വർഷം അവസാനിക്കുന്നതിനു മുമ്പ് 2024 ഡിസംബറിലെ അവസാന 10 ദിവസം കേരളം കുടിച്ചത് 713 കോടി രൂപയുടെ മദ്യമെന്ന് കണക്കുകൾ. ഈ വർഷത്തെ അവസാന 10 ദിവസങ്ങളിൽ( ഡിസംബർ 31 വരെയുള്ള 10 ദിവസം) 712.96 കോടി രൂപയുടെ മദ്യമാണ് ബിവറേജസ് കോർപ്പറേഷൻ വഴി വിറ്റത്. ഇതിൽ പുതുവർഷത്തലേന്ന് 108 കോടി രൂപയുടെ മദ്യവും ക്രിസ്മസ് തലേന്ന് 97.42 കോടി രൂപയുടെ മദ്യവും വിറ്റു.
കഴിഞ്ഞ പുതുവർഷത്തെ മദ്യ വില്പനയേക്കാൾ 12.86 ശതമാനം അധികം മദ്യമാണ് ഡിസംബർ 31ന് പുതുവർഷത്തലേന്ന് കേരളത്തിൽ വിറ്റത്.2023 ഡിസംബർ 31ന് 95.69 കോടി രൂപയുടെ മദ്യ വില്പനയാണ് നടന്നത്. കഴിഞ്ഞ ക്രിസ്മസ് തലേന്ന് വിറ്റതിനേക്കാൾ 37.23 ശതമാനം മദ്യമാണ് ഈ വർഷം അതേ ദിവസം വിറ്റത്.
ബിവറേജസ് കോർപ്പറേഷന്റെ വെയർഹൗസുകളിൽ നടന്ന വിൽപനയുടെ കണക്കുൾപ്പെടെയാണ് 108 കോടി രൂപയുടെ മദ്യം പുതുവർഷത്തലേന്ന് വിറ്റത്. ഔട്ട്ലെറ്റുകളിൽ മാത്രം 96.42 കോടി രൂപയുടെ മദ്യമാണ് ഇത്തവണ പുതുവർഷത്തലേന്ന് വിറ്റത്. പാലാരിവട്ടം രവിപുരം ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം പുതുവർഷ തലേന്ന് വിറ്റത് .92.31 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. തിരുവനന്തപുരം പവർഹൗസ് റോഡ്( 86.65 ലക്ഷം), ഇടപ്പള്ളി കടവന്ത്ര (79.98 ലക്ഷം) കൊല്ലം കാവനാട് ആശ്രമം( 79.20 ലക്ഷം ) ,ചാലക്കുടി (75.11 ലക്ഷം )എന്നീ ഔട്ട്ലെറ്റുകൾ വിൽപ്പനയിൽ തൊട്ടുപിന്നിലുണ്ട്.
Recent Comments