കകാലം മുതലിങ്ങോട്ട് ഏറെ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടനാണ് രജനികാന്ത്. 16 വയതിനിലേ, മൂന്ട്രു മുടിച്ച്, അവര്‍കള്‍ ഏറ്റവുമൊടുവില്‍ ഷങ്കര്‍ സംവിധാനം ചെയ്ത എന്തിരന് വരെ നീളുന്നതാണ് രജിനിയുടെ പ്രതിനായക വേഷങ്ങള്‍. ഇപ്പോഴിതാ തന്റെ സിനിമാജീവിതത്തില്‍ തന്നെ ത്രസിപ്പിച്ച രണ്ട് വില്ലന്മാരെക്കുറിച്ച് തുറന്ന് പറയുകയാണ് രജനികാന്ത്.
രജനികാന്തിന്റെ കരിയറില്‍ നാഴികക്കലായി മാറിയ സിനിമയായിരുന്നു സുരേഷ്കൃഷ്ണ സംവിധാനം ചെയ്ത ബാഷ. അതില്‍ രജനി അവതരിപ്പിച്ച നായക കഥാപാത്രമാണ് മാണിക് ബാഷ. പ്രതിനായക കഥാപാത്രമായ മാര്‍ക്ക് ആന്റണിയെ അവതരിപ്പിച്ചതാകട്ടെ രഘുവരനും. ചിത്രത്തില്‍ രജനിക്ക് കിട്ടിയ അത്രത്തോളം പ്രേക്ഷകപ്രീതി രഘുവരനും പങ്കിട്ടെടുത്തിരുന്നു. വളരെ ക്രൂരനായ കഥാപാത്രമായിരുന്നിട്ടുപോലും പ്രേക്ഷകരുടെ കയ്യടി നേടാന്‍ ബാഷയിലെ മാര്‍ക്ക് ആന്റണിക്ക് കഴിഞ്ഞു.
‘ബാഷ പുറത്തിറങ്ങി 27 വര്‍ഷങ്ങള്‍ക്ക് ശേഷവും ആ വില്ലന്‍ കഥാപാത്രത്തെ എനിക്ക് ഒരിക്കലും മറക്കാനാവില്ല. അതുകൊണ്ടുതന്നെ മാര്‍ക്ക് ആന്റണിയെ അവതരിപ്പിച്ച രഘുവരനെയും ഞാന്‍ അത്രത്തോളം ഇഷ്ടപ്പെടുന്നു.’ രജനി തുടര്‍ന്നു.
‘അടുത്തതായി എനിക്കിഷ്ടപ്പെട്ടത് ഒരു വില്ലത്തിയെയാണ്. നീലാംബരിയാണ് ആ വില്ലത്തി. കെ.എസ്. രവികുമാര്‍ സംവിധാനം ചെയ്ത പടയപ്പ എന്ന ചിത്രത്തില്‍ നീലാംബരിയെ അവതരിപ്പിച്ചത് രമ്യാകൃഷ്ണമായിരുന്നു. നായകനുമുന്നില്‍ ഒട്ടും അടിപതറാത്ത പ്രതിനായിക. ആ നിലയ്ക്ക് നീലാംബരിയും എനിക്ക് പ്രിയപ്പെട്ടതാണ്.’ രജനി പറഞ്ഞു.
നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ എന്ന ചിത്രത്തില്‍ രജനിയോടൊപ്പം അഭിനയിക്കാനൊരുങ്ങുകയാണ് രമ്യാകൃഷ്ണന്‍. നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കൂട്ടുകെട്ട് ഒരുമിക്കുന്നത്. 2002 ല്‍ പുറത്തിറങ്ങിയ ബാബയിലാണ് ഇവര്‍ ഒരുമിച്ചഭിനയിച്ചത്. അതില്‍ നായിക മനീഷാകൊയ്രാള ആയിരുന്നു. നീലാംബരി എന്ന അതിഥി വേഷത്തിലായിരുന്നു രമ്യാകൃഷ്ണന്‍ അഭിനയിച്ചത്.
Recent Comments