നടിയെ ആക്രമിച്ച കേസിൽ, അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന ആവശ്യവുമായി അതിജീവിത. അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കമെന്നും തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നും ആവശ്യപ്പെട്ട് അതിജീവിത വിചാരണ കോടതിയിൽ ഹർജി സമർപ്പിച്ചു.
എറണാകുളം സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടപടികൾ നടക്കുന്നത്. അന്തിമവാദം ആരംഭിച്ചതിനു പിന്നാലെയാണ് നിർണായക നീക്കവുമായി അതിജീവിത കോടതിയെ സമീപിച്ചിരിക്കുന്നത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് അതിജീവിത അടുത്തിടെ രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. തന്നെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചട്ട വിരുദ്ധമായി തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടായില്ല. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിക്കും സുപ്രീം കോടതിക്കും കത്ത് നൽകിയിരുന്നു. എന്നാൽ, യാതൊരു നടപടിയും ഉണ്ടായില്ലെന്ന് അതിജീവിത രാഷ്ട്രപതിക്ക് അയച്ച കത്തിൽ പറയുന്നു.
കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ മൂന്ന് തവണ മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞിരുന്നു. മെമ്മറി കാര്‍ഡ് പരിശോധിച്ച ആളുകളെ കണ്ടെത്തേണ്ടതും നടപടിയെടുക്കേണ്ടതും കോടതികളാണ്. എന്നാൽ, ജുഡീഷ്യറിയുടെ ഭാഗത്തുനിന്നും അത്തരമൊരു നടപടി ഉണ്ടായില്ല. മെമ്മറി കാര്‍ഡ് പുറത്തുപോയാല്‍ അത് തുടര്‍ന്നുള്ള തന്റെ ജീവിതത്തെ തന്നെ ബാധിക്കുമെന്നും ഇക്കാര്യത്തിൽ രാഷ്ട്രപതി ഇടപെടണമെന്നും അന്വേഷണത്തിന് നിർദേശിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും അതിജീവിത കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Recent Comments